ജാഗ്രത! ഹാലോവിൻ ദിനത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു

ഏറ്റവും വലിയ സെക്കുലർ ആഘോഷമായി മാറുന്ന ഹാലോവീനെക്കുറിച്ച് അറിയേണ്ടതെല്ലാം…

പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിഞ്ഞ് നിരത്തുകളിൽ പ്രകടനം നടത്തിയും മത്തങ്ങകൊണ്ട് ഭീകര രൂപങ്ങളുണ്ടാക്കി വീടുകൾ അലങ്കരിച്ചും ആഘോഷിക്കുന്ന ‘ഹാലോവീൻ ദിന’ത്തിന് ആഴ്ചകൾക്കു മുമ്പേതന്നെ അതുമായി ബന്ധപ്പെട്ട വിൽപ്പന വസ്തുക്കൾക്കൊണ്ട് കമ്പോളങ്ങൾ നിറഞ്ഞു.

നിർദോഷകാരികളെന്ന് തോന്നിപ്പിക്കുന്ന ‘ഹാലോവീൻ സ്‌പെഷ്യൽ’ കാൻഡികൾ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കോസ്റ്റ്യൂമുകൾ വരെ ഇടംപിടിച്ചു തുടങ്ങി വിപണിയിൽ. ബില്യൺ കണക്കിന് തുക ഇത്തവണയും ഇതിനായി വിനിയോഗിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. എത്രപ്രാധാന്യത്തോടെയാണ് ‘ഹാലോവീൻ’ ദിനാഘോഷത്തെ ജനം കാണുന്നതെന്ന് ഇതിൽ നിന്ന് വ്യക്തം.

വിവിധ പേരുകളിൽ ഒട്ടേറെ ദിനങ്ങൾ ആചരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന പാശ്ചാത്യജനതയ്ക്ക് ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ സെക്കുലർ ആഘോഷമാണ് ‘ഹാലോവീൻ ദിനം.’ എന്തിനേറെ പറയണം, വളർത്തുമൃഗങ്ങളെപ്പോലും പ്രത്യേക കോസ്റ്റ്യൂമുകൾ അണിയിച്ചാവും അന്ന് പുറത്തിറക്കുക.

നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെപ്പോലും പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിയിച്ചും മറ്റും ഈ ഭീകരാഘോഷം ആചരിക്കുന്നവരിൽ പലരും ഹാലോവീന്റെ പിന്നിലുള്ള ഐതിഹ്യത്തെക്കുറിച്ചും പിന്നാമ്പുറ കഥകളെക്കുറിച്ചും അജ്ഞരാണെന്നതാണ് സത്യം. മറ്റുള്ളവർ ചെയ്യുന്നതിനെ അന്ധമായി അനുകരിക്കുന്നതിനുമുമ്പ് ഇതിന്റെ ദോഷങ്ങൾ അറിയണം. അപ്രകാരം അറിവു നേടുന്നവർ അത് മറ്റുള്ളവരിലേക്ക് പകരുകയും വേണം.

ഹാലോവീൻ ഡേ: സാത്താന്റെ ദിനം

ക്രിസ്തുവിനുമുമ്പ് യൂറോപ്പിൽ ജീവിച്ച അപരിഷ്‌കൃതരും സത്യദൈവ വിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തിൽ നിന്നാണ് ഈ ആഘോഷം ആരംഭിച്ചതെങ്കിലും സകല വിശുദ്ധരുടെയും തിരുനാളിന് (ഓൾ സെയിന്റ്‌സ് ഡേ) തലേദിവസം എന്നുള്ള ‘ആൾ ഹോളോസ് ഈവ്’ എന്ന ഇംഗ്ലീഷ് വാക്കിൽ നിന്നാണ് ഹാലോവീൻ എന്ന പേര് ഉണ്ടാകുന്നത്.

ക്രിസ്തുവിശ്വാസത്തെപ്രതി പീഡനമേൽക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധരുടെ ഓർമദിനങ്ങൾ ആചരിക്കുന്ന പാരമ്പര്യം ആദ്യ നൂറ്റാണ്ടിൽത്തന്നെ സഭയിൽ ഉണ്ടായിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഗ്രിഗറി മൂന്നാമൻ പാപ്പ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സകല വിശുദ്ധർക്കും വേണ്ടി സമർപ്പിച്ചതോടെ നവംബർ ഒന്ന് സകല വിശുദ്ധരുടേയും തിരുനാളായി ആചരിച്ചു തുടങ്ങി. എ.ഡി. 844ൽ ഗ്രിഗരി നാലാമൻ പാപ്പയുടെ കാലം മുതൽ സാർവത്രിക സഭ മുഴുവനിലേക്കും ഈ ആഘോഷം വ്യാപിച്ചു.

സകല വിശുദ്ധരുടെയും തിരുനാളിന് തലേദിവസം ഒരു ദുരാചാരത്തിന്റെ ആഘോഷമായിത്തീർന്നതിന്റെ പശ്ചാത്തലം കൗതുകകരമാണ്. ക്രിസ്തുവിന് വർഷങ്ങൾക്കുമുമ്പ് ഇംഗ്ലണ്ട് സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ സെർട്ടിക്ക് ജനതയുടെ പുതുവത്സര ആഘോഷ അവസരമായിരുന്നു ഇത്. ‘ട്രൂയിസ്’ എന്നറിയപ്പെടുന്ന പ്രാചീന പുരോഹിതവർഗമാണ് ഈ വിജാതീയ ജനതയെ നിയന്ത്രിച്ചിരുന്നത്.

പുതുവത്സരത്തിനു തലേദിവസം മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ ഭവനങ്ങളിലേക്കു പോകാൻ മരണത്തിന്റെ ദേവനായ ‘സാഹയിൻ’ അനുവദിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. പാപത്തിൽ മരിച്ചവരുടെ മോചനത്തിനു വേണ്ടി മൃഗബലിയും നരബലിയും അർപ്പിച്ചിരുന്ന അവർ, പിശാചുക്കൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ വീടിനു പുറത്ത് ഭക്ഷണം കരുതിവെക്കുകയും ചെയ്തിരുന്നു.

പിശാചുക്കളുടേയും പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും ഭീകരരൂപത്തിലുള്ള വേഷങ്ങൾ ധരിച്ചാൽ തങ്ങളെ ഉപദ്രവിക്കാതെ അവർ കടന്നു പോകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിനുവേണ്ടിയാണ് പുതുവത്സരത്തിനു മുൻപുള്ള രാത്രിയിൽ ജനങ്ങളെല്ലാം ഇത്തരം വേഷങ്ങൾ ധരിച്ചിരുന്നത്. റോമാക്കാർ സെർട്ടിക് പ്രദേശങ്ങൾ കീഴടക്കിയപ്പോൾ രക്തരൂക്ഷിതമായ പല ആചാരങ്ങളും അവർ നിരോധിച്ചു.

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത സെർട്ടിക് ജനത തങ്ങളുടെ പഴയ ആചാരങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചതാണ് ഈ ആചാരത്തിന് കാരണമായത്. സകല വിശുദ്ധരുടേയും തിരുനാളിന് തലേദിവസമാണ് ഈ ആഘോഷങ്ങൾക്കായി അവർ തിരഞ്ഞെടുത്തത്.

അയർലൻഡിലൂടെ അമേരിക്കയിലേക്കും :

കഴിഞ്ഞ നൂറ്റാണ്ടിൽ ഐറിഷ് ജനത വ്യാപകമായി അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ ഈ ഹാലോവീൻ ആഘോഷങ്ങളും വേഷങ്ങളും ‘ജാക്കിന്റെ റാന്ത’ലും ‘ട്രിക്ക് ആൻഡ് ട്രീറ്റു’മൊക്കെ അമേരിക്കയിൽ പുനർ അവതരിപ്പിക്കപ്പെട്ടു. ജാക്കിന്റെ റാന്തലുകൾ തൂക്കിയിടുന്നതും ഉരുളക്കിഴങ്ങുകൊണ്ട് (അമേരിക്കയിൽ മത്തൻ) ഭീകരരൂപങ്ങൾ ഉണ്ടാക്കി ജനലുകൾക്കും കതകുകൾക്കും മുന്നിൽ തൂക്കിയിടുന്നതും പഴയൊരു ഐറിഷ് ഐത്യഹിത്യത്തിന്റെ ബാക്കിപത്രമാണ്.

ജാക്ക് എന്ന പിശുക്കനായ മനുഷ്യൻ പിശാചിനെ പറ്റിക്കുകയും പിശാചുമായുണ്ടാക്കിയ കരാർ പ്രകാരം, മരണശേഷം നരകത്തിലേക്ക് പോകാതെ ഒരു തീക്കനലിന്റെ ജ്വാലയുമായി ഭൂമിയിൽ ചുറ്റി സഞ്ചരിക്കാൻ അയാൾക്ക് അനുവാദം ലഭിക്കുകയും ചെയ്തുവത്രേ. ഈ ജാക്ക് വന്ന് ശല്യം ചെയ്യാതിരിക്കാനാണത്രേ വീടുകൾക്കുമുന്നിൽ ഇത്തരം ഭീകരരൂപങ്ങൾവെച്ച് അലങ്കരിക്കുന്നത്. കമ്പോളത്തിൽ ഈ ആഘോഷത്തിന്റെ വാണിജ്യ സാധ്യതകൾ മനസ്സിലാക്കിയ വ്യാപാരസമൂഹം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ഹാലോവീൻ ആഘോഷത്തിന് പ്രചാരം നൽകി. അതോടെയാണ് ഹാലോവീന്റെ പേരിലുള്ള ആഘോഷങ്ങൾ കൊഴുത്തത്.

നിർഭാഗ്യവശാൽ ഹാലോവീനുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുന്നതും അവരെ പങ്കാളികളാക്കുന്നതും ഭീകരരൂപങ്ങളും സാത്താൻ വേഷങ്ങളും അസ്ഥികൂടങ്ങളും അപസർപ്പക കഥകളിലെ കഥാപാത്രങ്ങളുടെ ഛായകളും രക്തരക്ഷസുകളും രാക്ഷസ ഭാവങ്ങളുമൊക്കെയാണ്. ഇത്തരം വേഷങ്ങളും ഉൽപ്പന്നങ്ങളും വിറ്റഴിച്ച് ലാഭം കൊയ്യാനുള്ള കച്ചവടതന്ത്രത്തിന്റെ ഭാഗമായി ഈ ആഘോഷങ്ങൾക്ക് പ്രചാരം നൽകാൻ കമ്പോള സംസ്‌ക്കാരം ശ്രമിക്കുമ്പോൾ പലരും അറിയാതെ പോകുന്ന മറ്റൊരു വശം കൂടി ഇതിനുണ്ട്.

തിരിച്ചറിയണം സാത്താൻസേവ :

സത്യദൈവത്തെ നിഷേധിച്ചു കൊണ്ട് സാത്താനെ പരസ്യമായി ആരാധിക്കുന്ന വലിയൊരു ജനവിഭാഗം ലോകത്തെല്ലായിടത്തുമുണ്ട്. ഒരു സംഘടിത മതത്തിന്റെ രൂപഭാവങ്ങളോടെ ആചാരങ്ങളും ആരാധനകളും നടത്തുന്ന സാത്താൻ സഭാവിഭാഗങ്ങളുടെ ഏറ്റവും വലിയൊരു ആഘോഷ ദിനമാണ് ഹാലോവീൻ. കുറെനാൾ മുമ്പുവരെ രഹസ്യമായി പ്രവർത്തിച്ചിരുന്ന സാത്താൻ സഭയും അതുപോലെയുള്ള ‘ഒക്കൾട്ട്’ പ്രസ്ഥാനങ്ങളും ഇപ്പോൾ പരസ്യമായിത്തന്നെ പലയിടങ്ങളിലും സജീവമാണ്.

ബ്ലാക്ക് മാസുകളും നഗ്‌നപൂജകളും ലൈംഗികവൈകൃതങ്ങളുമെല്ലാം അവരുടെ ആരാധനയുടെ ഭാഗമാണിന്ന്. ഇതൊന്നുമറിയാതെ വെറും ആഘോഷത്തിനു വേണ്ടി ഭീകര വേഷങ്ങൾ ധരിച്ചാടുന്നവരും അതിലൂടെ സാത്താന്റെ മഹത്വമാണ് പരോക്ഷമായി പ്രഘോഷിക്കുന്നത്. സ്‌കൂളുകളിൽ ഒന്നിച്ചു പഠിക്കുന്ന മറ്റ് കുട്ടികൾ ചെയ്യുന്നതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ നമ്മുടെ കുഞ്ഞുങ്ങളെയും അനുവദിക്കണമെന്നുണ്ടോ; ആഘോഷത്തിന്റെ പേരിൽ സാത്താനെ പ്രസാദിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ?

ഈ ദുരാചാരത്തിന്റെ പശ്ചാത്തലവും യാഥാർത്ഥ്യങ്ങളും നമ്മുടെ കുഞ്ഞുങ്ങൾക്ക് വിശദീകരിച്ചു കൊടുത്താൽ അവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാനാകും. മാത്രമല്ല, കത്തോലിക്കാ സഭയുടെ മഹത്തായ പാരമ്പര്യമനുസരിച്ച് സകലവിശുദ്ധരുടെ തിരുനാൾ ആഘോഷിക്കാൻ അവരെ പ്രേരിപ്പിക്കാനും കഴിയും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group