മാർപാപ്പയുടെ കസാക്കിസ്ഥാൻ സന്ദര്‍ശനത്തിന്റെ ലോഗോ വത്തിക്കാൻ പുറത്തുവിട്ടു

ഫ്രാന്‍സിസ് പാപ്പയുടെ കസാക്കിസ്ഥാൻ സന്ദര്‍ശനത്തിന്റെ ലോഗോ വത്തിക്കാൻ പുറത്തുവിട്ടു.സെപ്റ്റംബർ 13മുതൽ 15 വരെയാണ് പാപ്പായുടെ കസാക്കിസ്ഥാൻ സന്ദർശനം.

അപ്പസ്തോലിക സന്ദർശനത്തിന്റെ ഔദ്യോഗിക ചിഹ്നവും, ലോഗോയും, മുദ്രാവാക്യവും പരിശുദ്ധ സിംഹാസനം പുറത്തുവിട്ടു. രാജ്യ തലസ്ഥാനമായ നൂർ സുൽത്താനിൽ (Nur-Sultan) സംഘടിപ്പിക്കപ്പെടുന്ന ലോകമത നേതാക്കളുടെ ഏഴാം സമ്മേളനത്തോടനുബന്ധിച്ചാണ് പാപ്പ കസാക്കിസ്ഥാൻ സന്ദര്‍ശിക്കുന്നത്. “സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൂതർ” എന്നതാണ് അജപാലന സന്ദർശനത്തിൻറെ മുദ്രാവാക്യം. ഇടയ സന്ദർശനത്തിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ ഏറ്റവും മുകളിൽ കസാഖ് ഭാഷയിലും ഏറ്റവും താഴെ റഷ്യൻ ഭാഷയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

വെളുത്ത വൃത്താകൃതിയിലുള്ള ചിഹ്നത്തിൽ മുകളിലും താഴെയുമുള്ള ഈ ലിഖിതങ്ങൾക്കിടയിലായി ഒലിവു ശിഖരവുമായി പറക്കുന്ന ഒരു പ്രാവിൻറെ രൂപം. പ്രാവിന്റെ ചിറകുകൾ രണ്ട് കൈപ്പത്തികൾ ചേർന്നതാണ്. ഈ കൈപ്പത്തികൾ സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൂതരുടെ പ്രതീകമാണ്. കൈപ്പത്തിയുടെ രൂപത്തിലുള്ള ചിറകുകളിലൊന്നിൽ ഹൃദയത്തിൻറെ രൂപവും ചേർത്തിരിക്കുന്നു. പരസ്പര ധാരണയുടെയും സഹകരണത്തിൻറെയും സംഭാഷണത്തിൻറെയും ഫലമായ സ്നേഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ലോഗോയിൽ, ഉപയോഗിച്ചിരിക്കുന്ന വർണ്ണങ്ങളിൽ ആകാശ നീലയും മഞ്ഞയും കസാക്കിസ്ഥാൻറെയും, മഞ്ഞയും വെള്ളയും വത്തിക്കാൻറെയും പതാകകളുടെ നിറങ്ങളാണ്. ഒലിവുശിഖരത്തിൻറെ പച്ച നിറം പ്രത്യാശയുടെ പ്രതീകമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group