അനുദിന വിശുദ്ധർ : നവംബർ 30 – വി. അന്ത്രയോസ്

Daily Saint : November – 30 – Monday – Saint Andrew the Apostle

യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരുവനായിരുന്നു അന്ത്രയോസ് ശ്ലീഹ. ധീരൻ , തന്റേടമുള്ളവൻ തുടങ്ങിയവയാണ് അന്ത്രയോസ് എന്ന വാക്കിന്റെ അർത്ഥം. ഗലീലിയിലെ ബെത്‌സെയ്ദായിൽ യോനായുടെ മകനായി ജനിച്ച അന്ത്രയോസ് വിശുദ്ധ പത്രോസിന്റെ സഹോദരനാണ്. യേശുവിന്റെ ശിഷ്യരിൽ ഒരുവനായ ഇദ്ദേഹത്തെ പറ്റി വളരെ കാര്യമായി ഒന്നും തന്നെ പറയപ്പെടുന്നില്ല. യേശുവിന്റെ ശിഷ്യൻ ആകുന്നതിനു മുൻമ്പ് മത്സ്യത്തൊഴിലാളി ആയിരുന്ന ഇദ്ദേഹം അവിവാഹിതനാണെന്നും വിശുദ്ധ പത്രോസിനോടൊപ്പം ആയിരുന്നു താമസിച്ചിരുന്നത് എന്നും പറയപ്പെടുന്നു.

യേശുവിന്റെ ശിഷ്യൻ ആകുവാൻ അതിയായി ആഗ്രഹിച്ച ഇദ്ദേഹം സ്നാപകയോഹന്നാന്റെ ശിഷ്യനായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധ ബൈബിളിലെ സുവിശേഷങ്ങളിൽ ഒന്നും തന്നെ വിശുദ്ധ അന്ത്രയോസിനെ പറ്റി കൂടുതലായി ഒന്നും തന്നെ പറയുന്നില്ല. പക്ഷേ അപ്പസ്തോല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ ഇദ്ദേഹത്തിന് കുരിശിനോടും യേശുക്രിസ്തുവിനോടും ഉള്ള അപാരമായ സ്നേഹത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്. തിരുസഭയിൽ വിശുദ്ധ കുർബാനയിലും ആരാധനക്രമ പുസ്തകങ്ങളിലും വിശുദ്ധനോടുള്ള വണത്തക്കത്തെ സൂചിപ്പിക്കുന്നുണ്ട്. ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പയുടെ കാലം മുതൽ വിശുദ്ധനെ തിരുസഭ ആദരിച്ചു പോരുന്നു. ഇദ്ദേഹത്തിൻറെ രക്തസാക്ഷിത്വത്തെക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളിൽ നിന്നുമാണ് വിവരണങ്ങൾ ലഭിച്ചിട്ടുള്ളത്.

യേശുവിന്റെ കുരിശുമരണത്തിനുശേഷം അന്ത്രയോസ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് വിശുദ്ധ പത്രോസി നോടൊപ്പം വസിച്ചിരുന്നു. പിന്നീട് അറേബ്യ, ലബനോൻ, ജോർദാൻ, തുർക്കി, റഷ്യ രാജ്യങ്ങളിൽ സുവിശേഷ പ്രഘോഷണത്തിൽ ഏർപ്പെട്ടു. മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ‘ ശ്ലീഹന്മാരുടെ പ്രബോധനങ്ങൾ ‘എന്ന പുസ്തകത്തിൽ നിക്കോമേദിയ എന്ന ദേശത്ത് അദ്ദേഹം മെത്രാന്മാരെ നിയോഗിച്ചതായി പറയുന്നുണ്ട്.
വിജാതിയനായ ഈജിയാസ് എന്ന ന്യായാധിപൻ അവരുടെ ദൈവങ്ങൾക്ക് ബലിയർപ്പിക്കാൻ വിശുദ്ധനോട് ആവശ്യപ്പെടുകയും വളരെ കർക്കശമായ രീതിയിൽ വിശുദ്ധൻ അവ എതിർത്തു സംസാരിക്കുകയും നിരാകരിക്കുകയും ചെയ്തു. ഇതിൽ കുപിതനായ ന്യായാധിപൻ അദ്ദേഹത്തെ തടവിലാക്കുകയും അവസാനം സ്കീതിയ എന്ന സ്ഥലത്തുവച്ച് കുരിശിൽ തറച്ച് കൊലപ്പെടുത്തുകയും ചെയ്തു. വിശുദ്ധ കുരിശിന്റെ രഹസ്യം നമുക്ക് പ്രധാനം ചെയ്തു എന്ന നിലയിൽ ഇദ്ദേഹത്തിന്റെ രക്തസാക്ഷിത്വം പ്രാധാന്യമർഹിക്കുന്നു.

ഇതര വിശുദ്ധർ :

  1. റോമാക്കാരായ കാസ്തുളൂസും എവുപ്രെപ്ലിസും
  2. റോമൻ പുരോഹിതനായ കോൺസ്താൻസിയൂസ്
  3. കോൺസ്റ്റാൻറിനോപ്പിളിലെ യുസ്തീന
  4. കോൺസ്റ്റാൻറിനോപ്പിളിലെ മൗറ
  5. പേഴ്സ്യയിലെ സാപോർ, ഐസക്ക്, ശേമയോൻ
  6. സായിന്തെസ് ബിഷപ്പായിരുന്ന ട്രോജൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group