അടഞ്ഞുകിടക്കുന്ന ദേവാലയങ്ങൾ എത്രയും വേഗം തുറന്ന് വി.കുർബാന അർപ്പിക്കും : ബിഷപ് ബോസ്കോ പുത്തൂർ…

സീറോമലബാർ ഹയരാർക്കിയുടെയും എറണാകുളം അതിരൂപതയുടെയും സ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ പൂർത്തിയായ ഈ അവസരത്തിൽ, നന്ദി പ്രദർശിപ്പിക്കാൻ കഴിയാത്തവിധം അത്രയധികം നന്മകളാണ് നല്ലവനായ ദൈവം സീറോമലബാർ സഭയ്ക്കും നമ്മുടെ അതിരൂപതയ്ക്കും നൽകിയിരിക്കുന്നത് എന്ന് പ്രാർത്ഥനാപൂർവ്വം നമുക്ക് അനുസ്മരിക്കാം.

ആരാധനക്രമ വിഷയങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ അതിരൂപത ഏറെ പ്രതിസന്ധികളിലൂടെയാണ് ഏതാനും വർഷങ്ങളായി കടന്നുപോയി ക്കൊണ്ടിരിക്കുന്നത് എന്നു നിങ്ങൾക്കറിയാമല്ലോ. അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി ചുമതലയേറ്റതു മുതൽ ഈ പ്രശനത്തിന് ഉചിതമായ പരിഹാരമുണ്ടാകാൻ ഞാൻ തീക്ഷ്‌ണമായി പ്രാർത്ഥിക്കുകയും ആത്മാർത്ഥമായും തീവ്രമായും പരിശ്രമിക്കുകയും ചെയ്‌തു കൊണ്ടിരിക്കുകയാണ്. പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചുബിഷപ്പ് സിറിൽ വാസിൽ പിതാവും ഞാനും നമ്മുടെ അതിരൂപതയിലെ അച്ചന്മാരും സന്ന്യസ്‌തരും അല്‌മായ സഹോദരങ്ങളുമായി രാപകൽ വിവിധ തലങ്ങളിൽ ദീർഘ സംഭാഷണങ്ങൾ നടത്തുകയുണ്ടായി. സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പണരീതി എങ്ങനെ ഫലപ്രദമായും സമാധാന അന്തരീക്ഷത്തിലും നമ്മുടെ അതിരൂപതയിൽ നടപ്പാക്കാം എന്നതായിരുന്നു ചർച്ചകളുടെ ലക്ഷ്യം. ഈ സംരംഭത്തിൽ പങ്കെടുത്ത ആർച്ചുബിഷപ്പ് സിറിൽ വാസിൽ പിതാവിനെയും സഹകരിച്ച ബഹുമാനപ്പെട്ട അച്ചന്മാരേയും സന്ന്യസ്‌തരേയും അല്‌മായ സഹോദരങ്ങളേയും ഞാൻ നന്ദിയോടെ ഓർക്കുന്നു.

ചർച്ചകളുടെ ഫലമായി നിർണായകമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. സിനഡ് തീരുമാനപ്രകാരം നമ്മുടെ അതിരൂപത മുമ്പോട്ട് പോകണമെന്നാണ് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൻ്റെയും വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെയും ഫ്രാൻസിസ് മാർപാപ്പയുടെയും നിശ്ചയം എന്ന് വത്തിക്കാനിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പ് പൊന്തിഫിക്കൽ ഡലഗേറ്റ് എന്നോട് പറയുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ, സിനഡ് തീരുമാനിച്ചതും, ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്‌തതും നടപ്പാക്കാൻ നമ്മോട് ആവശ്യപ്പെട്ടതും പോലെ നമ്മുടെ കർത്താവീശോമിശിഹായുടെ പിറവി തിരുനാളിന് (ഡിസംബർ 25) സിനഡ് തീരുമാനപ്രകാരമുള്ള കുർബാന അർപ്പണരീതി ആരംഭിക്കാൻ
ഗ്ലൈഹീക ശുശ്രൂഷയിൽ നിങ്ങളുടെ ജ്യേഷ്ഠസഹോദരനായ ഞാൻ വിനീതമായി നമ്മുടെ അതിരൂപതയിലെ അച്ചന്മാരോടും സന്ന്യസ്‌തരോടും അല്‌മായ സഹോദരങ്ങളോടും അഭ്യർത്ഥിക്കുകയും അനുസ്‌മരിപ്പിക്കുകയും ചെയ്യുന്നു. സമാധാന അന്തരീക്ഷത്തിൽ ഇത് നടപ്പാക്കാൻ നിങ്ങൾ നടത്തുന്ന ആത്മാർത്ഥമായ ശ്രമങ്ങൾക്ക് നല്ലവനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

നമ്മുടെ അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ഉൾപ്പെടെ അടഞ്ഞുകിടക്കുന്ന ദേവാലയങ്ങൾ എത്രയും വേഗം തുറന്ന് വിശുദ്ധ കുർബാനയും മറ്റു തിരുക്കർമ്മങ്ങളും നടത്താനാവശ്യമായ സാഹചര്യം ഒരുക്കാൻ ചുമതലപ്പെട്ട എല്ലാവരും ശ്രമിക്കേണ്ടതാണ്.

“അത്യുന്നതങ്ങളിൽ ദൈവത്തിനു സ്‌തുതി. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം” (ലൂക്കാ 2:14). ഈശോയുടെ പിറവിയോടനുബന്ധിച്ച് വാനദൂതർ ആശംസിച്ച ഈ സമാധാനം നാം ഓരോരുത്തരുടേയും ഹൃദയത്തിലും നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും അതിരൂപതയിലും സമൂഹത്തിലും നിറയട്ടെ. നമ്മുടെ കർത്താവിശോമിശിഹായുടെ പിറവി തിരുനാളിന്റെ അനുഗ്രഹങ്ങളും നന്മകളും ഏവർക്കും ആശംസിച്ചുകൊണ്ട്,…

ബിഷപ് ബോസ്കോ പുത്തൂർ, അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ എറണാകുളം-അങ്കമാലി അതിരൂപത

 


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group