കമ്പ്യൂട്ടർ യുഗത്തിൽ ജീവിക്കുന്ന നമ്മൾ എല്ലാവരും തീർച്ചയായും കേട്ടിരിക്കേണ്ട ഒരു വനിതയെകുറിച്ചു – അതിലുപരി ഒരു കത്തോലിക്കാ സന്യാസിനിയെ കുറിച്ചാണ് ഇന്നത്തെ എഴുത്ത്.

വിവരസാങ്കേതിക വിദ്യയുടെ വളർച്ചയിൽ വിശ്വാസം അപ്രസക്തമാകുന്നു എന്ന് ചിന്തിക്കുന്നവർക്ക് ചെറിയ ഒരു വെല്ലുവിളികൂടിയാണ് ഒരു കത്തോലിക്കാ സന്യാസിയായി തുടർന്നുകൊണ്ട് തന്നെ കമ്പ്യൂട്ടർ യുഗത്തിന്റെ ആദ്യകാല സംഭാവനകളുടെ നെടുംതൂണായി പ്രവർത്തിച്ച സി. മേരി കെന്നത്ത് കെല്ലർ. ഓഹിയോയിലെ ക്ളീവ്ലാൻഡ് എന്ന സ്ഥലത്താണ് സി. മേരി കെന്നത്ത് കെല്ലർ, B.V.M(1913-1985) ജനിച്ചത്. പിന്നീട് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ദി ബ്ലസ്ഡ് വിർജിൻ മേരി എന്ന സന്യാസസഭയിൽ ചേർന്ന അവർ, മേരി കെന്നത്ത് എന്ന പേര് സ്വീകരിച്ചു. തുടർന്ന് ചിക്കാഗോയിലെ ഡിപോൾ യൂണിവേഴ്സിറ്റിയിൽ ചേർന്ന സി. മേരി, 1943 -ൽ അവിടെനിന്നും ഗണിതശാസ്ത്രത്തിൽ ബി.എസ്. ബിരുദവും 1953 ൽ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും എം.എസ് ബിരുദവും നേടി.

ബിരുദ പഠനകാലത്ത്, ഡാർട്ട്മൗത്ത്, പർഡ്യൂ, മിഷിഗൺ സർവകലാശാല, വിസ്കോൺസിൻ സർവകലാശാല എന്നിവയുൾപ്പെടെ മറ്റ് സർവകലാശാലകളുമായും അവർ അഫിലിയേറ്റഡ് ആയിരുന്നു. ഒരു ബിരുദ വിദ്യാർത്ഥി എന്ന നിലയിൽ, കോ എഡ്യൂക്കേഷൻ അനുവദിക്കാതിരുന്ന ന്യൂ ഹാംഷെയറിന്റെ ഐവി ലീഗ് കോളേജ് ആയ ഡാർട്ട്മൗത്ത് ഉൾപ്പടെയുള്ള സ്കൂളുകളിൽ സി. മേരി തന്റെ സെമസ്റ്ററുകൾ ചെലവഴിച്ചു. ഡാർട്ട്മൗത്ത്, സിസ്റ്റർക്കുവേണ്ടി കോ എഡ്യൂക്കേഷൻ നയത്തിൽ ഇളവ് വരുത്തി. അവർ അവിടുത്തെ കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്തുകൊണ്ട് BASIC എന്ന പ്രോഗ്രാമിംഗ് ഭാഷയുടെ വികസനത്തിന് സംഭാവന നൽകി. അത് ആദ്യകാല തലമുറ പ്രോഗ്രാമർമാർക്ക് വളരെയധികം സഹായകരമായിത്തീർന്നു.

ഡാർട്ട്മൗത്തിലെ ജോലിക്ക് ശേഷം, പിഎച്ച്ഡി നേടാനായി സി. മേരി വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലേക്ക് വന്നു. അവിടെ പ്രൊഫ. പ്രെസ്റ്റൺ ഹാമർ “കമ്പ്യൂട്ടർ ജനറേറ്റഡ് പാറ്റേണുകളെക്കുറിച്ചുള്ള ഇൻഡക്റ്റീവ് ഇൻഫറൻസ്” എന്ന തലക്കെട്ടിൽ സിസ്റ്റർടെ പ്രബന്ധത്തിന് മേൽനോട്ടം വഹിച്ചു. യുഡബ്ല്യു-മാഡിസണിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യ വ്യക്തിയായി അവർ മാറി. അതിനെത്തുടർന്ന് അയോവയിലെ ഡുബുക്കിലുള്ള ഒരു റോമൻ കത്തോലിക്കാ സ്ഥാപനമായ ക്ലാർക്ക് കോളേജിൽ ഒരു ഫാക്കൽറ്റി ആയി സിസ്റ്റർ ജോലിയിൽ പ്രവേശിച്ചു. അവിടെ അവൾ ഒരു കമ്പ്യൂട്ടർ സയൻസ് വിഭാഗം സ്ഥാപിക്കുകയും രണ്ട് പതിറ്റാണ്ട് കാലത്തോളം പ്രസ്തുത വിഭാഗത്തിന്റെ അധ്യക്ഷയായി സേവനം ചെയ്യുകയും ചെയ്തു.

കമ്പ്യൂട്ടർ പഠനത്തിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ആശയത്തിന്റെ ആദ്യകാല അഭിഭാഷകയായിരുന്നു സി. കെല്ലർ. ജോലി ചെയ്യുന്ന അമ്മമാർ ഉൾപ്പെടെയുള്ള മുതിർന്ന വിദ്യാർത്ഥികൾക്കു സിസ്റ്റർ അധ്യാപനം നടത്തിപോന്നിരുന്നു. അമ്മമാർക്ക് അവരുടെ ചെറിയ കുട്ടികളെ ക്ലാസിലേക്ക് കൊണ്ടുവരാൻ കൂടെയുള്ള അനുവാദം നല്കിക്കൊണ്ടായിരുന്നു ഇത് പ്രാവർത്തികമാക്കിയത്
സിസ്റ്ററുടെ ചില പരാമർശങ്ങൾ തികച്ചും പ്രവചനാത്മകമാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സർവ്വസാധാരണമായ കാലത്തിന് വളരെ മുമ്പുതന്നെ സിസ്റ്റർ ഇങ്ങനെ പറഞ്ഞിരുന്നു, ” നമുക്ക് ഒരു വിവര വിസ്ഫോടനം ഉണ്ട്. ഈ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ഒരു പ്രയോജനവുമില്ലെന്ന് അതിൽത്തന്നെ വ്യക്തമാണ്. ഗവേഷണത്തിൽ കമ്പ്യൂട്ടറുകൾ വഹിക്കുന്ന പ്രാധാന്യം മുൻകൂട്ടി കണ്ടുകൊണ്ട്, “വിവരങ്ങൾ വേഗത്തിൽ വീണ്ടെടുക്കുന്നതിനുള്ള കമ്പ്യൂട്ടറിന്റെ അഭിരുചി , അതിനെ നാളത്തെ ലൈബ്രറികളുടെ കേന്ദ്രമാകുമെന്ന്” മറ്റൊരവസരത്തിൽ സിസ്റ്റർ പറഞ്ഞിട്ടുണ്ട് . 1985 ജനുവരി 10-ന് 71-ആം വയസ്സിൽ സി. മേരി കെന്നത്ത് കെല്ലർ, B.V.M തന്റെ ഈ ലോകത്തിലെ സംഭാവനകൾ അവസാനിപ്പിച്ചു. സിസ്റ്റർ പഠിപ്പിച്ച കോളേജിൽ ഇപ്പോഴും കെല്ലർ കമ്പ്യൂട്ടർ സെന്റർ ഉണ്ട് കാണാൻ കഴിയും .കൂടാതെ കമ്പ്യൂട്ടർ സയൻസ് മേജർ എടുക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി S. M. കെന്നത്ത് കെല്ലർ സ്കോളർഷിപ്പും കാത്തിരുപ്പുണ്ട്.

ജപമാല പിടിച്ചുകൊണ്ട് കീബോർഡിൽ വിരലമർത്തുന്നതിൽ അസ്വാഭാവികത ഒന്നും ഇല്ല എന്ന് തെളിയിച്ച സിസ്റ്റർ മേരി കെന്നെത് കെല്ലെറിലൂടെ കാണാൻ കഴിയുന്ന കത്തോലിക്കാ സഭയുടെ മുഖം നമ്മുടെ ഓർമ്മകളിൽ നിന്ന്നും മറയാതിരിക്കട്ടെ.

കടപ്പാട് :സി. സോണിയ തെരേസ് ഡി. എസ്. ജെ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group