മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാങ്പോക്കി ജില്ലയിലാണ് കുക്കികളും മെയ്തേയികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ഇതില്‍ മെയ്തേയി വിഭാഗത്തിലെ ഒരാള്‍ കൊല്ലപ്പെട്ടുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് മണിപ്പൂരില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഡിസംബര്‍ നാലിന് മണിപ്പൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം കാര്യമായ സംഘര്‍ഷങ്ങള്‍ മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഇതിനിടെ മണിപ്പൂരിലെ അതിര്‍ത്തി നഗരമായ മൊറേയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരന് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് 3.30ഓടെയാണ് സായുധസംഘം പൊലീസുകാരെ പതിയിരുന്ന് ആക്രമിച്ചത്. സ്ഫോടക വസ്തുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് സുരക്ഷാസേന സായുധസംഘത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തിനിടെ പരിക്കേറ്റ പൊലീസുകാരൻ അസം റൈഫിള്‍സ് ക്യാമ്ബില്‍ ചികിത്സയില്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെറേയില്‍ നിന്ന് അടുത്തുള്ള ചെക്ക്പോസ്റ്റിലേക്ക് പൊലീസിന്റെ വാഹനവ്യൂഹം സഞ്ചരിക്കുമ്ബോഴാണ് അതിന് നേരെ ആക്രമണമുണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് മൊറേയില്‍ സംഘര്‍ഷമുണ്ടായെന്ന് രണ്ട് വീടുകള്‍ക്ക് തീവെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഈ മാസം ആദ്യം മണിപ്പൂരില്‍ അജ്ഞാതസംഘം നടത്തിയ ആക്രമണത്തില്‍ ഇന്ത്യൻ റിസര്‍വ് ബറ്റാലിയൻ ജവാനും സിവിലിയനും കൊല്ലപ്പെട്ടിരുന്നു. കാങ്പോക്കി ജില്ലയിലാണ് അന്ന് ആക്രമണമുണ്ടായത്.

മണിപ്പൂരില്‍ മെയ്തേയികളും കുക്കികളും തമ്മില്‍ മേയ് മൂന്നിന് തുടങ്ങിയ വംശീയ സംഘര്‍ഷം സംസ്ഥാനത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരുന്നു. മെയ്തേയി സമുദായത്തിന്റെ സംവരണ ആവശ്യത്തിനെതിരെ നടന്ന മാര്‍ച്ചിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് സംഘര്‍ഷമുണ്ടായത്. ഇതുവരെ സംഘര്‍ഷങ്ങളില്‍ 180 പേര്‍ക്ക് ജീവൻ നഷ്ടമായെന്നാണ് കണക്ക്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group