ഈശോയിൽ പ്രിയപ്പെട്ട അച്ചന്മാരേ, സന്യസ്തരേ, അല്മായ സഹോദരങ്ങളെ,
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളെയും സ്ഥാപനങ്ങളെയും സന്യാസ സമൂഹങ്ങളെയും ഏകോപിപ്പിക്കുകയും, അജപാലനപരമായ ആവശ്യങ്ങൾ നിയമാനുസൃതം സാധിച്ചു കൊടുക്കുകയും ചെയ്യുന്ന സഭാഭരണ കേന്ദ്രമാണല്ലോ നമ്മുടെ അതിരൂപത ആസ്ഥാന മന്ദിരം. സമീപകാലത്തുണ്ടായ ചില പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, അതിരൂപതാ കൂരിയയുടെ സേവനം തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു.
ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ, അതിരൂപത നേരിടുന്ന വെല്ലുവിളികൾ എങ്ങനെ പരിഹരിക്കാമെന്ന് 2024 സെപ്റ്റംബർ 26 തീയതി നടന്ന ആലോചന സമിതി യോഗം വിശദമായി പരിശോധിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനത്തിൽ ഏർപ്പെട്ടിരുന്ന മേജർ ആർച്ച് ബിഷപ്പുമായി ആലോചന സമിതി അംഗങ്ങളും ഞാനും ഫോണിൽ സംസാരിച്ചു. ആഗോള സിനഡിൽ സംബന്ധിക്കാൻ ഉടൻതന്നെ റോമിലേക്ക് പോവുകയാണെന്നും, തദവസരത്തിൽ അതിരൂപതയിൽ ഇപ്പോഴുള്ള പ്രത്യേക സാഹചര്യം മേലധികാരികളെ അറിയിച്ചു പ്രശ്നപരിഹാരത്തിന് ശ്രമിക്കാം എന്നും മേജർ ആർച്ചുബിഷപ്പ് ഞങ്ങളെ അറിയിച്ചു. ആലോചന സമിതി അംഗങ്ങൾ തയ്യാറാക്കിയ ഒരു അടിയന്തര അപേക്ഷ മേജർ ആർച്ചുബിഷപ്പിനും സിനഡംഗങ്ങളായ എല്ലാ പിതാക്കന്മാർക്കും ഞാൻ അയച്ചു.
ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ലെങ്കിൽ, നിയന്ത്രണാതീതമായ പ്രതിഷേധങ്ങളുടെ നടുവിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ തുടർന്ന് നിർവഹിക്കുന്നത് പ്രയോഗികമായി അസാധ്യമാകുമെന്ന് കൂരിയയിൽ സേവനം ചെയ്യുന്ന വൈദികർ എന്നേയും ആലോചന സമിതിയേയും അറിയിച്ചു. ഏത് സാഹചര്യത്തിലും അതിരൂപത കേന്ദ്രത്തിൽതന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ഞാൻ അറിയിച്ചു. വൈദികരും അല്മായരും അതിരൂപത ആസ്ഥാനത്തേക്ക് വലിയ ഗണങ്ങളായി വരികയാണെങ്കിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ആലോചന സമിതി വിലയിരുത്തി.
2024 സെപ്റ്റംബർ 27ന് വലിയൊരു വിഭാഗം വൈദികരും അല്മായരും അതിരൂപത ആസ്ഥാനത്ത് എത്തുമെന്ന് വ്യക്തമായ സൂചന ലഭിച്ച സാഹചര്യത്തിൽ, കൂരിയ അംഗങ്ങളും, തുടർന്ന് ഞാനും അതിരൂപതാ കേന്ദ്രത്തിൽ നിന്ന് മാറി താമസിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച അതിരൂപത ആസ്ഥാനത്ത് എത്തിയവരിൽ ഒരു വിഭാഗം വിവിധ തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും മറ്റുമായി അവിടെതന്നെ തുടരുന്നതുമൂലം അതിരൂപത കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നിശ്ചലമായിരിക്കുകയാണ്. പല തരത്തിലുള്ള ആവശ്യങ്ങൾക്കായി അതിരൂപത കേന്ദ്രത്തിൽ എത്തുന്നവർ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.
സന്ധിയില്ലാത്ത സമരങ്ങളിലൂടെയല്ല സഭാ ജീവിതത്തിലെ പ്രതിസന്ധികൾക്ക് നാം പരിഹാരം കാണേണ്ടത്. പ്രശ്ന പരിഹാരത്തിനുള്ള പരിശ്രമങ്ങളും, അധികാരികളോടുള്ള അനുസരണവും, പരിശുദ്ധാത്മാവിന്റെ പ്രത്യേക ഇടപെടലിനുവേണ്ടിയുള്ള പ്രാർത്ഥനയുമാണ് നമ്മുടെ എല്ലാവരുടേയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
അതിരൂപത ആസ്ഥാനത്ത് തുടരുന്ന വൈദികരും അല്മായരും അവിടെ നിന്ന് എത്രയും വേഗം തിരിച്ചു പോകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. അനുവാദമില്ലാത്ത യോഗങ്ങൾക്കും പ്രകടനങ്ങൾക്കും അതിരൂപത ആസ്ഥാനം വേദിയാക്കരുതെന്ന് അറിയിക്കുന്നു.
ഈശോയുടെ തിരുഹൃദയത്തിന്റെ സംരക്ഷണത്തിന് നിങ്ങളെ ഏവരെയും സമർപ്പിച്ചുകൊണ്ട്,
ബിഷപ്പ് ബോസ്കോ പുത്തൂർ
എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m