വ്യാജരേഖകൾ: തുടരന്വേഷണത്തിന് സാധ്യത തെളിയുന്നു

എറണാകുളം- അങ്കമാലി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയും സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ചു ബിഷപ്പുമായിരുന്ന കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെതിരായി അതിരൂപതയിലെ ചില വൈദികർ നേതൃത്വംകൊടുത്തു നിർമ്മിച്ച വ്യാജരേഖകളുടെ പിന്നിൽ വൻ ഗൂഢാലോചന നടന്നതായി തെളിയുന്നു. ഈ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു വിചാരണ നേരിടുന്ന മൂന്നു വൈദികരും ഏതാനും ആൽമായരും മാത്രമല്ല കുറ്റവാളികളെന്നും, വിമതസംഘത്തിലെ ചില മെത്രാന്മാരും ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന മറ്റുചില പുരോഹിതന്മാർക്കും ഒരു സാമ്പത്തിക വിദഗ്ധനും ഈ കുറ്റകൃത്യത്തിൽ പങ്കാളിത്തം ഉണ്ടെന്നുമുള്ള ആധികാരിക ഡിജിറ്റൽ തെളിവുകൾ പുറത്തു വന്നിരിക്കുന്നു. ഇതിനെ തുടർന്ന് ഈ കേസിൽ പോലീസിന്റെ തുടരന്വേഷണം ആവശ്യപ്പെട്ട് ഈ കേസിൽ ആദ്യം കക്ഷി ചേർന്ന് അന്വേഷണം ആവശ്യപ്പെട്ട ഒരു സംഘടന മറ്റൊരു നിയമപോരാട്ടത്തിനായി അഭിഭാഷകരെ സമീപിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്.

വ്യാജരേഖ കേസിന്റെ അന്വേഷണം 2018- ൽ ആണ് പോലീസ് ആരംഭിക്കുന്നത്. ഈ രേഖകൾ തനിക്ക് ഫാ. പോൾ തേലക്കാട്ട് തന്നതാണന്നു പറഞ്ഞു കൊണ്ട് അന്നത്തെ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്താണ് സീറോ മലബാർ സഭയുടെ സിനഡിൽ രേഖകൾ കൊണ്ടുവന്നത്. അതിനാൽ മാർ മനത്തോടത്തിനെയും പോലീസ് പ്രതിചേർത്തിരുന്നു. എന്നാൽ മാർ മനത്തോടത്തിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ പ്രതിസ്ഥാനത്തുനിന്ന് നീക്കുകയും കേസിൽ സാക്ഷിയായി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വ്യാജരേഖകളെ പറ്റിയുള്ള അന്വേഷണം തന്നെ വഴിമാറിപ്പോയേക്കാം എന്ന സാഹചര്യം ഇതോടെ സംജാതമായി. ഈ ഘട്ടത്തിലാണ് ”കാത്തലിക് ഫോറം” എന്ന സംഘടനയുടെ പ്രസിഡന്റ്‌ ബിനു ചാക്കോ പഴയചിറ കേസിൽ കക്ഷിചേരുകയും വ്യാജരേഖകൾ നിർമ്മിച്ചത് ആരാണെന്ന് പോലീസ് അന്വേഷിച്ചു കണ്ടെത്തണമെന്ന് കോടതിയിൽ അവശ്യപ്പെടുകയും ചെയ്തത്. ഈ അന്വേഷണമാണ് പ്രതികളായ ഫാ. പോൾ തേലക്കാട്ട്, ഫാ. ബെന്നി മരാംപറമ്പിൽ, ഫാ. ടോണി കല്ലൂക്കാരൻ എന്നീ വൈദികരിലേക്കും ഏതാനും അൽമായരിലേക്കും എത്തിച്ചേർന്നത്.

പോലീസ് കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ വിചാരണ തുടങ്ങുന്ന ഘട്ടമായതോടെ രണ്ടാം പ്രതി ഫാ. ബെന്നി മാരാംപറമ്പിൽ തനിക്കു പ്രഫ. ജോസഫ് ഇഞ്ചിയോടി കമ്മീഷന്റെ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതിനെ തുടർന്ന് ഇപ്പോൾ കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുകയാണ്.

കേസിൽ കക്ഷി ചേർന്ന ബിനു പഴയചിറയ്ക്ക് കോടതി നടപടികളിലൂടെ പോലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചിരുന്നു. 2,500 ഓളം പേജുകളുള്ള ഈ റിപ്പോർട്ടു പ്രകാരം അതിരൂപതയിലെ വിമതപക്ഷത്തിനു വീര്യംപകരുന്ന ഏതാനും മെത്രാന്മാർക്കും കുറെ വൈദികർക്കും ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനും വ്യാജരേഖയുടെ നിർമ്മാണത്തിലും ഗൂഢാലോചനയിലും നേരിട്ടു പങ്കുള്ളതായി മനസ്സിലാകുന്നതായി ബിനു പറയുന്നു. ഈ പശ്ചാത്തലത്തിലാണ് 2018-19 ൽ പോലീസ് നടത്തിയ അന്വേഷണം പൂർണ്ണമായിരുന്നില്ലന്നും, വ്യാജരേഖകൾ നിർമ്മിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചവർ ഇനിയും ഉണ്ടെന്നും അവരെക്കൂടി കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കാത്തലിക് ഫോറം ആവശ്യപ്പെടുന്നത്.

വ്യാജരേഖകൾ സംബന്ധിച്ച ഈ മെയിൽ ലഭിച്ചയുടൻ അതെല്ലാം വായിച്ച് തികഞ്ഞ സംതൃപ്തിയോടെ ഒരു മെത്രാൻ പ്രതികൾക്ക് “Congrats” എന്ന് മറുപടി അയച്ചതായി ഡിജിറ്റൽ തെളിവുകളിൽ കാണാം. കൂടാതെ വാട്സാപ്പ്, ഇമെയിൽ എന്നിവയിലൂടെ പ്രതികളും ഗൂഢാലോചനയിൽ പങ്കുള്ളവരും തമ്മിൽ നിരന്തരം ആശയ വിനിമയങ്ങൾ നടത്തിയിരുന്നതായും പറയപ്പെടുന്നു.

വ്യാജരേഖകൾ പുറത്തു വന്നപ്പോൾതന്നെ ഇതിന്റെ പിന്നിൽ ഷെയർ മാർക്കറ്റുമായി ബന്ധമുള്ള ഒരു വിദഗ്ദന്റെ പങ്കാളിത്തം പലരും സംശയിച്ചിരുന്നു. പോലീസ് സമർപ്പിച്ച കുറ്റപത്രത്തോടൊപ്പം കേസിലെ ഒന്നാം പ്രതിയായ ഫാ. ടോണി കല്ലൂക്കാരന്റെ ഇമെയിൽ ഇൻബോക്സിന്റെ സ്ക്രീൻഷോട്ടുകൾ നൽകിയിട്ടുണ്ട്. ഇവയിൽ ഫാ. ടോണിക്ക് ഒരു പ്രമുഖ സാമ്പത്തിക സ്ഥാപനത്തിൽ നിന്നുമുള്ള നിരവധി ഇമെയിലുകൾ ലഭിച്ചതായ കാണാം.

ഒരു വ്യാജരേഖയുടെ പേര് The unethical shares and mergers of Mar George Alencherry എന്നാണ് (ഇമേജു കമൻ്റു ബോക്സിൽ). കോടിക്കണക്കിനു രൂപയുടെ ഓഹരികളിൽ ആലഞ്ചേരി പിതാവ് നിക്ഷേപം നടത്തിയിരിക്കുന്നു എന്നാണ് ഈ രേഖ സമർഥിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യം ഏറെ ആവശ്യമുള്ള ഇത്തരം രേഖകൾ നിലവിൽ പ്രതികളായവർക്കു നിർമ്മിക്കുവാൻ സാധ്യമല്ലന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാക്കാൻ സാധിക്കും. അവിടെയാണ് തുടരന്വേഷണത്തിന്റെ പ്രസക്തിയും പ്രധാന്യവും.

വ്യാജരേഖ നിർമ്മാണത്തിലും ഇതിനു പിന്നിലെ ഗൂഢാലോചനയിലും ഉൾപ്പെട്ട മുഴുവൻ ആളുകളിലേക്കും അന്വേഷണം വ്യാപിക്കേണ്ടതുണ്ട് എന്നാണ് സഭയോടൊപ്പം നിൽക്കുന്ന ഒരു പ്രമുഖ വൈദികൻ പറഞ്ഞത്. എത്രമേൽ ഉയർന്ന പദവിയിലുള്ള വ്യക്തിയാണെങ്കിലും സഭയ്ക്കെതിരേയും സഭയുടെ ശ്രേഷ്ഠപുരോഹിതനെതിരേയും ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ അവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കടപ്പാട് : മാത്യു ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m