ആപ്പിള്‍ പേയും ക്രെഡിറ്റ് കാര്‍ഡും ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈൻ ഇടപാടില്‍ പ്രമുഖരായ ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ കമ്ബനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താൻ ആപ്പിള്‍ പേ ഇന്ത്യയിലേക്ക് വരുന്നു.

കൂടാതെ ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡും രാജ്യത്ത് അവതരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എച്ച്‌.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒ എം.ഡി ശശിദര്‍ ജഗ്ദീഷനുമായി ആപ്പിള്‍ മേധാവി ടിം കുക്ക് ചര്‍ച്ച നടത്തിയിരുന്നു. ഏപ്രിലില്‍ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. നിലവില്‍ രാജ്യത്തെ ബാങ്കുകള്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാൻ അനുമതിയുള്ളത്.

ആപ്പിളിന്റെ പേയ്‌മെന്റ് സംവിധാനമായ ആപ്പിള്‍ പേ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും കമ്ബനി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഒഫ് ഇന്ത്യയുമായും (എൻ.പി.സി.ഐ) ആപ്പിള്‍ ചര്‍ച്ച തുടങ്ങി. മൊബൈല്‍ ഫോണുകളിലൂടെയുള്ള പേയ്‌മെന്റുകള്‍ വര്‍ധിക്കുന്നതിനിടെയാണ് ആപ്പിളിന്റെയും വരവ്. ആപ്പിള്‍ പേ ഉപയോഗിച്ച്‌ ക്യു.ആര്‍ കോഡുകള്‍ സ്കാൻ ചെയ്യാനും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) മുഖേന പേയ്‌മെന്റുകള്‍ നടത്താനും ഉടൻ കഴിഞ്ഞേക്കും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് എന്നിവയെല്ലാം ആപ്പിള്‍ പേയുമായി ബന്ധിപ്പിക്കാൻ കഴിയും. ഫേസ് ഐ.ഡി ഉപയോഗിച്ചും പണമിടപാട് നടത്താവുന്ന സൗകര്യമുള്ളതാണ് ആപ്പിള്‍ പേ.

ആപ്പിള്‍, ഗൂഗിൾ, ആമസോണ്‍, സാംസംഗ് തുടങ്ങിയ പല കമ്ബനികളും നിലവില്‍ ഇത്തരം പണമിടപാട് സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതുസംബന്ധിച്ച്‌ റിസര്‍വ് ബാങ്കുമായും ആപ്പിള്‍ മേധാവി ചര്‍ച്ച നടത്തിയിരുന്നു. മറ്റ് ക്രെഡിറ്റ് കാര്‍ഡ് കമ്ബനികള്‍ പിന്തുടരുന്ന അതേ സമീപനം പിന്തുടരാനാണ് ആപ്പിളിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. ആപ്പിളിന് പ്രത്യേകമായി ഒരു വിധത്തിലുള്ള ഇളവുകളും നല്‍കാൻ സാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. മാസ്റ്റര്‍കാര്‍ഡ്, ഗോള്‍ഡ്മാൻ സാക്സ് എന്നിവയുടെ പങ്കാളിത്തത്തോടെ ആപ്പിളിന് നിലവില്‍ യു,എസില്‍ പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് ഉണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group