വണക്കമാസത്തിലേക്ക്….

പരിശുദ്ധ ദൈവമാതാവിനോടുള്ള ആദരവോടെ, നന്മനിറഞ്ഞ
അമ്മയിലുള്ള വിശ്വാസത്തോടെ,
നന്ദി നിറഞ്ഞ ഹൃദയത്തോടെ,
ക്രൈസ്തവർ നാളെ മെയ്മാസ വണക്കത്തിലേക്ക് പ്രവേശിക്കുകയാണ്…. ഏവർക്കും പ്രാർത്ഥനാ മംഗളങ്ങൾ… ”പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന്, അവർക്ക് വിധേയനായി ജീവിച്ചു.അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു.” (ലൂക്കാ 2:51) നമ്മുടെ വ്യക്തിജീവിതത്തിലും പ്രാർത്ഥനാജീവിതത്തിലും പരിശുദ്ധ ദൈവമാതാവിന് അർഹതപ്പെട്ട സ്ഥാനം നൽകാൻ പലപ്പോഴും കഴിയാതെ പോകുന്നുണ്ട്….
പാലസ്തീനായിലെ ഒരു സാധാരണ കർഷകകുടുംബത്തിലെ അംഗമായ മറിയത്തിനു സ്വപ്നം കാണുവാൻപോലും സാധിക്കാത്ത കൃപകളാണ് ദൈവമാതാവാകുവാനുള്ള തിരഞ്ഞെടുപ്പുവഴി ലഭിച്ചത്….
ഒന്നും തന്റെ മേന്മയല്ലെന്നും, എല്ലാം ദൈവത്തിന്റെ ദാനമാണെന്നും വ്യക്തമായി തിരിച്ചറിഞ്ഞ കന്യാമറിയം, മാലാഖയിലൂടെ ലഭിച്ച മംഗളവാർത്ത മറ്റാരോടും വെളിപ്പെടുത്തുന്നില്ല….
പിന്നീട്, പരിശുദ്ധാത്മപ്രചോദനത്താൽ എലിസബത്തും, സ്വപ്നത്തിലൂടെ ജോസഫും, മലാഖാമാരുടെ കീർത്തനങ്ങളിലൂടെ ആട്ടിടയരും, വിശ്വാസത്തിന്റെ കണ്ണിലൂടെ ശിമയോനും അന്നയും, സുവിശേഷത്തിലൂടെ ലോകം മുഴുവനും ആ വാർത്ത അറിഞ്ഞു….. ദൈവം എല്ലാം അറിയുന്നു എന്ന വലിയ അറിവിൽ ആ അമ്മ സംതൃപ്തയായിരുന്നു….
തന്റെ മാറിടത്തിന്റെ ചൂടുപറ്റി, തന്റെ കൈകളിൽ കിടന്നുറങ്ങുന്ന കുഞ്ഞ്, തന്റെയും സർവ്വപ്രപഞ്ചത്തിന്റെയും സ്രഷ്ടാവാണ് തന്റെ ഉദരത്തിൽ രൂപം കൊണ്ടതെന്ന മഹാരഹസ്യത്തെക്കുറിച്ച് ധ്യാനിച്ചും പരിചിന്തനം ചെയ്തും തന്റെ ജീവിതത്തെ ദൈവഹിതത്തിനു അനുരൂപമാക്കുകയുമായിരുന്നു തന്റെ മൗനത്തിലൂടെ ആ അമ്മ ചെയ്തത്….. എളിമനിറഞ്ഞ ഹൃദയത്തോടെ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ തനിക്കുള്ള പങ്കെന്തെന്നു ഒരു ജീവിതകാലം മുഴുവൻ പ്രാർത്ഥനാപൂർവ്വം ധ്യാനിച്ച കന്യാമറിയം, ദൈവത്തെ അറിയുവാനുള്ള മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹത്തിനുള്ള ഉത്തരമാണ്….. എല്ലാക്കാര്യങ്ങളും ധ്യാനിച്ചു ഹൃദയത്തിൽ സംഗ്രഹിക്കുമ്പോഴാണ്‌ നമ്മെ ഓരോരുത്തരെയും രൂപപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ അനന്തമായ സ്നേഹത്തെക്കുറിച്ചും, അവിടുന്നു നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന എണ്ണമില്ലാത്ത കൃപകളെക്കുറിച്ചും, നമ്മിലോരോരുത്തരിലും ഒളിഞ്ഞുകിടക്കുന്ന അമൂല്യമായ നിധികളെക്കുറിച്ചുമൊക്കെ നമ്മൾ ബോധാവാന്മാരാകുന്നത്…. യേശു വളർന്നുവന്നതിനോടൊപ്പം അമ്മയുടെ വിശ്വാസവും വളരുകയായിരുന്നു…. വിശ്വാസത്തിലൂടെ പുതിയ തിരിച്ചറിവുകൾ ആ അമ്മയ്ക്ക് ലഭിക്കുകയായിരുന്നു. ഈ തിരിച്ചറിവുകളാണ് മാതാവിന് തന്റെ ജീവിതത്തിലുടനീളം അനുഭവിക്കേണ്ടിവന്ന സഹനങ്ങളിൽ ആനന്ദം കണ്ടെത്തുവാനും, നിന്ദാപമാനങ്ങളിൽ മഹത്വം ദർശിക്കാനും സഹായകമായത്…. ജീവിതത്തിൽ വേദനകളും തിരിച്ചടികളും ഉണ്ടാകുമ്പോൾ, പരിശുദ്ധ അമ്മയെപ്പോലെ, നമ്മൾ പിന്നിട്ട ജീവിതപാതകളിൽ നമ്മെ കൈപിടിച്ചു നടത്തിയ ദൈവത്തെ കണ്ടെത്തുവാൻ നമുക്കാവണം…. തന്നിൽ വസിക്കുന്ന, തന്നോടൊപ്പം വസിക്കുന്ന ദൈവം മാത്രമാണ് തന്റെ മേന്മയെന്നു തിരിച്ചറിഞ്ഞ്, അതിൽകൂടുതൽ മേന്മ ഒരിക്കലും ഭാവിക്കാതിരുന്ന പരിശുദ്ധ അമ്മയുടെ എളിമയും ധ്യാനാത്മക ജീവിതവും നൽകി നാം ഓരോരുത്തരേയും അനുഗ്രഹിക്കണമേയെന്നു പരിശുദ്ധ അമ്മയോട് നമുക്ക് പ്രാർത്ഥിക്കാം…. അമ്മേ മാതാവേ, വണക്കമാസത്തിന്റെ നാളുകളിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ,കൊറോണയെന്ന മഹാമാരിയിൽ ലോകം മുഴുവൻ ദുഃഖാർദ്രമാണെന്ന് അവിടുന്ന് അറിയുന്നല്ലോ…. ഈ മഹാമാരിയിൽ നിന്ന് ഞങ്ങൾ ഓരോരുത്തരേയും സംരക്ഷിക്കുവാനും
പരിശുദ്ധ ജപമാലയിലൂടെ എല്ലാ ദിവസവും ദൈവത്തിന്റെ രക്ഷാകര രഹസ്യത്തെക്കുറിച്ച് ധ്യാനിക്കുവാനും, അതുവഴി അമ്മയുടെ കൈപിടിച്ച് സ്വർഗ്ഗത്തിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കുവാനുമുള്ള കൃപ ഞങ്ങൾക്ക് ലഭിക്കുന്നതിനുമായി പ്രാർത്ഥിക്കണമേ…
ആമേൻ….

അജി ജോസഫ് കാവുങ്കൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group