സഭ നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി

കത്തോലിക്ക സഭ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു. ഇറ്റാനഗർ ബിഷപ്പ് ബെന്നി വർഗീസ് ഇടത്തട്ടേല്‍, മിയാവോയിലെ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ, അരുണാചൽ പ്രദേശ് കാത്തലിക് അസോസിയേഷൻ പ്രസിഡൻ്റ് തൗ ടെബിൻ ജിയുടെ എന്നിവര്‍ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെയാണ് പ്രതികരണം.

സംസ്ഥാനത്ത് സമാധാനം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഭാനേതൃത്വം നടത്തുന്ന അശ്രാന്ത പരിശ്രമം പ്രശംസനീയമാണെന്ന്‌ മുഖ്യമന്ത്രി പ്രസ്താവിച്ചു. അഴിമതി, മയക്കുമരുന്ന് ഉപയോഗം, ധനസംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സമൂഹത്തിലേക്ക് വ്യക്തമായ അവബോധം വളർത്തുന്നതിനുള്ള കത്തോലിക്ക സമൂഹത്തിൻ്റെ സമർപ്പണത്തെ അങ്ങേയറ്റം അഭിനന്ദിക്കുകയാണെന്നും അദ്ദേഹം നവമാധ്യമങ്ങളില്‍ കുറിച്ചു. നിസ്വാർത്ഥ സേവനത്തിനും അരുണാചൽ പ്രദേശിൻ്റെ പുരോഗതിക്കുള്ള പ്രതിബദ്ധതയ്ക്കും കത്തോലിക്ക സഭയ്ക്കു നന്ദി അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് അവസാനിക്കുന്നത്.

കൂടിക്കാഴ്ച നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരും മലയാളികളാണെന്നത് ശ്രദ്ധേയമാണ്. ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി കോതമംഗലം രൂപതാംഗമായ ബിഷപ്പ് ബെന്നി വർഗീസ് ഇടത്തട്ടേൽ അഭിഷിക്തനായത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്. മിയാവോ രൂപതയുടെ പ്രഥമ ബിഷപ്പാണ് കോട്ടയം സ്വദേശിയായ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പില്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group