രാജ്യവിരുദ്ധമെന്ന് പരാതി: ഹ്രസ്വനാടകത്തിന്റെ പേരില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കേരള ഹൈക്കോടതിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിന്റെ പേരില്‍ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.

കേന്ദ്ര സർക്കാരിനെ പരിഹസിക്കുന്നതും, രാജ്യത്തെ അപകീർത്തി പ്പെടുത്തുന്നതുമാണ് നാടകത്തിന്റെ ഉള്ളടക്കമെന്നാരോപിച്ച്‌ എറണാകുളത്തെ ലീഗല്‍ സെല്‍ നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാർ സുധീഷ് ടിഎ, കോർട്ട് കീപ്പർ സുധീഷ് പിഎം എന്നിവരെയാണ് കോടതി അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. നാടകം രാജ്യവിരുദ്ധമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ഇന്റലിജൻസ് ബ്യുറോ അന്വേഷണമാരംഭിച്ചതായാണ് റിപ്പോർട്ടുകള്‍. ചീഫ് ജസ്റ്റിസ് അഡ്മിനിസ്‌ട്രേറ്റീവ് രജിസ്ട്രാറോട് വിശദീകരണം തേടുകയും ചെയ്തു.

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ പങ്കെടുത്ത നാടകത്തില്‍ പ്രധാനമന്ത്രിയെയും, സർക്കാരിന്റെ അഭിമാന പദ്ധതിയായ ജല്‍ജീവൻ മിഷനേയും, ആസാദി കാ അമൃത് മഹോത്സവിനെയും പരിഹസിക്കുന്നുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.

നാടകം രചിച്ച വ്യക്തിയുടെ രാഷ്ട്രീയച്ചായ്‌വ് മുഴച്ചു നില്‍ക്കുന്ന സംഭാഷണങ്ങള്‍ പൂർണ്ണമായും രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണെന്നാണ് ലീഗല്‍ സെല്ലിന്റെ ആരോപണം. കോടിക്കണക്കിന് സാധാരണക്കാർക്ക് നേരിട്ട് ഗുണം ലഭിച്ച ജല്‍ജീവൻ മിഷനെ അവഹേളിച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു.

ആസാദി കാ അമൃത് മഹോത്സവിനെ അവഹേളിച്ചെന്നാണ് മറ്റൊരു പരാതി. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹൈക്കോടതിയും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെന്നും, അതുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളെ അപമാനിക്കുന്നത് കോടതിയെ കൂടി അപമാനിക്കുന്നതിനു തുല്യമാണെന്നാണ് പരാതിയില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളെയും ശൈലിയെയും പരിഹസിക്കുന്നത് രാജ്യവിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.

ഹൈക്കോടതിയിലെ ജീവനക്കാർ ഇത്തരത്തില്‍ രാജ്യവിരുദ്ധമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു നാടകത്തിന്റെ ഭാഗമായത് നിലവിലുള്ള സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയിന്മേല്‍ തുടരന്വേഷണവും അതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group