സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില; രക്ഷയില്ലാതെ മലയാളികൾ

സംസ്ഥാനത്ത് പച്ചക്കറിക്ക് ദിനംപ്രതി വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കടുത്ത വേനലിനെ അതിജീവിച്ച വിളകളെല്ലാം ശക്തമായ മഴയില്‍ നശിച്ചതോടെയാണ് പച്ചക്കറി വിലയില്‍ വൻ വർദ്ധനവ് ഉണ്ടായത്.

20 മുതല്‍ 60% വരെ വില വർദ്ധനവാണ് കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധയിനം പച്ചക്കറികള്‍ക്ക് വർദ്ധിച്ചത്.

പച്ചക്കറിയെ കൂടാതെ ഇറച്ചിയുടെയും മീനിന്റെയും വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഹോട്ടല്‍ വ്യാപാര മേഖലയെയും വിലവർധന കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. പച്ചക്കറിക്ക് ദിനംപ്രതി വില വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഉച്ചയൂണ് നല്‍കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത് എന്നാണ് ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നത്.

കിലോ 80 രൂപയ്‌ക്ക് ലഭ്യമായിരുന്ന ബീൻസിന് 200 രൂപയോളം ആണ് ഇപ്പോള്‍ വിപണിയിലെ വില. 80 രൂപയ്‌ക്കും 100 രൂപയ്‌ക്കും ഇടയിലാണ് കാരറ്റിന്റെയും പച്ചപ്പയറിന്റെയും വില. പാവയ്‌ക്കയുടെ വില 100 രൂപ കടന്നപ്പോള്‍ പച്ച മുളകിന് വിപണിയില്‍ 130 രൂപയാണ്‌ ഉള്ളത്. ഇതു കൂടാതെ മല്ലിയിലയ്‌ക്ക് 240, വെളുത്തുള്ളി 280, ഇഞ്ചി 180, വെണ്ട 60, പടവലം 60, കാബേജ് 50, ഉരുളക്കിഴങ്ങ് 50 എന്നിങ്ങനെയാണ് വിപണിയില്‍ അനുഭവപ്പെടുന്ന വില.

100 രൂപയ്‌ക്ക് 3 കിലോ ലഭ്യമാകുന്ന സവാള മാത്രമാണ് വിപണിയില്‍ അന്നും ഇന്നും സുലഭമായി ലഭിക്കുന്നത്. 70 രൂപയ്‌ക്ക് മുകളിലാണ് ചെറിയ ഉള്ളിയുടെ വില. കോഴി വില ഉയരുന്നതിനു പുറമേ കോഴിമുട്ടയുടെ വിലയിലും വർദ്ധനവ് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചവരെ 45 രൂപക്ക് ലഭ്യമായിരുന്ന നേന്ത്രപ്പഴത്തിന്റെ വില 60 രൂപയിലും ഞാലിപ്പൂവൻ പഴം 80 രൂപയിലും റോബസ്റ്റിന് 50 രൂപയിലും എത്തിയിട്ടുണ്ട്.

ലക്ഷക്കണക്കിന് രൂപയുടെ വിളകളാണ് കടുത്ത വേനലില്‍ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ പലയിടത്തും ഉണങ്ങി നശിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയും കൃഷി നശിക്കുന്നതിന് കാരണമായിട്ടുണ്ട്. കടുത്ത വേനലിലും കനത്ത മഴയിലും വാഴ ഉള്‍പ്പെടെ ഓണവിപണി ലക്ഷ്യം ഇട്ട് നടത്തിയ ലക്ഷങ്ങളുടെ കൃഷിയും നശിച്ചിരുന്നു.

പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തിക്കുന്നത് തമിഴ്നാട്, ആന്ധ്ര, കർണാടക, കോയമ്ബത്തൂർ, കമ്ബം, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നിന്നാണ്. ഇവിടങ്ങളില്‍ പെയ്ത അപ്രതീക്ഷിതമായ വേനല്‍ മഴ കൃഷി നശിക്കുന്നതിനും പച്ചക്കറി വരവ് കുറയുന്നതിന് കാരണമായിട്ടുണ്ട്. ഇതാണ് വിപണിയില്‍ വിലവർധനവിന് പ്രധാനകാരണം എന്നാണ് കരുതുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group