ഇന്ത്യന്‍ റെയില്‍വേയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി ട്രാക്കിലിറക്കുന്ന വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രയല്‍ റണ്ണിന് തയ്യാറെടുക്കുന്നു.
രാജ്യത്തെ വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജൂലായ് മാസത്തോടെ നടത്താനാണ് റെയില്‍വേ ആലോചിക്കുന്നത്. വന്ദേമെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടമായിരിക്കും ആദ്യം നടത്തുകയെന്നാണ് റെയില്‍വേയെ ഉദ്ധരിച്ച് വിവിധ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷം തന്നെ 50 പുഷ്-പുള്‍ അമൃത് ഭാരത് ട്രെയിനുകള്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടുവശത്തും എന്‍ജിനുകളുള്ള ട്രെയിനാകും ഇത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന രീതിയിലുള്ള കോണ്‍ ആകൃതിയിലുള്ള ട്രെയിനുകളും അടുത്തവര്‍ഷം ട്രാക്കില്‍ ഇറക്കാന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. പുതിയ 50 ട്രെയിനുകളാണ് വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പര്‍ വിഭാഗത്തില്‍ വിഭാഗത്തില്‍ പുറത്തിറക്കുക. വന്ദേഭാരത് വന്‍ ഹിറ്റായി ഓടുന്ന കേരളത്തിന് പുതിയ ട്രെയിനുകളുടെ റൂട്ട് പ്രഖ്യാപിക്കുമ്ബോള്‍ പരിഗണന ലഭിക്കുമെന്നാണ് സൂചന.
വന്ദേ മെട്രോ ട്രെയിനുകളാകും ആദ്യം പരീക്ഷണ ഓട്ടത്തിനായി എത്തുക. 100 മുതല്‍ 250 കിലോമീറ്റര്‍ വരെയുള്ള റൂട്ടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാകും ഈ സര്‍വീസ്. പൂര്‍ണമായും എ.സി ട്രെയിനുകളാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. വന്ദേ ഭാരത് സര്‍വീസുകളെക്കാള്‍ നിരക്കും കുറവായിരിക്കും. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 124 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാകും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. യാത്രക്കാര്‍ കൂടുതലുള്ള തിരുവനന്തപുരം – എറണാകുളം \ തൃശൂര്‍, എറണാകുളം – കോഴിക്കോട് റൂട്ടുകളാണ് പരിഗണിക്കാന്‍ സാദ്ധ്യത.
12 എ.സി കോച്ചുകളാണ് വന്ദേ മെട്രോയില്‍ ഉണ്ടാകുക. ഓട്ടോമാറ്റിക് ഡോറുകളും സൈഡ് സീറ്റുകള്‍ യാത്രക്കാരുടെ സൗകര്യത്തിന് ക്രമീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ആവശ്യത്തിന് സ്ഥലലഭ്യതയും ഉറപ്പുവരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഹ്രസ്വ ദൂര റൂട്ടുകളിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന രീതിയിലാകും യാത്രസമയം ക്രമീകരിക്കുക. വന്ദേഭാരത് ട്രെയിനുമായി സാമ്യമുള്ള മാതൃകയാണ് വന്ദേ മെട്രോയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….