പൗലോസിന്റെ ദ്വീപിലെത്തുന്ന പത്രോസിനെക്കാത്ത് മാൾട്ട: കർദ്ദിനാൾ ഗ്രെക്

വത്തിക്കാൻ സിറ്റി : മാൾട്ടയിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്ര, തങ്ങളുടെ വിശ്വാസത്തെ കൂടുതൽ ഉറപ്പുള്ളതാക്കുമെന്ന്, മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രെട്ടറിയും മാൾട്ടക്കാരനുമായ കർദ്ദിനാൾ മാരിയോ ഗ്രെക്.

കോവിഡ് മഹാമാരിമൂലം മാറ്റിവച്ച മാൾട്ടയിലേക്കുള്ള അപ്പസ്തോലിക യാത്ര ഏപ്രിൽ രണ്ട് മൂന്ന് തീയതികളിലായി നടക്കാനിരിക്കെ, മെഡിറ്ററേനിയൻ ദ്വീപായ മാൾട്ടയിലെ മൊത്തം ജനസംഖ്യയുടെ 90 ശതമാനത്തോളം വരുന്ന കത്തോലിക്കാ വിശ്വാസികൾ പ്രതീക്ഷയോടെയാണ് പൗലോസിന്റെ നാട്ടിൽ പത്രോസിനെ കാത്തിരിക്കുന്നതെന്ന് കർദിനാൾ ഗ്രെക് പറഞ്ഞു.

കത്തോലിക്ക ഭൂരിപക്ഷമുള്ള ഒരു രാജ്യമാണെങ്കിലും, പാപ്പായുടെ വരവ് തങ്ങളുടെ വിശ്വാസത്തെ കൂടുതൽ ഉറപ്പിക്കുമെന്നും, പരിശുദ്ധാത്മാവിന്റെ സഹായത്താൽ, പുതിയ സുവിശേഷവത്കരണത്തിന് കൂടുതൽ സഹായകമാകുന്നതിനും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്ന് കർദ്ദിനാൾ പറഞ്ഞു. ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന ലോകത്തിന്റെ ഭാഗമെന്ന നിലയിൽ, പാപ്പായുടെ സന്ദർശനം തങ്ങൾക്ക് കൂടുതൽ പ്രത്യാശ പകരുമെന്നും, ഭാവിയിലേക്ക് കൂടുതൽ ധൈര്യത്തോടെയും ഉത്സാഹത്തോടെയും നോക്കാൻ സഹായകരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ യാത്രയിൽ, പാപ്പാ മാൾട്ടയിൽ കുറച്ച് അഭയാർത്ഥികളെ കണ്ടുമുട്ടുവാൻ സമയം മാറ്റിവച്ചതിൽ കർദ്ദിനാൾ ഗ്രെക് സന്തോഷം പ്രകടിപ്പിച്ചു.

ചെറുതെങ്കിലും, തങ്ങളാലാവുന്നത് മാൾട്ട ചെയ്യുന്നുണ്ട്, എങ്കിലും ഇനിയും കൂടുതലായി ചെയ്യാൻ സാധിക്കുമെന്നും, അതോടൊപ്പം, യൂറോപ്പ് ഇക്കാര്യത്തിൽ മാൾട്ടയെ ഒറ്റയ്ക്കാക്കാതിരിക്കുന്നതിനായി ഒരു സന്ദേശമേകാനും പാപ്പായുടെ സന്ദർശനത്തിന് സാധിക്കുമെന്നും മാൾട്ടയിലെ ഗോസോയുടെ മുൻ മെത്രാൻ കൂടിയായിരുന്ന കർദ്ദിനാൾ പറഞ്ഞു.

ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയാറാമത് അപ്പസ്തോലിക യാത്രയാണ് ഇത്തവണത്തേത്. “അവർ ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു” എന്ന ചിന്തയാണ് പാപ്പായുടെ യാത്രയുടെ പ്രമേയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group