സിദ്ധാർഥൻ്റെ മരണം: അന്വേഷണം പൂർത്തിയായി; പോലീസ് റിപ്പോർട്ട് ശരിവച്ച് സി.ബി.ഐയും

പൂക്കോട്‌ വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ്‌. സിദ്ധാര്‍ഥിന്റെ മരണം സംബന്ധിച്ച കേസിന്റെ കുറ്റപത്രം ഈ മാസം സി.ബി.ഐ. സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയായി. ഇനി ലാബ്‌ പരിശോധനാ റിപ്പോര്‍ട്ടുകള്‍മാത്രമേ ലഭിക്കാനുള്ളൂ. അടുത്താഴ്‌ച ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. സിദ്ധാര്‍ഥിന്റെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകമല്ലെന്നും സംഘംചേര്‍ന്നുള്ള വിചാരണയ്‌ക്കിടെ മരണപ്പെട്ടുവെന്നുമാണു സി.ബി.ഐയുടെയും നിഗമനം. പോലീസിന്റെ കണ്ടെത്തല്‍ ശരിവയ്‌ക്കുന്നതാണു സി.ബി.ഐ. റിപ്പോര്‍ട്ട്‌. മറിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ പോലീസും ഉള്‍പ്പെടുത്തിയിരുന്നില്ല. ആദ്യം കേസ്‌ അന്വേഷിച്ച കല്‍പ്പറ്റ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ 20 പേരെയാണു പ്രതി ചേര്‍ത്തിരുന്നത്‌. ഇവര്‍ക്കു പുറമേ ഒരാള്‍ കൂടി സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുണ്ട്‌. എന്നാല്‍, ഇയാളുടെ പേരു പരാമര്‍ശിച്ചിട്ടില്ല. ഒരാളെ സംശയമുണ്ടായിരുന്നെങ്കിലും അവരെ ഉള്‍പ്പെടുത്തണോ എന്നതിലും കൊലപാതകക്കുറ്റം ചുമത്തുന്ന കാര്യത്തിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇവര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു സൂചന. അതിനാല്‍, ഇവരെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം അഭിഭാഷകരുമായി ആലോചിച്ചാവും തീരുമാനിക്കുക.
ആള്‍ക്കൂട്ട കൊലപാതകം എന്ന നിലയ്‌ക്കു തന്നെയാണു സി.ബി.ഐയും എത്തിയിരിക്കുന്നത്‌. സി.ബി.ഐ. ഡല്‍ഹി സ്‌പെഷല്‍ യൂണിറ്റ്‌-2 ആണു കേസ്‌ അന്വേഷിക്കുന്നത്‌. സി.ബി.ഐ. ഫോറന്‍സിക്‌ സംഘം കഴിഞ്ഞാഴ്‌ച പൂക്കോട്‌ എത്തിയിരുന്നു. ഡമ്മി പരിശോധനയും നടത്തി. കേസിന്റെ തുടര്‍നടപടികള്‍ക്കായി മാനന്തവാടി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നിന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലേക്കു മാറ്റി. പ്രതികളുടെ ജാമ്യാപേക്ഷ, കുറ്റപത്രം തുടങ്ങിയവ പരിഗണിക്കുക എറണാകുളത്താവും. വെറ്റിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിനെ കഴിഞ്ഞ ഫെബ്രുവരി 18-നാണ്‌ കാമ്ബസിലെ ഹോസ്‌റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. സഹപാഠികള്‍ സംഘം ചേര്‍ന്ന്‌ പീഡിപ്പിച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ്‌ സിദ്ധാര്‍ഥിന്റെ കുടുംബം ആരോപിക്കുന്നത്‌. കഴിഞ്ഞ ഏഴിനാണു അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനം പുറത്തിറക്കിയത്‌. ഒരു മാസം തികയുന്നതിനു മുമ്ബുതന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതു സി.ബി.ഐക്കു നേട്ടമാണ്‌. സര്‍ക്കാര്‍ തീരുമാനിച്ചു ഫയല്‍ കൈമാറിയിട്ടും സി.ബി.ഐ. കേസ്‌ ഏറ്റെടുത്തിരുന്നില്ല.

തുടര്‍ന്നു ഹൈക്കോടതി ഇടപെട്ടതോടെയാണു കേസ്‌ സി.ബി.ഐ. ഏറ്റെടുത്തത്‌.
സംസ്‌ഥാനത്തു കൊച്ചിയിലും തിരുവനന്തപുരത്തുമാണു സി.ബി.ഐ. കോടതികളുള്ളത്‌. കൊച്ചിയില്‍ സാമ്ബത്തിക, അഴിമതിക്കുറ്റങ്ങളും തിരുവനന്തപുരത്ത്‌ സ്‌പെഷല്‍ ക്രൈം വിങ്ങുമാണുള്ളത്‌. കൊലപാതകക്കേസായതിനാല്‍, തിരുവനന്തപുരം ഓഫീസാണു കൈകാര്യം ചെയേ്ണ്ടതെങ്കിലും സൗകര്യോര്‍ഥമാണു എറണാകുളത്തേക്കു മാറ്റിയത്‌. കൊച്ചി, തിരുവനന്തപുരം യൂണിറ്റുകള്‍ ഒരു ഡി.ഐ.ജിയുടെ കീഴിലാണ്‌.
കൂടുതലായൊന്നും അന്വേഷിക്കാനില്ലെന്ന്‌ ഉറപ്പാക്കിയശേഷമാണു സര്‍ക്കാര്‍ കേസന്വേഷണം സി.ബി.ഐക്കു വിട്ടതെന്നു വ്യക്‌തമാകുന്നതാണു സി.ബി.ഐയുടെ കണ്ടെത്തലും. മറ്റു ദുരൂഹതകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടുമില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group