ടിവിയും പിന്നീട് ഇന്റർനെറ്റുമൊക്കെ മാധ്യമലോകത്തെ അടക്കിവാഴാൻ ആരംഭിക്കുന്നതിനു മുൻപ് പതിറ്റാണ്ടുകളായി അമേരിക്കയുടെ പ്രഥമ വാർത്താ വിനോദോപാധിയായിരുന്നു റേഡിയോ. ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ കത്തോലിക്ക ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പുത്തൻ വിനോദ പരിപാടികളുമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റേഡിയോ തീയേറ്ററുകൾ.
മാൻഹട്ടനിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ‘ദി മെറി ബെഗ്ഗെഴ്സ്’. ദി മെറി ബെഗ്ഗെഴ്സിന്റെ സി ഇ ഓ യും നടനുമായ പീറ്റർ അക്കിൻസൺ ആണ് നിരവധി സഹനടൻമാരുമായി ചേർന്ന് 2019 ൽ ഈ നോൺ പ്രോഫിറ്റ് സ്ഥാപനത്തിന് പുതുജീവൻ നൽകിയത്. മികച്ച പ്രൊഫഷണൽ കലാകാരന്മാർ തങ്ങളുടെ കലാനൈപുണ്യം ദൈവ മഹത്വത്തിനായി കാഴ്ചവയ്ക്കുന്ന അവസരമായാണ് തങ്ങളുടെ ദൗത്യത്തെ അക്കിൻസൺ വിശേഷിപ്പിക്കുന്നത്.
വിനോദ മേഖലയുമായി ബന്ധമുള്ള ഏതൊരാൾക്കും അറിയാവുന്നതുപോലെ എഴുത്തുകാർ അവരുടെ സൃഷ്ടികൾക്ക്, പ്രത്യേകിച്ച് സിനിമ, നാടകം, മറ്റ് സംപ്രേഷണ പരിപാടികൾ, പോലുള്ളവയ്ക്ക് ജന്മം നൽകുന്നത് കഠിനപ്രയത്നങ്ങളിലൂടെയാണ് എന്നും ഒരു ക്രിസ്തീയ ആശയം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് കടന്നുവരുമ്പോൾ ഈ പ്രയത്നങ്ങൾ ഒന്നുകൂടി ദുർഘടമാകുമെന്നും അദ്ദേഹം പറയുന്നു. അതുപോലെതന്നെ കത്തോലിക്കൻ വീക്ഷണങ്ങളുമായി ഏറ്റുമുട്ടിയേക്കാവുന്ന നിരവധി യുക്തികൾ നിലവിലുള്ള ഒരു ലോകത്തിൽ കത്തോലിക്ക അഭിനേതാക്കൾക്ക് വിനോദത്തിലേക്കുള്ള ചുവടുവെപ്പിൽ അനവധി ക്ലേശങ്ങളിലൂടെ കടന്നു പോകേണ്ടിവരും. അപ്രകാരം പ്രതീക്ഷ നഷ്ടപ്പെട്ട് അഭിനയ ജീവിതത്തോട് വിട പറയേണ്ടി വന്ന ഒട്ടനേകം കത്തോലിക്കൻ അഭിനേതാക്കളുടെ അനുഭവങ്ങൾ കാണാനിടവന്നിട്ടുണ്ടെന്നും അക്കിൻസൺ സിഎൻഎ യോട് സാക്ഷ്യപ്പെടുത്തുന്നു.
തങ്ങളുടെ സംസ്കാരത്തെ തന്നെ മാറ്റി മറിക്കാൻ കഴിവുള്ള ക്രിസ്തീയ സൃഷ്ടികളെ താൻ അകമഴിഞ്ഞ് സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊറോണ വൈറസ് ലോകത്ത് പിടിമുറിക്കുന്നതിനു മുൻപ് ഹൈ സ്കൂൾ നാടകാധ്യാപകർകായുള്ള കോൺഫറൻസ് ഉൾപ്പെടെ ന്യൂയോർക്കിലും വാഷിംഗ്‌ടണിലുമായി മറ്റനേകം പ്രവർത്തന പരിപാടികൾക്ക് ദി മെറി ബെഗ്ഗെഴ്സ് പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്കഡൗണും നിയന്ത്രണങ്ങളും നിലവിൽ വന്ന സാഹചര്യത്തിലാണ് ചില മാറ്റങ്ങളോടെ ഈ പദ്ധതികൾ നടപ്പിലാക്കാൻ പുത്തൻ ആശയവുമായി അക്കിൻസണിനോടൊപ്പം മറ്റു ഡയറക്ടർമാരും മുൻപോട്ടു വന്നിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group