സഭയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ച ആർച്ച് ബിഷപ്പിനെ പുറത്താക്കി വത്തിക്കാൻ

യു. എസിലെ മുൻ വത്തിക്കാൻ അംബാസിഡറും ഇറ്റാലിയൻ ആർച്ച് ബിഷപ്പുമായ കാർലോ മരിയ വിഗാനോയെ വത്തിക്കാൻ പുറത്താക്കി.

സഭയ്ക്കുള്ളിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് 83-കാരനായ ആർച്ച് ബിഷപ്പിനെ പുറത്താക്കിയത്.

ഫ്രാൻസിസ് മാർപാപ്പ രാജിവയ്ക്കണമെന്ന് കാർലോ മരിയ വിഗാനോ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2011-2016 വർഷങ്ങളിൽ മാർപ്പാപ്പയുടെ ദൂതഗണത്തിലെ ഏറ്റവും മുതിർന്ന ആളുകളിലൊരാളായിരുന്നു ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോ. കുടിയേറ്റം, കാലാവസ്ഥാവ്യതിയാനം, സ്വവർഗലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ മാർപാപ്പയുടെ അഭിപ്രായങ്ങളോട് രൂക്ഷമായ വിമർശനമാണ് കാർലോ മരിയ വിഗാനോ നടത്തിയിരുന്നത്.

“സഭയുടെ പരമോന്നത അധികാരിയായ മാർപാപ്പയെ അംഗീകരിക്കാനും മാർപ്പാപ്പയ്ക്ക് വിധേയപ്പെടാനുമുള്ള വിസമ്മതം പ്രകടിപ്പിക്കുന്ന അദ്ദേഹത്തിൻ്റെ പരസ്യപ്രസ്താവനകൾ, സഭാംഗങ്ങളുമായുള്ള കൂട്ടായ്മയുടെ തിരസ്കരണം, രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ നിയമസാധുതയും പ്രബോധനാധികാരവും നിരസിക്കൽ”എന്നീ കുറ്റങ്ങൾ ചെയ്തതിനാൽ അദ്ദേഹം സ്വയമേ സഭയ്ക്കു പുറത്തായതായി (automatic excommunication) വിശ്വാസസത്യങ്ങൾക്കുള്ള വത്തിക്കാൻ കാര്യാലയം ഔദ്യോഗികമായി പ്രസ്താവിച്ചു.

മാമ്മോദീസ സ്വീകരിച്ച് തിരുസഭയിലെ അംഗമായ ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും
ഗുരുതരമായ ശിക്ഷയാണ്, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള മുൻ പേപ്പൽ ന്യൂൺഷ്യോയ്ക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m