2021 ഡിസംബർ എട്ടാം തിയതി അമലോൽഭവ മാതാവിന്റെ തിരുനാൾ ദിവസം പുതുക്കിയ കാനോനിക നിയമങ്ങൾ ( Apostolic Constitution)

PASCITE GREGEM DEI ( ദൈവത്തിന്റെ ആടുകളെ മെയ്ക്കുക ) എന്ന അപ്പോസ്തോലിക കോൺസ്റ്റിട്യൂഷനിലൂടെ ( Apostolic Constitution) 2021 മെയ്‌ 23 പെന്തക്കോസ്ത തിരുനാൾ ദിനത്തിൽ ലത്തിൻ കാനോൻ നിയമത്തിലെ ആറാം പുസ്തകം ” സഭയിലെ ശിക്ഷാനിയമങ്ങൾ” പുതുക്കി ഫ്രാൻസിസ് പാപ്പാ ഉത്തരവിറക്കി. 2021 ഡിസംബർ എട്ടാം തിയതി മാതാവിന്റെ അമലോൽഭവ തിരുനാൾ ദിനത്തിൽ ഈ പുതുക്കിയ നിയമങ്ങൾ നിലവിൽ വരും.

 1. സഭയിൽ ശിക്ഷാ നിയമത്തിന്റെ ആവശ്യക ഉണ്ടോ?
  1983ലെ കാനോൻ നിയമം പുറത്തിറക്കിക്കൊണ്ട് അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇപ്രകാരം പറഞ്ഞു ” കാനോൻ നിയമസംഹിത സഭയ്ക്ക് അനിവാര്യമാണ്. സഭ സാമൂഹികവും ദൃശ്യവുമായ ഒരു ഘടകമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് സഭയ്ക്ക് നിയമങ്ങൾ ആവശ്യമാണ്. സഭയുടെ ശ്രെണികളോട് കൂടിയതും സഹജമായ ഘടന വ്യക്തമാക്കുന്നതിനുo ദൈവീകമായി ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യങ്ങൾ നിർവഹിക്കുന്നതിനും കൂദാശകളുടെ പരികർമങ്ങളും ശരിയായി ക്രമീകരിക്കുന്നതിനും ഓരോരുത്തരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജീവിതം കാനോൻ നിയമങ്ങൾ വഴി കൂടുതൽ നന്നായി നിവർത്തിച്ചുo പരിപോഷിപ്പിച്ചുo പൊതുവായ കർമപദ്ധതികൾ ഏറ്റെടുക്കുന്നതിനും നിയമസംഹിത അത്യന്താപേക്ഷിതമാണ് “
  സഭയുടെ ശിക്ഷാനിയമങ്ങൾ കാലാനുസൃതമായി പുതുക്കിയതിലൂടെ ഫ്രാൻസിസ് പാപ്പ സഭാ നിയമങ്ങൾ കൃത്യതയോടെ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തോടെയാണ് എടുത്തുകാണിക്കുന്നത്. പാപ്പയുടെ തന്നെ വാക്കുകളിൽ ” സഭയുടെ ശിക്ഷാനിയമങ്ങൾ ബഹുമാനിക്കേണ്ടതും പാലിക്കേണ്ടതും മുഴുവൻ ദൈവജനത്തിന്റെയും കടമയാണ് പ്രത്യേകിച്ച് നിയമങ്ങൾ ശരിയായ വിധത്തിൽ നടപ്പിൽ വരുത്തുവാനുള്ള ഉത്തരവാദിത്വം മെത്രാന്മാർക്കും ഓരോ സഭയിലേയും അധികാരികൾക്കുമാണ്. ഇത് അവരുടെ ഇടയ ധർമ്മത്തിലെ ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വമാണ്. സഭയോടും സഭാ സമൂഹത്തോടും ഇരയാക്കപ്പെട്ടവരോടും ഒപ്പം കരുണയും തെറ്റുതിരുത്തൽ ആവശ്യമുള്ള കുറ്റാരോപിതരോടും ഒരു ഇടയന്റെ ഹൃദയത്തോടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം”. ഇടയ ധർമ്മം സ്വമനസ്സാലെ ഏറ്റെടുക്കുന്ന ഒരു ഉത്തരവാദിത്വമാണ് എന്ന ഓർമ്മപ്പെടുത്തലോടെ യാണ് ഫ്രാൻസിസ് പാപ്പ PASCITE GREGEM DEI എന്ന അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ ആരംഭിക്കുന്നതുതന്നെ. ദൈവത്തിന്റെ ആളുകളെ നയിക്കുവാനുള്ള ഉത്തരവാദിത്വം പിതൃഹൃദയത്തോടെ ഉപദേശങ്ങളാലും ജീവിത സാക്ഷ്യങ്ങളാലും തങ്ങളെ ഏൽപ്പിച്ചി രിക്കുന്നവർക്ക് നൽകുവാൻ, പ്രത്യേകിച്ച് കരുണയും സ്നേഹവും കാട്ടി വഴി തെറ്റിയതിന് നേർവഴി കാട്ടി നയിക്കാൻ ഇടയന്മാർ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ ഇതിൽ ഓർമ്മപ്പെടുത്തുന്നു. സാമൂഹികമായി വന്ന പലവിധത്തിലുള്ള മാറ്റങ്ങളും ദൈവജനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ആവശ്യങ്ങളും കണക്കിലെടുത്ത് സഭയുടെ സമൂഹ ജീവിതത്തെ ക്രമപ്പെടുത്താൻ ആണ് ലത്തീൻ കാനോൻ നിയമത്തിലെ ശിക്ഷ നിയമങ്ങളെ സഭ പുന:ക്രമീകരിച്ചത്. സമൂഹത്തിൽ വന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളോടുള്ള ക്രിയാത്മകമായ മറുപടിയാണ് പുതുക്കിയ നിയമ സംഹിത.
 2. അല്പം ചരിത്രം
  1983 ജനുവരി 25 ന് അന്നത്തെ പാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ II ആണ് ഇന്ന് നിലവിലുള്ള ലത്തിൻ കാനോൻ നിയമം പുറത്തിറക്കിയത്. 7 പുസ്തകങ്ങളിൽ 1752 കാനോനുകളിലായി സഭയുടെ നിയമാവലി “Codex Iuris Canonici” എന്ന പേരിൽ Sacrae Disciplinae Leges എന്ന apostolic Constitution നിലൂടെ പ്രസിദ്ധികരിച്ചു. ഇതിനു ശേഷം പല ഘട്ടങ്ങളിലായി സഭയുടെ കാനോൻ നിയമത്തിലെ പല കാനോനുകളും Motu Proprio വഴി കാലാനുസൃതമായി ജോൺ പോൾ പാപ്പയും പിന്നീട് വന്ന പാപ്പമാരും പുതുക്കുകയുണ്ടായി. 1983 കാനോൻ നിയമത്തിന്റെ പ്രഖ്യാപനത്തിനുശേഷം സഭയിലെ ശിക്ഷാനടപടികൾ ഉൾക്കൊള്ളുന്ന ആറാം പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്ന നിയമങ്ങൾക്ക് ആ നിയമനിർമ്മാണം കൊണ്ട് ഉദ്ദേശിച്ച രീതിയിലുള്ള ഫലം പുറപ്പെടുവിക്കായിട്ട് സാധിക്കുന്നില്ല എന്ന വലിയ തിരിച്ചറിവ് സഭാധികാരികൾക്ക് ഉണ്ടായിരുന്നു. ശിക്ഷാനിയമത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിന് മെത്രാന്മാർക്കും മറ്റു സഭാധികാരികൾ ക്കും ഒരുപാട് പ്രയാസങ്ങൾ നേരിടുകയുണ്ടായി. പ്രത്യേകിച്ച് ശിക്ഷകൾ നൽകുമ്പോൾ പാലിക്കേണ്ട ക്രിസ്തീയ സ്നേഹവും ഒപ്പം നീതിയും എപ്രകാരം ഒരേപോലെ കൊണ്ടുവരുവാൻ സാധിക്കും എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. അതിനേക്കാളുപരിയായി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് സഭാധികാരികൾ കാണിച്ച വ്യത്യസ്തമായ മനോഭാവങ്ങളും കാര്യങ്ങൾ കൂടുതൽ പ്രയാസകരമാക്കി.
  അതുകൊണ്ടുതന്നെ സഭാ ശിക്ഷ നിയമങ്ങൾ പുതു ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുകയുണ്ടായി
  2001ൽ “Sacramentum Sanctitatis Tutela” എന്ന motu proprio യിലൂടെ സഭയിലെ ഏറ്റവും മാരകമായ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിന് റോമിലെ വിശ്വസ തിരുസംഘത്തിന് അധികാരം നൽകിക്കൊണ്ട് ജോൺ പോൾ രണ്ടാമൻ പാപ്പ കൂടുതൽ ശിക്ഷാ നിയമങ്ങൾ പ്രസിദ്ധീകരിച്ചു.
 3. Rivision work of book 2009 സെപ്റ്റംബർ മാസത്തിൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പ ക്രിമിനൽ നിയമത്തിൽ പ്രഗൽഭരായ കാനോൻ നിയമ വിദഗ്ധരെ ഒരുമിച്ചുകൂട്ടി സഭയിലെ ശിക്ഷാ നിയമങ്ങൾ ഉൾക്കൊള്ളുന്ന കാനോൻ നിയമത്തിലെ ആറാം പുസ്തകം പുന ക്രമീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പിന്നീട് ലോകം മുഴുവനുമുള്ള മെത്രാൻ സമതികൾക്കും, റോമൻ കുരിയയിലെ Discastery കൾക്കും സന്യാസ സഭകളുടെ സുപ്പീരിയർ ജനറൽമാർക്കും, കാനോൻ നിയമ വിദഗ്ധർക്കും മറ്റും അയച്ചു കൊടുക്കുകയും അവരിൽ നിന്നെല്ലാം സ്വകരിച്ച അഭിപ്രായങ്ങളുടെ വെളിച്ചത്തിൽ അവ ക്രോഡികരിച്ചു 2020 ജനുവരി 20 നു ചേർന്ന ഡിസ്കാസ്റ്ററികളുടെ plenary assembly അംഗീകരിക്കുകയും പരിശുദ്ധ പിതാവിന് ഫ്രാൻസിസ് പാപ്പയ്ക്ക് സമർപ്പിക്കുകയും ചെയ്തു.
 4. മാനദണ്ഡങ്ങൾ: ലത്തീൻ കത്തോലിക്കാ സഭയിലെ കാനോൻ നിയമത്തിലെ ശിക്ഷാ നിയമങ്ങൾ പുതുക്കുന്നതിന് പ്രധാനമായും മൂന്നു മാനദണ്ഡങ്ങളാണ് സ്വികരിച്ചത്.
  A. നിയമങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടു വരുന്നവർക്ക് വ്യക്തവും കൃത്യവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനു വേണ്ടി ശിക്ഷാനിയമങ്ങളെ പുനഃക്രമീകരിക്കുക: ലത്തീൻ സഭയ്ക്ക് മുഴുവനായി ഏകീകൃതമായ രീതിയിൽ ഉപയോഗിക്കുവാൻ തക്കവണ്ണം ശിക്ഷാനിയമങ്ങളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി കനോൻ നിയമം സഭാധികാരികൾ ക്ക് നൽകിയിരുന്ന വിവേചനാധികാര പരിധി കുറച്ച്, എന്നാൽ ചില പ്രത്യേക തരത്തിലുള്ള കുറ്റങ്ങൾക്ക് അധികാരികളുടെ വിവേചന അധികാരം ഉപയോഗിക്കേണ്ടിവരുന്ന പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ, വ്യക്തമായ നിയമ നിർദ്ദേശം നൽകികൊണ്ട്, ഓരോ കുറ്റങ്ങളും കുറേക്കൂടി മെച്ചപ്പെട്ട രീതിയിൽ നിർണയിക്കുകയും വേർതിരിക്കുകയും ചെയ്തു. കൂടാതെ കുറ്റങ്ങൾക്കുള്ള ശിക്ഷകൾ എല്ലാം സമഗ്രമായി 1336 മത്തെ കാനോനിൽ വിവരിച്ചു. കൂടാതെ ചില പ്രത്യേക സാഹചര്യങ്ങളിൽ വിധി കൽപ്പിക്കേണ്ട വ്യക്തികളെ നിർണയിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും പുതുക്കിയ ആറാം പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
  B. സഭാ സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുക : സഭാ ശിക്ഷാനിയമങ്ങൾ പുനഃ ക്രമീകരിക്കുന്നതിന് സ്വീകരിച്ച രണ്ടാമത്തെ മാനദണ്ഡം സഭയിൽ ഉണ്ടാകുന്ന ഇടർച്ച പരിഹരിച്ചു കൊണ്ടും അതുമൂലം ഉണ്ടായ നഷ്ടം നികത്തി കൊണ്ടും സഭാ സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതായിരുന്നു. ഇതിന്റെ ഭാഗമായി, സഭാധികാരി നീതി പുന:സ്ഥാപിക്കുന്നതിനും കുറ്റം ചെയ്ത വ്യക്തിയെ നവീകരിക്കുന്നതിനും ഉതപ്പ് കഴിയുന്നതും പരിഹരിക്കുന്നതിനും (CIC 1341) മറ്റു മാർഗ്ഗങ്ങളിലൂടെ സാധ്യമല്ലാതെ വരുമ്പോൾ, സഭാ ശിക്ഷാ നടപടി ക്രമങ്ങളെ നിയമാനുശാസനങ്ങളി ലൂടെയും (penal precepts CIC 1319/2) ശിക്ഷാ നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിലൂടെയും (Sanctioning procedure CIC 1341) ശിക്ഷാ നടപടി ക്രമങ്ങളെ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാക്കി മാറ്റുകയും ചെയ്യാൻ സഹായിക്കുക. കൂടാതെ ഇടർച്ച വരുത്തിയ വ്യക്തി അതിന് പരിഹാരം ചെയ്യാതെ സഭാധികാരി ശിക്ഷയിൽ നിന്ന് ഇളവ് നൽകരുതെന്ന് ഓർമ്മപ്പെടുത്തുന്നുണ്ട് (CIC 1361/4).
  C. കുറ്റകൃത്യങ്ങൾ തടയുന്നതിനുo, തക്കസമയത്ത് ഇടപെടലുകൾ നടത്തുന്നതിനും കുറ്റാരോപിതനായ വ്യക്തിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ട മുൻകരുതലുകൾ ഇടയന്മാർ സ്വീകരിക്കുക: ശസനങ്ങൾ (Admonition), താക്കീതുകൾ (Reprimand), ശിക്ഷ കരമായ നിയമം അനുശാസനങ്ങൾ (Penal precepts) ജാഗ്രതകൾ (Vigilance ) എന്നിവയാണ് കുറ്റകൃത്യങ്ങൾ തടയുന്നതിനുവേണ്ടി സഭാധികാരി സ്വീകരിക്കേണ്ട മുൻകരുതലുകൾ.
 5. ഏതെല്ലാമാണ് പുതുക്കിയ ശിക്ഷാനിയമത്തിലെ പുതിയ കുറ്റകൃത്യങ്ങൾ?
  പുതുക്കിയ ലത്തീൻ കാനോൻ നിയമത്തിലെ ആറാം പുസ്തകത്തിന്റെ രണ്ടാം ഭാഗം ക്രിമിനൽ കുറ്റകൃത്യങ്ങളെ 6 തലക്കെട്ടുകളിലായി വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു. ക്രിമിനൽ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ നിയമങ്ങളിൽ കൂടുതലും മുൻവർഷങ്ങളിൽ Motu proprio കളിലൂടെ പല പാപ്പമാർ പ്രത്യക നിയമനിർമാണം നടത്തിയ വയാണ്. ക്രിമിനൽ നിയമങ്ങൾ പുനക്രമീകരിച്ചപ്പോൾ അവ കാനോൻ ശിക്ഷാനിയമത്തിലെ പൊതു നിയമങ്ങളിൽ ഉൾപ്പെടുത്തി എന്നുമാത്രം. കൂടാതെ 1983 ൽ പുതിയ കാനോൻ നിയമം പ്രസിദ്ധീകരിച്ചപ്പോൾ 1917 ലെ കാനോൻ നിയമത്തിൽ ഉണ്ടായിരുന്ന ശിക്ഷാ നിയമത്തിലെ പല ശിക്ഷകളും പുതിയ കാനോൻ നിയമത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അന്ന് ഒഴിവാക്കിയ ചില കുറ്റകൃത്യങ്ങൾ പുതുക്കിയ ഈ ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി സഭ ഉദ്യോഗത്തിൽ ഇരിക്കുന്നവർ അഴിമതി നടത്തിയാൽ നൽകുന്ന ശിക്ഷകൾ, സാധുവായി തിരുപ്പട്ടം സ്വീകരിക്കുന്നതിന് തടസ്സമായ ക്രമക്കേടുകളും മറ്റു തടസ്സങ്ങളും, സെൻസർ കളും നിയമപരമായ സഭാധികാരിയിൽ നിന്ന് മറച്ചു വെച്ചാൽ.. മുതലായവ…. ഇവയോടൊപ്പം മറ്റുചില പുതിയ നിയമങ്ങളും സഭയിൽ ഉണ്ടായ പല വിധത്തിലുള്ള ഇടർച്ചക്കളുടെ വെളിച്ചത്തിൽ പുതുക്കിയ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ശിക്ഷാനടപടി പുസ്തകത്തിൽ ഉൾപ്പെടുത്തിയ പുതിയ ശിക്ഷകൾ താഴെപ്പറയുന്നവയാണ്
 6. സ്ത്രീകൾക്ക് പൗരോഹിത്യം നൽകുന്നതും സ്ത്രീ പൗരോഹിത്യം സ്വീകരിക്കുന്നതും (CIC 1379/3)
 7. കുമ്പസാര അവസരത്തിൽ കുമ്പസാരിക്കുന്ന കാര്യം ഇലക്ട്രോണിക് ഉപകരണങ്ങളോ മറ്റെന്തെങ്കിലും ഉപയോഗിച്ചോ റെക്കോർഡ് ചെയ്യുന്നതും സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നതും (CIC 1386/3)
 8. വിശുദ്ധ കുർബാനയിലെ അപ്പം ഓ വീഞ്ഞോ ഏതെങ്കിലും ഒരെണ്ണമോ അതോ അവ രണ്ടുമോ ദൈവനിന്ദയ്ക്ക് വേണ്ടി പരികർമ്മം ചെയ്യുന്നതും വിശുദ്ധ വസ്തുക്കൾ ആശുദ്ധമാക്കുന്നതും (CIC 1369, 1382/2)
 9. സഭ ഉദ്യോഗത്തിൽ ഇരുന്നുകൊണ്ട് അഴിമതി നടത്തുന്നത് (CIC 1371/3)
 10. കൂദാശകൾ സ്വീകരിക്കുവാൻ വിലക്കപ്പെട്ടിരിക്കുന്നവർക്ക് അത് നൽകുന്നത് (CIC 1379/ 4)
 11. തിരുപ്പട്ടം സ്വീകരിക്കുന്നതിന് തടസ്സമായ ക്രമക്കേടുകളും മറ്റു തടസ്സങ്ങളും സെൻസറുകളും സഭാധിക്കാരിയിൽ നിന്ന് മനപ്പൂർവ്വം മറച്ചുവെക്കുന്നത് (CIC 1388/2)
 12. പൊന്തിഫിക്കൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് (CIC 1371/4)
 13. ഒരു ശിക്ഷയോ ക്രിമിനൽ ഉത്തരവോ നടപ്പിലാക്കുന്നതിനുള്ള ബാധ്യത പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ( CIC 1371/5)
 14. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തി ആ കുറ്റം ചെയ്തുവെന്ന് അറിയിക്കുന്നതിന് പരാജയപ്പെട്ടാൽ (CIC1371/6)
 15. നിയമവിരുദ്ധമായി സഭാ ശുശ്രൂഷകൾ ഉപേക്ഷിച്ചാൽ (CIC 1392)
 16. സഭാ സത്തുകൾ കൈമാറ്റം ചെയ്യുന്നതിന് മുൻപ് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതിരുന്നാൽ (CIC 1376/2.1)
 17. സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ കടുത്ത അശ്രദ്ധ മൂലമോ ഗുരുതരമായ ദുരുപയോഗം മൂലമോ ഗൗരവമായ വീഴ്ച വരുത്തുകയോ ചെയ്താൽ ( CIC 1376/2.2)
 18. സാമ്പത്തിക കാര്യങ്ങളിൽ ക്രമക്കേട് കാണിച്ചാൽ. കൂടാതെ ലത്തിൻ കാനോൻ നിയമത്തിലെ 285/4 പറയുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി സഭാ ധിക്കാരിയുടെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ അല്മായരുടെ വസ്തുവകകൾ കൈകാര്യം ചെയ്താൽ (CIC1371/ 1)
 19. വ്യക്തികളുടെ അന്തസ്സിന് എതിരായ കുറ്റകൃത്യങ്ങൾ : 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കും മാനസിക വളർച്ചയെത്താത്ത വ്യക്തികൾക്കുo എതിരായ ലൈംഗിക അതിക്രമങ്ങൾ (CIC 1398). കൂടാതെ 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ യും മാനസിക വളർച്ചയെത്താത്ത മറ്റ് വ്യക്തികളുടെയും നഗ്ന ഫോട്ടോകളോ വീഡിയോകളും സ്വന്തമാക്കുന്നതും (Acquire) കൈവശം വയ്ക്കുന്നതും (Retain) പ്രദർശിപ്പിക്കുന്നതും (Exibit) വിതരണം ചെയ്യുന്നതും (Distribute) കുറ്റകരമായ ശിക്ഷയായി പുതിയ നിയമത്തിൽ ഉൾപ്പെടുത്തി (CIC 1398/1.3). ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ പ്രധാനപ്പെട്ടത് പഴയ നിയമത്തിൽ വൈദികർക്ക് മാത്രമായിരുന്നു ശിക്ഷ നൽകിയിരുന്നത് എന്നാൽ പുതുക്കിയ നിയമത്തിൽ
  വൈദികരെയും സമർപ്പിതരെയും സഭാ ശുശ്രൂഷ ചെയ്യുന്ന അല്മായരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രായപൂർത്തിയായവർക്ക് എതിരെയുള്ള കുറ്റകരമായ ലൈംഗിക അതിക്രമങ്ങളും പുതുക്കിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
 20. ഉപസംഹാരം
  89 കാനോനുകളാണ് ആറാം തരത്തിലെ ശിക്ഷാ നിയമങ്ങളിൽ ഉള്ളത്. ഇവയിൽ 63 (71%) കാനോനുകൾ മുഴുവനായി ഭേദഗതി ചെയ്യപ്പെട്ടവയാണ്. 9 (10%) കാനോനുകൾ അവയുടെ പഴയ സ്ഥാനത്തു നിന്ന് മാറ്റി. കൂടാതെ 17 (19%) മാറ്റമില്ലാതെ പഴയപോലെ തുടരുന്നുണ്ട്. 1983ലെ കാനോൻ നിയമം പുറത്തിറങ്ങിയപ്പോൾ ഉണ്ടായിരുന്ന സാഹചര്യമല്ല എന്നുള്ളത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സഭ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രത്യേകമായി സഭയിൽ ഉടലെടുത്ത പലവിധത്തിലുള്ള കോളിളക്കങ്ങൾ സഭയ്ക്ക് ഏൽപ്പിച്ച മുറിവ് വളരെ വലുതാണ്. അവയ്ക്കെല്ലാം ഒരു പരിഹാരം കാണുവാനും ഭാവിയിൽ അത്തരം സാഹചര്യങ്ങൾ വരുമ്പോൾ ഏറ്റവും ശ്രദ്ധയോടും വിവേകത്തോടും കൂടെ കൈകാര്യം ചെയ്യുന്നതിന് ഈ പുതുക്കിയ നിയമങ്ങൾ സഹായകമാകുമെന്ന് വലിയ പ്രതീക്ഷയാണ് സഭയ്ക്കുള്ളത്. പുതുക്കിയ കാനോൻ നിയമം പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങൾ കൂടുതലും വനിതാ പൗരോഹിത്യവും വൈദികരുടെ ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള ശിക്ഷാ നിയമങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകി മറ്റുകാര്യങ്ങൾ വിസ്മരിച്ചുക്കൊണ്ട്,വാർത്ത പുറത്തിറക്കിയത് ഏറ്റവും ഖേദകരമാണ്. ലത്തീൻ കാനോൻ നിയമത്തിൽ വന്ന ഈ മാറ്റങ്ങൾ താമസിയാതെതന്നെ പൗരസ്ത്യ കാനോൻ നിയമത്തിലും നിലവിൽ വരും എന്ന് പ്രത്യാശിക്കാം

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group