ദേശീയ നേതാക്കൾ മത്സരിച്ചാൽ മാത്രം വയനാട് വിഐപി മണ്ഡലമാകില്ല : മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ

വികസിത മണ്ഡലങ്ങളോട് ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്തവിധം പിന്നാക്കാവസ്ഥയിലുള്ള വയനാട് ലോകസഭാമണ്ഡലം ദേശീയ – സംസ്ഥാന നേതാക്കൾ മത്സരിക്കുന്നു എന്നതിന്റെ പേരിൽ വി.ഐ.പി മണ്ഡലമായി മാറില്ലായെന്ന് മാനന്തവാടി രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും വിധമുള്ള ഭൗതീക സാഹചര്യവികസനം ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം സാമ്പത്തികവും തൊഴിൽപരവും വിദ്യാഭ്യാസപരവുമായ വളർച്ചയും, ജീവനും സ്വത്തിനും സുരക്ഷിതത്വവും ഓരോ പൗരനും ലഭ്യമാകുമ്പോൾ മാത്രമേ “മണ്ഡലം വി.ഐ പി നിലവാരത്തിൽ” എന്ന പ്രയോഗത്തിന് അർത്ഥമുണ്ടാകൂവെന്ന് പാസ്റ്ററൽ കൗൺസിൽ ചൂണ്ടിക്കാട്ടി.

വയനാട് ലോക്സഭാ മണ്ഡലം 15 വർഷം മുമ്പ് രൂപീകരിക്കുമ്പോൾ ഈ മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ഇന്ന് വിലയിരുത്തുമ്പോൾ ഇന്ത്യയിലെ ഇതര ലോക്സഭാ മണ്ഡലങ്ങളിൽ വന്നതുപോലെ എടുത്തുപറയാൻ കഴിയുന്ന ഒരു കേന്ദ്ര പദ്ധതി പോലുമില്ലാത്ത മണ്ഡലമായി വയനാട് തുടരുകയാണ്. വന്യ ജീവി ആക്രമണഭയത്തിൽ സമാധാനവും സന്തോഷവും നഷ്ടമായ ജനതയാണ് ഇവിടെ ഉള്ളത്. അതിനാല്‍ ജനത്തിന്റെ അടിസ്ഥാന അജണ്ടകളിലൊന്ന് ജീവിതസുരക്ഷയാണ് എന്നത് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മനസ്സിലായിട്ടില്ല എന്നതാണ് വാസ്തവം.

എടുത്തു പറയാൻ പറ്റുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ തൊഴിൽ സംരംഭങ്ങളോ ഇവിടെ ഇല്ല. മണ്ഡലത്തില്‍ നിന്നും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി പുറത്തേക്ക് പോകേണ്ടി വരുന്ന യുവാക്കളുടെ എണ്ണം വർദ്ധിച്ചു വരുമ്പോൾ രാജ്യത്തെ ചെറുപ്പക്കാരെ ഇവിടെത്തന്നെ നിലനിർത്തുന്നതിന് ആവശ്യമായ നടപടികളെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പിലും മുന്നണികളുടെ പ്രകടനപത്രികകളിൽ പരാമർശമില്ല.

മികച്ച ചികിത്സാസൗകര്യങ്ങളുടെയും യാത്രാമാർഗ്ഗങ്ങളുടെയും അപര്യാപ്തതമൂലം ആതുരാലയങ്ങൾ തേടിയുള്ള നെട്ടോട്ടത്തിനിടയിൽ മനുഷ്യജീവനുകൾ പാതിവഴിയിൽ മരിച്ചു വീഴുന്ന ലോകത്തിലെ തന്നെ ഏക പ്രദേശമായിരിക്കും വയനാട്. അസ്പിരേഷൻ ജില്ലയെന്ന നിലയില്‍ മണ്ഡലത്തിലെ വയനാട് ജില്ലയില്‍ കേന്ദ്ര മെഡിക്കൽ കോളേജിന് സാധ്യത ഉണ്ടായിട്ടും അതൊരു ബോര്‍ഡില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

വയനാട് ജില്ലയില്‍ നിന്ന് ഇതരജില്ലകളിലേക്ക് ഒട്ടനവധി ബദൽ പാതകളുടെ സാധ്യതകൾ നിലനിൽക്കുമ്പോഴും സർക്കാരുകളും മുന്നണികളും അവയെ പരിഗണിക്കുന്ന ഒരു പദ്ധതിയും വിഭാവനം ചെയ്തിട്ടില്ല. നാഷണൽ ഹൈവേയുടെ ഭാഗമായിരുന്നിട്ടുകൂടി, വയനാട് ചുരത്തിന്റെ വീതി കൂട്ടി ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിൽ സർക്കാരുകൾ ബോധപൂർവ്വമായ വീഴ്ച വരുത്തി വയനാടിനെ അവഗണിക്കുന്നു. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും റെയിൽവേ യാത്ര വയനാട്ടുകാർക്ക് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും രാത്രി കാല യാത്രാ നിരോധനം പരിഹരിക്കപ്പെട്ടില്ലെന്നത് രാഷ്ട്രീയ വഞ്ചനയുടെ ക്രൂരമായ തെളിവാണ്. വൈദ്യുതിയും പൊതുഗതാഗതവും ഇന്റർനെറ്റ് കണക്ടിവിറ്റിയും എത്താത്ത ഗ്രാമങ്ങളും മണ്ഡലത്തിലുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍, ഇന്ത്യയിലെ മറ്റ് ആസ്പിരേഷൻ ജില്ലകളില്‍ ചെലവഴിക്കപ്പെട്ട പണവും വികസനപദ്ധതികളും എന്തുകൊണ്ട് വയനാട്ടിലേക്ക് എത്തുന്നില്ല എന്ന ചോദ്യം ഏറെ പ്രസക്തമാണെന്നും കൗൺസിൽ നിരീക്ഷിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group