അനുദിന വിശുദ്ധർ: ഡിസംബർ 03- വിശുദ്ധ ഫ്രാൻസിസ്‌ സേവ്യർ

Daily Saint : December 03- Saint Francis Xavier

സ്‌പെയിനിലെ ഹവാരയിലെ പ്രഭു കുടുംബമായ ബാസ്ക്യു കുടുംബത്തിൽ 1506-ലാണ് വിശുദ്ധ ഫ്രാൻസിസ്‌ സേവ്യറിന്റെ ജനനം. പാരീസിലെ സർവ്വകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ തന്നെ അദ്ദേഹം തത്വശാസ്ത്രം പഠിപ്പിച്ചു തുടങ്ങി. ഇവിടെ വെച്ചാണ് അദ്ദേഹം ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസിനെ കണ്ടുമുട്ടുന്നത്. ഒരു മനുഷ്യൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടെപ്പടുത്തിയാൽ എന്തു പ്രയോജനം എന്ന ദൈവവചനത്തിലൂടെ വി. ഇഗ്നേഷ്യസ് ലയോള യേശുസ്‌നേഹത്തിന്റെ അഗാധതയിലേയ്ക്കു കൊണ്ടുവന്ന യുവാവാണ് ഫ്രാൻസിസ് സേവ്യർ. നാലുവർഷം കഴിഞ്ഞ് 1534-ൽ മോൺമാത്രയിൽ, ഇഗ്നേഷ്യസും പീറ്റർ ഫാബറും അടക്കം ഏഴുപേർ ചേർന്ന് ഈശോസഭ സ്ഥാപിച്ചു. ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവയ്ക്കു പുറമേ മാർപാപ്പായുടെ നിർദ്ദേശമനുസരിച്ചുള്ള സേവനവും അവർ വ്രതമായെടുത്തു. തുടർന്ന് അദ്ദേഹം ആദ്യ ഏഴ് ജെസ്യൂട്ടുകളിൽ ഒരാളായി തീർന്നു. അവർ വിശുദ്ധ നഗരം സന്ദർശിക്കുവാൻ തീരുമാനിച്ചെങ്കിലും വെനീസും തുർക്കിയും തമ്മിലുള്ള യുദ്ധം കാരണം അവർക്കതിന് സാധിച്ചില്ല. അതിനാൽ കുറച്ചു കാലത്തേക്ക് വിശുദ്ധൻ പാദുവായിലും, ബൊളോണയിലും റോമിലും തന്റെ പ്രവർത്തനങ്ങളുമായി കഴിഞ്ഞു.

1537-ൽ വെനീസിൽ വച്ച് ഫ്രാൻസിസ്‌ സേവ്യർ വൈദികനായി. തുടർന്ന് വെനീസ്, ബൊളേഞ്ഞ, റോമ എന്നിവിടങ്ങളിൽ ജോലിചെയ്തു. 1540-ൽ ഈസ്റ്റ്‌ ഇൻഡീസിലെ പോർച്ചുഗീസ് അധീനപ്രദേശങ്ങളിൽ സുവിശേഷ പ്രഘോഷണത്തിനായി വിശുദ്ധ ഇഗ്നേഷ്യസ്‌ ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. ഇതേ തുടർന്ന് വിശുദ്ധനെ കിഴക്കിലെ രാജകുമാരൻമാർക്ക്‌ പരിചയപ്പെടുത്തുന്ന മാർപാപ്പയുടെ നാല് ഔദ്യോഗിക രേഖകളുമായി വിശുദ്ധൻ
1541 ഏപ്രിൽ ഏഴിന് ലിസ്ബണിൽ നിന്നും ഇന്ത്യയിലേയ്ക്കു യാത്രതിരിച്ചു. 1541 മെയ് ആറിന് ഗോവയിൽ കപ്പലിറങ്ങി ഇന്ത്യയിലെത്തി. മാർപാപ്പായുടെ പ്രതിനിധിയായിട്ടു കൂടി നിയമനം ഉണ്ടായിരുന്നെങ്കിലും ഒരു വിനീതവൈദികനായി ജീവിച്ചു. അങ്ങനെ പത്ത് വർഷക്കാലം നീണ്ടുനിന്ന വിശുദ്ധന്റെ സുവിശേഷ പ്രഘോഷണ ദൗത്യത്തിന് ആരംഭം കുറിച്ചു. ഗോവയിൽ വിശുദ്ധൻ പ്രായപൂർത്തിയായവർക്ക് പ്രബോധനങ്ങൾ നൽകുകയും തെരുവിൽ മണിയടിച്ച് കുട്ടികളെ വിളിച്ചു കൂട്ടുകയും അവർക്ക്‌ വേദപാഠങ്ങൾ പകർന്നു നൽകുകയും ചെയ്തു. കൂടാതെ ആശുപത്രികളും തടവറകളും സന്ദർശിക്കുകയും ചെയ്തു. ക്രമേണ വിശുദ്ധൻ ഇന്ത്യകാർക്കിടയിൽ സുവിശേഷം പ്രഘോഷിക്കുവാൻ ആരംഭിച്ചു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ വളരെ ലളിതമായ നാട്ടു കഥകളായും ചെറിയ ഗാനങ്ങളാക്കിയും അദ്ദേഹം നാട്ടുകാരുടെ ഹൃദയങ്ങളിൽ പതിപ്പിച്ചു. തുടർന്ന് കന്യാകുമാരിയിലേക്ക് പോയ വിശുദ്ധൻ അവിടെ പരവൻമാരെ മാമോദീസ മുക്കുവാൻ ആരംഭിച്ചു.

ചില ദിവസങ്ങളിൽ മാമോദീസ മുങ്ങുന്നവരുടെ ആധിക്യം നിമിത്തം വേദനയാൽ അദ്ദേഹത്തിന് തന്റെ കരങ്ങൾ ഉയർത്തുവാൻ പോലും സാധിച്ചിരുന്നില്ല. അവിടെ നിന്നും അദ്ദേഹം തിരുവിതാംകൂറിലേക്ക് പോയി. അവിടെ പല ഗ്രാമങ്ങളിലുമായി 45-ഓളം പള്ളികൾ പണിതു. പിന്നീട് മലയായിലെ മലാക്കയിൽ പോവുകയും അവിടെ ഏതാണ്ട് പതിനെട്ടു മാസങ്ങളോളം സുവിശേഷപ്രഘോഷണവും, ജ്ഞാനസ്നാനം നൽകലുമായി ദ്വീപുകളിൽ നിന്നും ദ്വീപുകളിലേക്ക് വിശുദ്ധൻ യാത്രകൾ നടത്തി.

തിരിച്ച് ഗോവയിലെത്തിയ വിശുദ്ധൻ, ജപ്പാനിലെ ആത്മാക്കളുടെ വിളവെടുപ്പിനായി തന്റെ സഹചാരികളുമൊന്നിച്ച് ജപ്പാനിലേക്ക് യാത്ര തിരിച്ചു. 1549-ൽ കഗോഷിമായിൽ എത്തിയ വിശുദ്ധൻ അവിടുത്തെ ഭാഷ പഠിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അവിടെ തന്റെ സുവിശേഷ പ്രഘോഷണം ആരംഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. താൻ മതപരിവർത്തനം ചെയ്തവർ പത്തു വർഷത്തിനു ശേഷവും അതേ ഉത്സാഹത്തോടും വിശ്വാസത്തോടും കൂടിയിരിക്കുന്നതായി വിശുദ്ധൻ കണ്ടു. അത്ര വിജയകരമായിരുന്നു വിശുദ്ധന്റെ ജപ്പാനിലെ ദൗത്യം. ശ്രീലങ്ക, ഇന്ത്യ, മലയാ, ജപ്പാൻ എന്നിവിടങ്ങളിൽ അദ്ദേഹം സുവിശേഷപ്രവർത്തനം നടത്തി. അത്ഭുതകരമായ അടയാളങ്ങളിലൂടെ ദൈവം ഫ്രാൻസിസ് സേവ്യറുടെ പ്രവർത്തനങ്ങളെ സ്ഥിരീകരിച്ചു. ധാരാളം രോഗികൾക്കു സൗഖ്യം നൽകി. നിരവധി ദേവാലയങ്ങൾ നിർമ്മിച്ചു. ദരിദ്രരുടെ ഭക്ഷണം കഴിച്ച് അവർക്കൊപ്പം കഴിഞ്ഞ് അദ്ദേഹം സുവിശേഷവേല നടത്തി. പകൽ പ്രസംഗത്തിലും രാത്രി ദീർഘമായ പ്രാർത്ഥനയിലും കഴിച്ചുകൂട്ടി. ഏകദേശം മൂന്നുലക്ഷം പേരെ അദ്ദേഹം മാമ്മോദീസ മുക്കി എന്നാണ് വിശ്വസിക്കുന്നത്. കേരളത്തിലും ഗോവയിലുമായി 50,000 പേർക്കാണ് വിശുദ്ധൻ മാമ്മോദീസ നൽകിയത്.

1551-ൽ താൻ ഇന്ത്യയിൽ മതപരിവർത്തനം ചെയ്തവരെ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെ വിശുദ്ധൻ വീണ്ടും മലാക്കയിലേക്ക്‌ തിരിച്ചു. അപ്പോൾ അദ്ദേഹത്തിന് പുതിയൊരു ഉദ്ദേശവും കൂടിയുണ്ടായിരുന്നു. വിജാതീയരുടെ നാടായ ചൈന. പക്ഷേ അദ്ദേഹത്തിന് അവിടെ എത്തിപ്പെടുവാൻ സാധിച്ചില്ല. സാൻസിയൻ ദ്വീപിലെ കാന്റൺ നദീമുഖത്തെത്തിയപ്പോഴേക്കും വിശുദ്ധനു കലശലായ പനി പിടിക്കുകയും. ചുട്ടുപൊള്ളുന്ന മണലിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ ആൾവാറസ് എന്ന പാവപ്പെട്ട മനുഷ്യൻ വിശുദ്ധനെ കാണുകയും തന്റെ കുടിലിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പ്രാർത്ഥനകൾ ചൊല്ലികൊണ്ട്‌ രണ്ടാഴ്ചയോളം വിശുദ്ധൻ അവിടെ ജീവിച്ചിരുന്നുവെങ്കിലും പിന്നീട് സാൻസിയൻ ദ്വീപിൽ വച്ച് 1552 ഡിസംബർ 2 വെള്ളിയാഴ്ച ഫ്രാൻസിസ് മരണമടഞ്ഞു. മരിക്കുമ്പോഴും അദ്ദേഹത്തിന്റെ ദൃഷ്ടികൾ തന്റെ ക്രൂശിതരൂപത്തിൽ ആയിരുന്നു. ഒരു ഇടുങ്ങിയ കല്ലറയിൽ അദ്ദേഹത്തെ അടക്കം ചെയ്തു.

മൃതദേഹം പെട്ടെന്ന് അഴുകുന്നതിനുവേണ്ടി ശരീരത്തിനടിയിലും മുകളിലും രണ്ടു ചാക്ക് കുമ്മായം കൂടി വച്ച് സംസ്‌കരിച്ചിട്ടും ശാസ്ത്രത്തിന്റെ എല്ലാ കണക്കുകൂട്ടലുകളെയും അമ്പരിപ്പിച്ചുകൊണ്ട് മൂന്ന് മാസത്തിനു ശേഷം കല്ലറ തുറന്നു നോക്കിയപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം യാതൊരു കോട്ടവും തട്ടാതെയും അഴുകാതെയും ഇരിക്കുന്നതായി കാണപ്പെട്ടു. ഇത് പിന്നീട് ഗോവയിലേക്ക് കൊണ്ട്‌ വന്നു. 1552-ൽ മരിച്ച വിശുദ്ധന്റെ ശരീരം ഗോവയിലെ കത്തീഡ്രലിൽ ഇന്നും അഴുകാതിരിക്കുന്നു. ഇപ്പോഴും ഇത് അവിടെ സൂക്ഷിച്ചിരിക്കുന്നു. 1622 മാർച്ച് 12-ന് ഗ്രിഗറി 15 പാപ്പാ ഫ്രാൻസിസ് സേവ്യറിനെ വിശുദ്ധനായി നാമകരണം ചെയ്തു. പിന്നീട് വിശുദ്ധ പിയൂസ്‌ പത്താമൻ മാർപാപ്പാ വിശുദ്ധ ഫ്രാൻസിസിനെ വിദേശ സുവിശേഷക ദൗത്യങ്ങളുടേയും എല്ലാ സുവിശേഷക പ്രവർത്തനങ്ങളുടേയും മിഷൻ പ്രവർത്തനത്തിന്റെയും മദ്ധ്യസ്ഥനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു.

വിചിന്തനം: എനിക്ക് ഒരിക്കലും ദിവ്യബലി അർപ്പിക്കുവാൻ കഴിയുകയില്ല എന്നു കേൾക്കുമ്പോൾ ഞാൻ മരിച്ചതായി കണക്കാക്കണം – വി. ഫ്രാൻസീസ് സേവ്യർ.

ഇതര വിശുദ്ധർ:

  1. അബ്ബോ (+860) ഔക്‌സോണിലെ മെത്രാൻ
  2. അഗ്രിക്കോള-പന്നോണിയായിലെ രക്തസാക്ഷി
  3. അറ്റാലിമാ (697-741) സ്‌ട്രോസ്ബർഗിലെ മെത്രാൻ
  4. ബീറിനൂസ് (600-649) വെസെക്‌സിലെ അസ്‌തോലൻ എഥേനം
  5. മിറോക്കിൾസ് (+318) മിലാനിലെ മെത്രാലീത്താ
  6. കാസ്യൻ (+298) രക്തസാക്ഷി
  7. ഇലോകസ്‌ക് (+666) ബനഡിക്‌റ്റെൻ ആബട്ട്
  8. ലൂസിയൂസ് (+200)

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group