ക്രൈസ്ത വിരുദ്ധ ആക്രമണo; പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്

ഇന്ത്യയിലുടനീളം തുടർച്ചയായി ക്രൈസ്തവർക്കെതിരെ അരങ്ങേറുന്ന ആക്രമണങ്ങളിൽ പ്രതിഷേധവും ആശങ്കയും അറിയിച്ച് 93 സിവിൽ സർവീസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത നിഷ്പക്ഷതയിലും ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധത പങ്കിടുന്നതിലും വിശ്വസിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ പ്രവർത്തിച്ചിട്ടുള്ള അഖിലേന്ത്യാ, കേന്ദ്ര സർവീസുകളിലെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് തങ്ങളെന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്. ബിജെപിയുമായി ബന്ധമുള്ളവരും അനുബന്ധ സംഘടനകളിൽപ്പെട്ടവരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടത്തുന്ന അക്രമങ്ങളെ അങ്ങേയറ്റം അപലപിക്കുകയാണെന്നും ക്രൈസ്തവർ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങൾക്കുമെതിരേ നടക്കുന്ന അക്രമങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും എതിർക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ വിഭാഗങ്ങളെയും മതവിശ്വാസങ്ങൾക്ക് അതീതമായി തുല്യരായി പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ, അടുത്തകാലത്തായി ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. രാജ്യത്ത് 1951ൽ ഉണ്ടായിരുന്ന 2.3 ശതമാനമോ അതിൽ കുറവോ ആണ് ഇപ്പോഴും ക്രൈസ്തവ ജനസംഖ്യ. എന്നാൽ, നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം ഉന്നയിച്ചാണ് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരേ നിരന്തരം ആക്രമണം നടത്തുന്നത്. നമ്മുടെ രാജ്യം കെട്ടിപ്പടുക്കുന്നതിൽ ക്രിസ്ത്യാനികളുടെ പങ്ക് വളരെ വലുതാണ് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. സിവിൽ സർവീസുകളിലും സായുധ സേനകളിലും ക്രിസ്ത്യാനികളുടെ പങ്കാളിത്തവും നേതൃത്വവും സമൂഹത്തിന്റെ ദേശീയ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. എന്നിട്ടും ഈ സമുദായത്തിനെതിരേ വെറുപ്പും വിദ്വേഷവും അക്രമവും തുടരുന്നതായാണ് കാണാൻ കഴിയുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങൾക്കും അടിയന്തരമായി അറുതി വരുത്തണമെന്നും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഇതിനായി പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group