വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ അധ്യാപനവിഭാഗമായ പൗരസ്ത്യ വിദ്യാപീഠത്തിലെ തത്വശാസ്ത്ര വിഭാഗത്തിന്റെ (ഓട്ടോണമസ് ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട്) ഔദ്യോഗിക ഉദ്ഘാടനം ഏഴിന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പും പൗരസ്ത്യ വിദ്യാപീഠം ചാൻസലറുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും.
പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലർ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പള്ളിക്കാപറന്പിൽ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. സ്കറിയാ കന്യാകോണിൽ, സീറോ മലബാർസഭാ മേജർആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ.ഡോ. വിൻസന്റ് ചെറുവത്തൂർ തുടങ്ങിയവർ പ്രസംഗിക്കും.
വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സ്വാഗതവും ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ.ഡോ. ജോൺസൺ നീലാനിരപ്പേൽ നന്ദിയും പറയും.
1962ൽ റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റു ചെയ്ത് അക്കാദമിക് പ്രവർത്തനങ്ങൾ ആരംഭിച്ച വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ദൈവശാസ്ത്ര വിഭാഗത്തിനൊപ്പംതന്നെ തത്വശാസ്ത്രവിഭാഗവും ആരംഭിച്ചിരുന്നെങ്കിലും ദൈവശാസ്ത്രവിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുകയായിരുന്നു.1982 ജൂലൈ മൂന്നിനു റോമിലെ കത്തോലിക്കാ വിദ്യാഭ്യാസ കാര്യാലയം ദൈവശാസ്ത്ര വിഭാഗത്തെ പൗരസ്ത്യ വിദ്യാപീഠം എന്ന പേരിൽ സ്വയാധികാര സംവിധാനമായി ഉയർത്തി. മുൻ രാഷ്ട്രപതി ഗ്യാനി സെയിൽസിംഗാണ് പൗരസ്ത്യ വിദ്യാപീഠത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
2022 ഡിസംബർ 12ന് കത്തോലിക്കാ തത്വശാസ്ത്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വയാധികാര ഇൻസ്റ്റിറ്റ്യൂട്ടായി പൗരസ്ത്യ വിദ്യാപീഠത്തിന്റെ തത്വശാസ്ത്ര വിഭാഗത്തെ ഉയർത്തുകയും കോട്ടയം അതിരൂപതാംഗമായ റവ.ഡോ. ജോൺസൺ നീലാനിരപ്പേലിനെ മേധാവിയായി നിയമിക്കുകയും ചെയ്തു. തത്വശാസ്ത്ര വിഭാഗം ഓട്ടോണമസ് ഇൻസ്റ്റിറ്റ്യുട്ടായി മാറിയതോടെ സ്വന്തമായി ഡിഗ്രികൾ നൽകുവാനും പഠനവിഷയങ്ങൾ ക്രമീകരിക്കാനും അധ്യാപകരെ നിയമിക്കാനുമുള്ള അധികാരം നിലവിൽ വന്നു. ഇതിനകം 2592 വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ നിന്ന് ത്വശാസ്ത്ര ബിരുദം കരസ്ഥമാക്കിയത്.
ഗുഡ് ഷെപ്പേഡ് മേജർ സെമിനാരി കുന്നോത്ത്, സെന്റ് എഫ്രേം തിയോളജിക്കൽ കോളജ് സത്ന, റൂഹാലയ തിയോളജിക്കൽ കോളജ് ഉജ്ജൈൻ, മാർത്തോമാ വിദ്യാനികേതൻ ചങ്ങനാശേരി, പൗരസ്ത്യ വിദ്യാനികേതൻ മാങ്ങാനം എന്നിവ പൗരസ്ത്യ വിദ്യാപീഠവുമായി അഫീലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളാണ്. വിദ്യാപീഠത്തിൽ 31 വിദ്യാർത്ഥികൾ ഇപ്പോൾ വിവിധ ദൈവശാസ്ത്ര വിഷയങ്ങളിൽ ഗവേഷണം നടത്തുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group