പുകമറയ്ക്കുള്ളിലെ പ്രണയകെണികൾ

തുടരുന്ന ആശയക്കുഴപ്പങ്ങൾ

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങളുടെ വിവരങ്ങൾ പോലെത്തന്നെ വിവാഹത്തോട് അനുബന്ധിച്ച മതപരിവർത്തനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും പൂർണ്ണമായി ശേഖരിക്കുക എളുപ്പമല്ല. ഒന്നാമത്തെ കാരണം, വിവാഹവും മതംമാറ്റവും രഹസ്യമായി നടക്കുകയും, വിവാഹ ശേഷം യുവതികൾ പലപ്പോഴും പരിചയക്കാർക്കിടയിൽ പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. തങ്ങളുടെ അനുഭവങ്ങൾ വെളിയിൽ പറയുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നുള്ളതാണ് വസ്തുത. വിവാഹ മോചനം നേടിയവരും സ്വഭവനത്തിൽ തിരിച്ചെത്തിയവരും പോലും തങ്ങൾ നേരിട്ട അനുഭവങ്ങൾ തുറന്നുപറയാൻ പലപ്പോഴും തയ്യാറാകുന്നില്ല. തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഓർക്കാൻ പോലും പലരും ഇഷ്ടപ്പെടുന്നില്ല എന്നുളളതാണ് ഒരു പ്രധാന കാരണം.

ഇത്തരത്തിൽ മാതാപിതാക്കളുടെ അറിവോ സമ്മതമോ കൂടാതെ വിവാഹിതരാവുകയും മതം മാറുകയും ചെയ്യുന്ന യുവതികളിൽ നല്ലൊരു വിഭാഗം സ്വഭവനങ്ങളിൽനിന്ന് പുറത്താക്കപ്പെടുന്നുണ്ട്. വിവാഹമോചനം നടത്തി തിരികെ ചെന്നാൽ പോലും വീട്ടിൽ പ്രവേശനം ലഭിക്കാത്ത അനേകം യുവതികൾ ശൈശവത്തിലുള്ള മക്കൾക്കൊപ്പം നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ മാനക്കേട് ഭയന്ന് നാടുവിടുന്ന കുടുംബങ്ങളും വിരളമല്ല. മക്കൾ പഠന, ജോലി ആവശ്യങ്ങൾക്കായി വിദേശത്താണ് എന്നുപറഞ്ഞ് അടുത്ത ബന്ധുക്കളിൽനിന്നു പോലും ഇക്കാര്യങ്ങൾ മറച്ചുവയ്ക്കുന്ന മാതാപിതാക്കൾ ഏറെയുണ്ട്. ഇത്തരം പല കാരണങ്ങളാൽ യഥാർത്ഥത്തിൽ എത്രമാത്രം പേർ പ്രണയം വഴി വിവാഹത്തിലേയ്ക്കും മതംമാറ്റത്തിലേയ്ക്കും എത്തുന്നുണ്ട് എന്ന് അന്വേഷിച്ച് കണ്ടെത്തുക എളുപ്പമല്ല. ഇക്കാരണങ്ങളാൽ മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോഴും ദൃശ്യമായുള്ളത് എന്ന് അനുമാനിക്കാം.

മാതാപിതാക്കളുടെ അറിവ് കൂടാതെ നാടുവിടുകയും, പിന്നീട് പോലീസ് അന്വേഷണത്തെ തുടർന്ന് കണ്ടെത്തി കോടതിയിൽ ഹാജരാക്കപ്പെടുകയും ചെയ്യുന്ന കേസുകൾ നിരവധിയാണ്. ഇത്തരം സംഭവങ്ങളിൽ കാമുകന്റെ പക്ഷക്കാരായി പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള ആൾക്കൂട്ടവും അതിന്റെ സംഘടിത സ്വഭാവവും ഹാജരാകാനെത്തുന്ന മികച്ച വക്കീൽമാരും പ്രണയ വിവാഹങ്ങളുടെ ആസൂത്രിത സ്വഭാവത്തിന്റെ സൂചനകളായി ന്യായമായും കരുതാവുന്നതാണ്. കോടതിക്ക് മുന്നിലെത്തുന്ന പെൺകുട്ടികളിൽ ഭൂരിപക്ഷവും പതിനെട്ട് വയസ് പൂർത്തിയായി എന്ന കാരണത്താൽ സ്വതന്ത്രമായ തീരുമാനത്തിൽ കാമുകനൊപ്പം പോവുകയാണുണ്ടാവുക. ഇത്തരത്തിൽ കോടതി മുറിയിൽനിന്ന് ഇറങ്ങിപ്പോയ ശ്രുതി എന്ന പെൺകുട്ടിയുടെ കാലിൽ കെട്ടിപ്പിടിച്ചു കരയുന്ന പെറ്റമ്മയുടെ ചിത്രം മനസാക്ഷിയുള്ളവർക്കൊക്കെ ഒരു കണ്ണീർ ഓർമ്മയാകാതെ തരമില്ല.

ഇത്തരത്തിൽ മാതാപിതാക്കളുടെ കണ്ണീരുപോലും അവഗണിച്ചുള്ള ഇറങ്ങിപ്പോക്കിന് പിന്നിൽ ഏതെങ്കിലും വിധത്തിലുള്ള ഭീഷണിയോ സമ്മർദ്ദങ്ങളോ മറ്റെന്തെങ്കിലും കാരണങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താൻ പോലും അവസരം ഉണ്ടാകാറില്ല. അതിനാൽത്തന്നെ, ഇത്തരത്തിൽ കോളിളക്കം സൃഷ്ടിക്കുന്നതും മാതാപിതാക്കളുടെ അറിവില്ലാതെ നടക്കുന്നതുമായ വിവാഹങ്ങളിൽ ചില നടപടിക്രമങ്ങൾ പാലിക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിക്കണമെന്ന ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. വിവാഹ രജിസ്‌ട്രേഷൻ മാതാപിതാക്കൾ അറിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും, ഒപ്പം പെൺകുട്ടിക്ക് ശരിയായ ഒരു കൗൺസിലിംഗ് നൽകുകയും വേണം എന്നുള്ളതാണ് പ്രധാനമായ ആവശ്യങ്ങൾ. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതും ഗുണകരമായേക്കും.

പതിനെട്ട് വയസ് പൂർത്തിയായി എന്ന കാരണത്താൽ ഒരു പെൺകുട്ടിക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ഒരു രാജ്യമാണ് ഇന്ത്യ. എന്നാൽ, കബളിപ്പിക്കപ്പെടുകയും ചതിക്കപ്പെടുകയും ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സമൂഹവും സർക്കാരും കൂടുതൽ ഉത്തരവാദിത്തത്തോടെ ഈ വിഷയം കൈകാര്യം ചെയ്യേണ്ടതുണ്ട്. കാമുകന്റെ ജോലി, വിദ്യാഭ്യാസം ജീവിത സാഹചര്യങ്ങൾ, മുൻവിവാഹം തുടങ്ങി പല കാര്യങ്ങളിലും പെൺകുട്ടികൾ കബളിപ്പിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ പലത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ പറഞ്ഞ് വഞ്ചിക്കുന്ന കേസുകളിൽ പലതിനും പിന്നിൽ കാമുകന്റെ സുഹൃത്തുക്കൾക്കും പങ്കുണ്ട്. യുവാവിനൊപ്പം പലർ ചേർന്ന് ആസൂത്രിതമായി പെൺകുട്ടിയെ കെണിയിൽ അകപ്പെടുത്തുന്ന സംഭവങ്ങൾ നിരവധി നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും പ്രണയക്കെണികളുടെ ആസൂത്രിത സ്വഭാവത്തിന് സൂചനയാണ്.

രഹസ്യസ്വഭാവം നിലനിർത്താനുള്ള സംഘടിത ശ്രമങ്ങൾ

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന വിവാഹങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനുള്ള ശ്രമങ്ങൾ സമീപകാലങ്ങളിലായി കൂടുതലായി നടന്നുവരുന്നുണ്ട്. വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കാനുള്ള സൗകര്യവും, രജിസ്ട്രാർ ഓഫീസുകളിലെ നോട്ടീസ് ബോർഡുകളിൽ വിവാഹ അറിയിപ്പുകൾ പതിക്കുന്നതോടൊപ്പം രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിലും പരസ്യപ്പെടുത്തുന്ന പതിവും ചില വർഷങ്ങൾക്ക് മുമ്പ് മുതൽ ഉണ്ടായിരുന്നു. എന്നാൽ, 2020 ജൂലൈയിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്ന് ഇറങ്ങിയ ഉത്തരവ് പ്രകാരം അത് നിർത്തലാക്കി. തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗിക്കപ്പെടുന്നു എന്ന ആരോപണം ഉയർത്തി കോഴിക്കോട് സ്വദേശികളായ ആതിര, ഷമീം ദമ്പതികൾ അന്നത്തെ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരന് നൽകിയ പരാതിയെ തുടർന്നായിരുന്നു അത്. തുടർന്ന് 30 ദിവസം നോട്ടീസ് പതിക്കുന്ന പതിവ് നിർത്തലാക്കണമെന്ന ആവശ്യവുമായി ഇതേ വ്യക്തികൾ സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീം കോടതി ആ ആവശ്യം തള്ളുകയും ചെയ്തിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 എന്നിവയുടെ ലംഘനമാണ് സ്വകാര്യവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് എന്നായിരുന്നു വാദം. എന്നാൽ ആ ആവശ്യം സുപ്രീംകോടതി നിരാകരിക്കുകയുണ്ടായി. കർണ്ണാടക, ഡൽഹി, അലഹബാദ് തുടങ്ങിയ ഹൈക്കോടതികളിലും കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടെ സമാനമായ ഹർജ്ജികൾ പരിഗണനയ്ക്ക് എത്തുകയുണ്ടായിട്ടുണ്ട്. രജിസ്ട്രാർ ഓഫീസുകളിലെ വിവാഹപരസ്യങ്ങൾ രഹസ്യ വിവാഹങ്ങൾക്ക് തിരിച്ചടിയാകുന്നു എന്നതാണ് ഈ വിഷയത്തിൽ കോടതികളിലെത്തുന്ന ഹർജ്ജികൾക്ക് പിന്നിലെ പ്രധാന കാരണം എന്ന് വ്യക്തം.

കേരളത്തിന്റെ പശ്ചാത്തലത്തിൽ ഈ നിബന്ധനയെ തന്ത്രപൂർവ്വം മറികടക്കാനുള്ള ശ്രമങ്ങളും സംശയിക്കാവുന്നതാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് പത്തനംതിട്ട സ്വദേശികളായ രണ്ടു വ്യക്തികളുടെ വിവാഹം കാസർഗോഡ്, ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉദാഹരണമാണ്. 30 ദിവസമെങ്കിലും ഒരു രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ താമസിക്കുന്നതായി രേഖ സമർപ്പിക്കുന്ന പക്ഷം, ആ രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയും എന്ന സാധ്യത ദുരുപയോഗിക്കപ്പെടുന്നുണ്ട് എന്ന് സംശയിക്കാവുന്നതാണ്. പാലക്കാട് നടന്ന മറ്റൊരു സംഭവത്തിൽ ഒരു റിസോർട്ടിൽ വച്ച് വിവാഹം നടന്നതായി പഞ്ചായത്ത് പ്രസിഡന്റ് വ്യാജ റിപ്പോർട്ട് നൽകിയതാണ് വിവാദമായി മാറിയത്. ഇവയെല്ലാം രഹസ്യ വിവാഹങ്ങൾക്ക് ഉദാഹരണങ്ങൾ കൂടിയാണ്. ഇത്തരത്തിലുള്ള രഹസ്യ നീക്കങ്ങളും പ്രണയക്കെണികൾക്ക് പിന്നിലെ സംഘടിത നീക്കങ്ങൾക്ക് തെളിവുകളാണ്.

കുറ്റകൃത്യങ്ങൾ നൽകുന്ന സൂചനകൾ

കൊലപാതകങ്ങൾ, മയക്കുമരുന്ന് കടത്ത്, ആത്മഹത്യകൾ തുടങ്ങിയ വാർത്തകൾ വെളിപ്പെടുത്തുന്ന ചില ഗുരുതരമായ സൂചനകളുണ്ട്. പതിനെട്ട് വയസ് മുതലുള്ള പെൺകുട്ടികൾ മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങൾക്കൊപ്പം പോലീസ് പിടിയിൽപ്പെടുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുസ്ളീം യുവാവിനൊപ്പമോ, സംഘാംഗമായോ ഒരു അമുസ്‌ളീം (ഹിന്ദു അല്ലെങ്കിൽ ക്രിസ്ത്യൻ) യുവതി പിടിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പലതാണ്. 2022 ഡിസംബർ 18 ന് ആണ് പതിനെട്ടുകാരി അനു ലക്ഷ്മി എന്ന പെൺകുട്ടി ലഹരി വിപണന സംഘത്തിനൊപ്പം കൊച്ചിയിൽ പിടിയിലാകുന്നത്. യൂനസ് എന്ന സുഹൃത്തിനൊപ്പം എംഡിഎംഎ യുമായി അക്ഷയ എന്ന യുവതി കഴിഞ്ഞ ആഗസ്റ്റിൽ പിടിയിലായത് വാർത്തയായിരുന്നു. ഒക്ടോബർ 31 നാണ് അൽത്താഫ് എന്ന സുഹൃത്തിനൊപ്പം ശിൽപ്പ എന്ന 23 കാരി പോലീസ് പിടിയിൽ അകപ്പെടുന്നത്. കാസർഗോഡ് സ്വദേശി സമീറിനൊപ്പം അഞ്ജു കൃഷ്ണ എന്ന യുവതി കൊച്ചിയിൽ പിടിയിലായത് കഴിഞ്ഞ മാർച്ച് 21 നാണ്. ഇവർ ഒരുമിച്ചു ജീവിച്ചിരുന്നവർ ആയിരുന്നു. കഴിഞ്ഞ ജനുവരി 27 ന് മുണ്ടക്കയം സ്വദേശി അപർണ്ണ മുസ്ളീം യുവാക്കൾക്കൊപ്പം മയക്കുമരുന്ന് കേസിൽ പിടിയിലായിരുന്നു. കഴിഞ്ഞ വർഷം മെയ് 15 ന് മുസ്ളീം സുഹൃത്തുക്കൾക്കൊപ്പം കൊച്ചിയിൽ അറസ്റ്റിലായ ഐശ്വര്യ പ്രസാദ് എന്ന 22 കാരിയും സുഹൃത്തുക്കൾക്കൊപ്പം കോളേജുകളിൽ ലഹരിമരുന്ന് എത്തിച്ചിരുന്ന വ്യക്തിയായിരുന്നു എന്നാണ് കുറ്റപത്രം. മയക്കുമരുന്ന് കേസിൽ എസ്ഡിപിഐ പ്രവർത്തകൻ അൻസാരിക്കൊപ്പം ഭാര്യയായ ശബ്ന എന്ന ആതിര പിടിക്കപ്പെട്ട സംഭവവും മറ്റൊരു ഉദാഹരണമാണ്.

രഹസ്യവിവരങ്ങൾ ലഭിക്കുന്നതിലൂടെ പിടിക്കപ്പെടുന്നതിനേക്കാൾ എത്രയോ മടങ്ങ് അധികമായിരിക്കാം ആരുടേയും കണ്ണിൽ പെടാതെ പോകുന്നവ എന്നുവരുമ്പോൾ ഇത്തരത്തിൽ ലഹരി മാഫിയകൾ പലവിധത്തിൽ വശപ്പെടുത്തി ദുരുപയോഗിക്കുന്ന പെൺകുട്ടികൾ എത്രമാത്രം ആയിരിക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഏതാണ്ട് എല്ലാ സംഭവങ്ങളിലും സംഘത്തിലെ ഏതെങ്കിലും ഒരു വ്യക്തിയുമായുള്ള പ്രണയമാണ് ഈ മേഖലകളിലേക്ക് നയിച്ചിട്ടുള്ളത് എന്നുള്ളതിനു സൂചനകളുണ്ട്.

പ്രണയങ്ങളിൽ കുടുങ്ങിയ പെൺകുട്ടികൾ ലഹരി വിപണനത്തിനായി ഉപയോഗിക്കപ്പെടുന്നത് പതിവാകുമ്പോൾ ഒരു വിഭാഗം പ്രണയങ്ങൾക്ക് അനുബന്ധമായോ പ്രേരകമായോ മാരക ലഹരി മരുന്നുകളും ഉണ്ട് എന്നുള്ളത് വ്യക്തമാണ്. അതോടൊപ്പം, ഏതുവിധേനയും പെൺകുട്ടികളെ കെണികളിൽ അകപ്പെടുത്താൻ ആസൂത്രണങ്ങൾ നടത്തുന്ന ചിലർ കേരളത്തിൽ സജീവമാണ് എന്നുള്ളതും വ്യക്തമാകുന്നു. മയക്കുമരുന്ന് ഉപയോഗിച്ചുള്ള വശീകരണ ശ്രമങ്ങൾ പുതുമയല്ല. മുഹമ്മദ് ജാസിം എന്ന വ്യക്തി 2019 ൽ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമിച്ച വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, പോക്സോ നിയമ പ്രകാരം ചുമത്തപ്പെട്ട കേസ് ആയിരുന്നിട്ടും, പെൺകുട്ടി ഉൾപ്പെടെ മുഹമ്മദ് ജാസിമിനെതിരെ മൊഴി നൽകിയിട്ടും സമീപകാലത്ത് കേസിൽനിന്ന് അയാൾ കുറ്റവിമുക്തനായത് സകലരെയും അമ്പരപ്പിക്കുകയുണ്ടായി. ഇത്തരം കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നവർക്ക് വലിയ നിയമ പരിരക്ഷ ലഭിക്കുന്നുണ്ട് എന്ന് വ്യക്തം.

ആത്മഹത്യകളും പീഡനങ്ങളും

പ്രണയത്തെയും പ്രണയവിവാഹങ്ങളെയും തുടർന്നുള്ള ആത്മഹത്യകളും വളരെയേറെ വർധിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മതംമാറ്റത്തിനായുള്ള സമ്മർദ്ദത്തെ തുടർന്നുള്ള നിരവധി ആത്മഹത്യകൾ സമീപകാലങ്ങളിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മതംമാറ്റം നിരസിച്ച കരണത്താലുള്ള കൊലപാതകങ്ങൾ തട്ടിക്കൊണ്ടുപോകലുകൾ പീഡനങ്ങൾ തുടങ്ങിയവയും പലപ്പോഴായി വർത്തകളാകാറുണ്ട്. ഇത്തരം സംഭവങ്ങളുടെ അന്തർദേശീയ പശ്ചാത്തലങ്ങളും പ്രസക്തമാണ്. തീവ്ര ഇസ്ലാമിക രാജ്യങ്ങളിലെ അതീവ ന്യൂനപക്ഷമായ മറ്റു മതസ്ഥർ ഇക്കാലഘട്ടത്തിലും മുമ്പും അഭിമുഖീകരിച്ചിരുന്ന വെല്ലുവിളികൾക്ക് സമാനമാണ് ഈ നാട്ടിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ചില കാഴ്ചകൾ. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കഴിഞ്ഞ ജനുവരിയിൽ ഒരു പെൺകുട്ടി തട്ടിക്കൊണ്ടുപോകപ്പെടുകയും ക്രൂര മർദ്ദനത്തിന് ഇരയാവുകയും ചെയ്തതിന് പിന്നിൽ മതം മാറാനുള്ള വിസമ്മതമാണ് കാരണം എന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിൽ 15 ന് ഉത്തർപ്രദേശിൽ 24 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തോടനുബന്ധിച്ച് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഷാരൂഖ് എന്ന വ്യക്തി അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായിരുന്നു. മതം മാറ്റവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദമാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ കാരണത്താൽ ബീഹാറിൽ കഴിഞ്ഞ ഫെബ്രുവരി 13 ന് 22 വയസുകാരിയായ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് ഹസൻ എന്ന വ്യക്തിയായിരുന്നു പ്രതി. മതംമാറ്റം എതിർത്തതിന്റെ തുടർന്ന് പ്രിയ എന്ന പെൺകുട്ടി ഉത്തർപ്രദേശിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവം മുമ്പ് ഏറെ ചർച്ചയായിരുന്നു. കാമുകൻ ഇജാസ്, സുഹൃത്ത് ഷുഐബ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇതേ കാരണത്താൽ വധിപ്പെട്ട 21 വയസുകാരിയുടെ കൊലപാതകത്തിൽ കഴിഞ്ഞ നവംബറിൽ ലക്നൗ പോലീസ് അറസ്റ്റ് ചെയ്തത് സൂഫിയാൻ എന്ന മുസ്ളീം യുവാവിനെയാണ്.

മതം മാറി വിവാഹിതരായ പെൺകുട്ടികൾ ആത്മഹത്യ ചെയ്യപ്പെട്ട ഒട്ടേറെ സംഭവങ്ങൾ കേരളത്തിലും കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വളരെ പരിമിതമായ പരിഗണനയാണ് ഇത്തരം വിഷയങ്ങൾക്ക് മലയാള മാധ്യമങ്ങൾ നൽകുന്നത് എന്നുള്ളത് വ്യക്തമാണ്. കൂടുതൽ വിശദാംശങ്ങളൊന്നും ലഭ്യമല്ലാത്ത ആത്മഹത്യാ വാർത്തകളാണ് പലപ്പോഴും മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്താറുള്ളത്. മതം മാറി സിറിയയിൽ എത്തിച്ചേർന്ന് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അനേകരെക്കുറിച്ചുള്ള വാർത്തകളും, നിമിഷ, അഖില, അപർണ്ണ, ആതിര എന്നിങ്ങനെയുള്ള പെൺകുട്ടികളുടെ തിരോധാനവും ഒരു പരിധിവരെ വാർത്തകളിൽ ഇടം നേടിയെങ്കിലും സാവധാനം ഇത്തരം വാർത്തകളും റിപ്പോർട്ടുകളും നിർബ്ബന്ധിത അവഗണനയ്ക്ക് വിധേയമായി. മഞ്ചേരിയിലെ സത്യസരണി പോലുള്ള മതപഠന കേന്ദ്രങ്ങളിൽ നിരവധി പെൺകുട്ടികൾ എത്തിച്ചേരുന്നുണ്ടെന്ന് വ്യക്തമായിട്ടും അത്തരം വാസ്തവങ്ങളെയും മാധ്യമങ്ങളും സർക്കാരും കണ്ടില്ലെന്ന് നടിക്കുകയാണ് ഉണ്ടായത്.

തീവ്രമായ ചർച്ചകളും വാഗ്‌വാദങ്ങളും ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും പെൺകുട്ടികൾക്ക് പ്രണയക്കെണികൾ ഒരുക്കപ്പെടുന്നു എന്നുള്ള വാസ്തവത്തെ തമസ്കരിക്കാനുള്ള സമ്മർദ്ദങ്ങളും അനുബന്ധ ആശയപ്രചരണങ്ങളും സജീവമാണ്. പ്രായപൂർത്തിയായ വ്യക്തികളുടെ തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം എന്നുള്ള അവകാശവാദത്തിൽ സ്വാഭാവികമായ പ്രണയത്തെയും ആസൂത്രിതമായ പ്രണയ കെണികളെയും കൂട്ടികുഴച്ചു പുകമറ സൃഷ്ട്ടിച്ച് വാർത്തകൾ എഴുതുകയും ചാനൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരെയും പ്രബുദ്ധ കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതീവ ഗുരുതരമായ സാമൂഹിക അനൈക്യത്തിനും, കുടുംബങ്ങളുടെ അരക്ഷിതാവസ്ഥയ്ക്കുമാണ് ഇത്തരക്കാർ കുടപിടിക്കുന്നത്. ജീവിത സാഹചര്യങ്ങളും ദൗർബ്ബല്യങ്ങളും മുതലെടുത്തുകൊണ്ട് പെൺകുട്ടികൾ ഇരകളാക്കപ്പെടുകയും ബലികഴിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം വിശദമായ അന്വേഷണങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമാക്കപ്പെടേണ്ടതുണ്ട്. ഒരു ചെറിയ വിഭാഗം പേരുടെ തീവ്രവാദപരമായ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള ആർജ്ജവം പൊതുസമൂഹവും സർക്കാരും വിശിഷ്യാ പ്രബുദ്ധരായ മുഖ്യധാരാ ഇസ്ലാമിക സമൂഹവും പ്രകടിപ്പിക്കുക തന്നെ വേണം.

(അവസാനിച്ചു)

ഫാ. ഡോ. മൈക്കിൾ പുളിക്കൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group