ക്രിസ്തു അന്ധന് കാഴ്ച നല്‍കിയ സീലോഹാ കുളത്തിന്റെ കല്‍പ്പടവുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശു ക്രിസ്തു അന്ധന് കാഴ്ചശക്തി നല്‍കിയെന്ന് വിശ്വസിക്കപ്പെടുന്ന സീലോഹാ കുളത്തിന്റെ കല്‍പ്പടവുകള്‍ ജെറുസലേമിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ഈ കുളം അജ്ഞാതമായി തുടരുകയായിരുന്നു. ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി, ഇസ്രായേല്‍ നാഷ്ണല്‍ പാര്‍ക്ക്സ് അതോറിറ്റി, സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായി ജെറുസലേമിലെ പുരാതന നഗരത്തില്‍ നടത്തിയ ഉദ്ഖനനത്തിനിടയിലാണ് കല്‍പ്പടവുകള്‍ കണ്ടെത്തിയത്.

ക്രൈസ്തവരും, യഹൂദരും പുണ്യസ്ഥലമായി കരുതിവരുന്ന സീലോഹ കുളം സമീപ ഭാവിയില്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചരിത്ര സ്ഥലമായ ജെറുസലേമിലെ ദാവീദിന്റെ നഗരത്തില്‍ പ്രത്യേകിച്ച് സീലോഹാ കുളത്തിലും, തീര്‍ത്ഥാടന പാതയിലും നടക്കുന്ന ഉദ്ഖനനം ക്രൈസ്തവരുടെയും യഹൂദരുടെയും പുരാതന പൈതൃകത്തിന്റെയും, ജെറുസലേമിനോടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടുപ്പത്തിന്റേയും ഏറ്റവും വലിയ സ്ഥിരീകരണമായി നിലകൊള്ളുന്നതാണെന്ന് സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടറായ സീവ് ഓറന്‍സ്റ്റെയിന്‍ പറഞ്ഞു.

ബിബ്ലിക്കല്‍ ആര്‍ക്കിയോളജി സൊസൈറ്റി പറയുന്നതനുസരിച്ച് 2,700 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ക്രിസ്തുവിനു മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ഹെസെക്കിയ രാജാവിന്റെ കാലത്താണ് സീലോഹാ കുളം നിര്‍മ്മിക്കുന്നത്. ഗിഹോണ്‍ നീരുറവയില്‍ നിന്നും ഈ കുളത്തിലേക്ക് വെള്ളം എത്തിക്കുവാന്‍ ദാവീദിന്റെ നഗരത്തിനു താഴെക്കൂടി 1750 അടി നീളമുള്ള തുരങ്കമാണ് പണിതത്. പല ഘട്ടങ്ങളായി നടന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ശേഷം ഏതാണ്ട് 1.25 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഒരു കുളമായി സീലോഹാ കുളം മാറിയിരിന്നുവെന്നും അനുമാനിക്കപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group