പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കമാസം :പതിനൊന്നാം ദിവസം

പ്രിയമുള്ളവരേ,ദൈവത്തിന്റെ വചനം അഗ്നിപോലെയും പാറയെ തകര്‍ക്കുന്ന കൂടംപൊലെയുമാണെന്ന് ജെറമിയ പ്രവാചകനിലൂടെ ദൈവം നമ്മോട് പറയുന്നു…ഇന്ന് ധാരാളമാളുകള്‍ ഭയചകിതരും പ്രത്യാശ നശിച്ചവരുമാണ്…..
കുടുംബബന്ധങ്ങള്‍ ഏറെയും ദുര്‍ബലപ്പെടുന്നു….
പലവിധ ക്ലേശങ്ങള്‍ക്കിടയിലും നാം പ്രത്യാശ നിറഞ്ഞവരായി നിലകൊള്ളണം….
ദൈവവചനം യഥാര്‍ത്ഥത്തില്‍ കണ്ടുമുട്ടുകയും അതിന്റെ ശക്തിയും മാധുര്യവും അനുഭവിച്ചറിയുകയും ചെയ്ത ഒരുവന് ദൈവവചനത്തിലല്ലാതെ മറ്റൊന്നിലും സന്തോഷവും സംതൃപ്തിയും ആശ്വാസവും കണ്ടെത്താനാവുകയില്ല….
തിരുവചനങ്ങളിലൂടെയാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്റെ മക്കളെ അതീവ സ്‌നേഹത്തോടെ ഉറ്റുനോക്കുന്നതും അവരുമായി സംഭാഷണം ചെയ്യുന്നതുമെന്ന ബോധ്യം എന്നുമുണ്ടായിരിക്കട്ടെ…ജീവിതത്തിലെ ശരിതെറ്റുകള്‍ നമുക്കു വെളിപ്പെടുത്തിത്തരുന്നതും നന്മയുടെ പാതയിലേക്ക് നമ്മെ നയിക്കുന്നതും ദൈവവചനമാണ്….. അത് കേവലം പഠിക്കാനുള്ള ഗ്രന്ഥമല്ല….
ജീവിക്കാനൊരു പ്രമാണമാണ്…. ശക്തിയുടെ സ്രോതസ്സായ വചനം ഭക്തിയോടെ വായിക്കുകയും ധ്യാനിക്കുകയും അതില്‍ ജീവിക്കുകയും വേണം…..
നമുക്ക് വചനത്തിലേക്ക് തിരിയാം…..
അന്ധകാരത്തില്‍ തിരിനാളമായി നമ്മുടെ കാലുകള്‍ ഇടറാതെ, പാദങ്ങള്‍ക്ക് വിളക്കും ജീവിതവഴിത്താരയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രകാശവുമായി ദൈവവചനം അനുദിനജീവിതത്തെ നയിക്കട്ടെ….നമുക്ക് പ്രാർത്ഥിക്കാം…മരിയാംബികയേ…!
അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു….
നിന്റെ വചനം പൊലേ എന്നില്‍ ഭവിക്കട്ടേ എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യലോകത്തെ സൃഷ്ടിച്ചു….
നാഥേ, ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ….
ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്പര്യമില്ലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്….
അതിനെക്കുറിച്ച് ഞങ്ങള്‍ മനസ്തപിക്കുന്നു….
ഞങ്ങളുടെ ഭാവിജീവിതം അങ്ങേ ദിവ്യകുമാരന്റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായി നയിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു….
ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ… ആമേൻ…. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. സുകൃതതജപം: ബോധജ്ഞാനത്തിന്റെ സിംഹാസനമേ, ഞങ്ങളുടെ ബുദ്ധിക്കു പ്രകാശം നല്‍കണമേ….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group