പൗരത്വ ഭേദഗതി നിയമം : സംസ്‌ഥാനം വീണ്ടും നിയമപോരാട്ടത്തിന്‌; രാഷ്‌ട്രീയ പ്രചാരണവും കൊഴുക്കുന്നു

പൗരത്വ ഭേദഗതി നിയമം (സി.എ.എ.) കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനം ചെയ്‌തതിനു പിന്നാലെ സംസ്‌ഥാനത്ത് ശക്‌തമായ പ്രതിഷേധം ഉയരുന്നു.

വിഷയം രാഷ്‌ട്രീയ ആയുധമാക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും. പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നിയമം നടപ്പാക്കിയതു രാഷ്‌ട്രീയനേട്ടം ലക്ഷ്യമാക്കിയാണെന്ന്‌ ഇരുമുന്നണികളും വിമര്‍ശിച്ചു. വിഷയത്തെ നിയമപരമായി നേരിടുന്നതിനുള്ള ഒരുക്കവും മുന്നണികളും പാര്‍ട്ടികളും ആരംഭിച്ചിട്ടുണ്ട്‌.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെ നിയമം വിജ്‌ഞാപനം ചെയ്‌തത്‌ കോടതി അലക്ഷ്യമാണെന്ന നിലപാടാണു സംസ്‌ഥാന സര്‍ക്കാരിനുള്ളത്‌. എന്തുവന്നാലും കേരളത്തില്‍ പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്‌റ്ററും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌. എന്നാല്‍, പൗരത്വഭേദഗതിക്കെതിരേ നടന്ന സമരത്തിന്റെ പേരിലെടുത്ത കേസുകള്‍ ചൂണ്ടിക്കാട്ടിയാണ്‌ പ്രതിപക്ഷം ഇതിനെ നേരിടുന്നത്‌.
പ്രശ്‌നത്തില്‍ പ്രതിഷേധസമരങ്ങളും ആരംഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്‌.ഐയുടെയും യൂത്ത്‌ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നു. ഇന്നലെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. കെ.പി.സി.സി. ആഹ്വാനം ചെയ്‌തപ്രകാരമുള്ള പ്രതിഷേധപ്രകടനങ്ങളും നടന്നു. ഇന്ന്‌ നടക്കുന്ന കെ.പി.സി.സി നേതൃയോഗത്തില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ക്ക്‌ രൂപം നല്‍കും. അതേ സമയം, കേന്ദ്രത്തിനെതിരെ സമരം ചെയ്യേണ്ടതിന്‌ പകരം പ്രതിഷേധത്തിന്റെ പേരുപറഞ്ഞ്‌ സംസ്‌ഥാനത്ത്‌ അക്രമങ്ങളും പൊതുമുതലിന്‌ കേടുവരുത്തുകയും ചെയ്‌താല്‍ നിയമ നടപടി സ്വീകരിക്കേണ്ടിവരുമെന്നും സി.പി.എം. പറയുന്നു.
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച്‌ സംസ്‌ഥാന സര്‍ക്കാര്‍ നിയമ പരിശോധനയും തുടങ്ങിയിട്ടുണ്ട്‌. വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ നീക്കം. മുസ്ലിം ലീഗും സുപ്രീം കോടതിയെ സമീപിക്കും. പൗരത്വ നിയമഭേദഗതിക്കെതിരേ ആദ്യം പ്രമേയം പാസാക്കുകയും സുപ്രീം കോടതിയിലെത്തുകയും ചെയ്‌ത സംസ്‌ഥാനമാണ്‌ കേരളം. പൗരത്വ ഭേദഗതി വിജ്‌ഞാപനം ജനങ്ങളെ വിഭജിക്കാനും, വര്‍ഗീയ വികാരം കുത്തിയളക്കാനുമാണെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. മതത്തിന്റെ അടിസ്‌ഥാനത്തില്‍ വിജ്‌ഞാപനം ഇറക്കിയതും, മുസ്ലിം വിഭാഗത്തെ ഒഴിച്ചുനിര്‍ത്തിയതും ഭരണഘടനയുടെ 14, 21, 25 അനുചേ്‌ഛദങ്ങളുടെ ലംഘനമാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്‌തുള്ള ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്‌ഞാപനം ഇറക്കിയതു നിയമവിരുദ്ധമെന്നാണു മുസ്ലീം ലിഗിന്റെ വാദം. ഇപ്പോഴത്തെ നടപടി ഭരണഘടന വിരുദ്ധമെന്ന്‌ തെളിഞ്ഞാല്‍ നല്‍കിയ പൗരത്വം പിന്‍വലിക്കേണ്ടി വരുന്നത്‌ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അവര്‍ പറയുന്നു.
ഇലക്‌ടറല്‍ ബോണ്ട്‌ കേസില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍നിന്നുണ്ടായ തിരിച്ചടി മറച്ചുവയ്‌ക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ്‌ ഇതെന്നാണ്‌ സി.പി.എമ്മിന്റെ വിലയിരുത്തല്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m