തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ കൂടുതല്‍ ലാഭം നേടാം എന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ കുറ്റുമുക്ക് സ്വദേശിയില്‍ നിന്നും 31,97,500 രൂപ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍.
കോഴിക്കോട് കൊടിയത്തൂര്‍ നെല്ലിക്കപറമ്ബ് സ്വദേശിയായ യാസിര്‍ റഹ്മാന്‍ (28), മലപ്പുറം വെറ്റിലപ്പാറ സ്വദേശിയായ നാഫിഹ് പി (20) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്.
എസ്‌എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞെത്തിയ പ്രതികള്‍ വാട്സ് ആപ്പിലൂടെ പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിലൂടെ ഇരട്ടി ലാഭം നേടാം എന്നും വിശ്വസിപ്പിക്കുന്ന മെസേജുകള്‍ അയയ്ക്കുകയായിരുന്നു. ഇതില്‍ ട്രേഡിംഗിനെ പറ്റിയും ലാഭത്തെ പറ്റിയും കൂടുതല്‍ അറിയുന്നതിനായി എഫ് 06- എസ്‌എംസി സ്റ്റോക്ക് ബൂസ്റ്റ് ഗ്രൂപ്പ് (F06 – SMC Stock Boost Group) എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും ചെയ്തു. ഗ്രൂപ്പില്‍ അംഗങ്ങളുടെ ലാഭത്തെ കുറിച്ചും ട്രേഡിംഗിനെ കുറിച്ചുമുള്ള വിവരങ്ങള്‍ കണ്ട് വിശ്വസിച്ച പരാതിക്കാരന്‍, കഴിഞ്ഞ ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ 11 ഘട്ടങ്ങളിലായി 31,97,500 രൂപ ട്രേഡിംഗിലേക്ക് നിക്ഷേപിക്കുകയായിരുന്നു. പ്രതികള്‍ പരാതിക്കാരന്റെ വിശ്വാസം നേടിയെടുക്കുന്നതിനായി കമ്ബനി ലാഭ വിഹിതമെന്ന് പറഞ്ഞ് 21,000 രൂപ തിരികെ കൊടുക്കുകയും ചെയ്തു.
ലാഭവിഹിതവും അയച്ച തുകയും തിരികെ ലഭിക്കാതായപ്പോഴാണ് പരാതിക്കാരന്‍ തട്ടിപ്പ് മനസിലാക്കിയത്. തുടര്‍ന്ന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു.
അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വി എസ് സുനില്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ ജയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം എസ്. ഷിനിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍ കൃഷ്ണ, ചന്ദ്രപ്രകാശ് എന്നിവരാണ് ഉണ്ടായിരുന്നത്. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുക. അല്ലെങ്കില്‍ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ 1930 ഡയല്‍ ചെയ്യണമെന്നും പോലീസ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group