വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍; കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന്, പ്രതീക്ഷയോടെ ആരോഗ്യമേഖല

ശരീരത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ഇന്ത്യയില്‍ പുതിയ മരുന്ന്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ചികിത്സ രീതി ഈ മാസം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാവാനുള്ള പ്രാഥമിക കാരണങ്ങളില്‍ ഒന്നാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ നില. പുതിയ ചികിത്സയിലൂടെ ഇത് മൂന്നോ നാലു മടങ്ങ് കുറക്കാനാകുമെന്നാണ് കരുതുന്നത്.

വര്‍ഷത്തില്‍ രണ്ട് തവണ എടുക്കേണ്ട കുത്തിവെയ്പ്പുകള്‍ ആയിട്ടാണ് ചികിത്സ രീതി അവതരിപ്പിക്കുന്നത്. ഓരോ ആറ് മാസത്തിലും ഓരോന്ന്. ഇൻക്ലിസിറാൻ എന്നറിയപ്പെടുന്ന ഈ കൊളസ്ട്രോള്‍ കുത്തിവെയ്പ്പു രണ്ട് വര്‍ഷം മുമ്ബ് യുഎസിലും യുകെയിലും അംഗീകാരം നേടിയിരുന്നു. ശേഷമാണ് അത് ഇന്ത്യയില്‍ എത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഇൻക്ലിസിറാൻ എന്ന കുത്തിവയ്പ്പിന്റെ പരീക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ 50% കുറയ്ക്കുന്നതായി കാണിച്ചിട്ടുണ്ട്. കെഇഎം ഹോസ്പിറ്റലില്‍ നടക്കുന്ന ഒരു ക്ലിനിക്കല്‍ ട്രയലില്‍ മരുന്ന് ഇന്ത്യക്കാരില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അത് ഹൃദയാഘാതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പരിശോധിക്കുന്നുണ്ട്.

“ഇത് ചീത്ത കൊളസ്ട്രോളിന്റെ (എല്‍ഡിഎല്‍) അളവ് കുറയ്ക്കുമെന്ന് ഞങ്ങള്‍ക്കറിയാം, എന്നാല്‍ ലോകമെമ്ബാടുമുള്ള പരീക്ഷണങ്ങള്‍ ഇത് ഹൃദയാഘാതം കുറയ്ക്കുമോ എന്ന് പരിശോധിക്കാൻ ശ്രമിക്കുകയാണ്,” കെഇഎം ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. അജയ് മഹാജൻ പറഞ്ഞു. എൻറോള്‍ ചെയ്ത ഓരോ രോഗിക്കും ആറ് മുതല്‍ എട്ട് വരെ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതിനാല്‍, ട്രയല്‍ നാല് വര്‍ഷം വരെ നീണ്ട് നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ മരുന്നിന്റെ സാധ്യതയുള്ള വിലകളെക്കുറിച്ചാണ് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. രണ്ട് ഡോസ് തെറാപ്പിക്ക് യുഎസില്‍ 5 ലക്ഷം രൂപയാണ് ചെലവ്. ഇന്ത്യയില്‍, ഓരോ കുത്തിവയ്പ്പിനും 1.25 മുതല്‍ 1.5 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചികിത്സ ആവശ്യമുള്ള നിരവധി രോഗികള്‍ക്ക് ഈ തുക താങ്ങാൻ സാധിക്കുന്നതാണോ എന്നതും ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ഉയര്‍ന്ന ചീത്ത കൊളസ്ട്രോള്‍ ഉള്ള രോഗികള്‍ക്ക് ഓരോ വര്‍ഷവും സ്വിസ് ഫാര്‍മ ഭീമനായ നൊവാര്‍ട്ടിസ് നിര്‍മ്മിക്കുന്ന മരുന്നിന്റെ രണ്ട് കുത്തിവയ്പ്പുകള്‍ ആവശ്യമായി വരുമെന്ന് കമ്ബനി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ആകെ ഉണ്ടാകുന്ന മരണങ്ങളില്‍ മൂന്നില്‍ ഒന്നും ഹൃദ്രോഗങ്ങള്‍ മൂലമാകുന്ന ഇന്ത്യ പോലൊരു രാജ്യത്ത് മരുന്നിന്റെ ഫലപ്രദമായ ഉപയോഗം നിര്‍ണായകമാവുമെന്ന് വിദഗ്‌ദ്ധര്‍ കരുതുന്നുണ്ട്. സമ്മര്‍ദ്ദവും മലിനീകരണവും കൂടുതലുള്ള മുംബൈ പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മൂലം പ്രതിദിനം 50 മരണങ്ങള്‍ സംഭവിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group