കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനo ഇന്ന്.

മുംബൈ : കൊറോണ മഹാമാരിക്കെതിരെ ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനം ഇന്ന്.ഭാരത ജനതയെ ഒന്നടങ്കം ഈശോയുടെ തിരുഹൃദയത്തിന്റെയും മാതാവിന്റെ വിമലഹൃദയത്തിന്റെ സംരക്ഷണത്തിനായി സമർപ്പിക്കും. ഇന്ന് രാത്രി 8.30 മുതൽ 9.30വരെ ഭാരതത്തിലെ സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലായി ക്രമീകരിക്കുന്ന വിശേഷാൽ തിരുക്കർമങ്ങൾ ഓൺലൈനായും ക്രിസ്തീയ ചാനലുകളിലൂടെയും തൽസമയം വിശ്വാസികൾക്ക് പങ്കെടുക്കാം.മലയാളം, ഹിന്ദി, തമിഴ്, ഖാസി, കന്നഡ, സാന്താളി, തെലുങ്ക് എന്നീ ഭാഷകളിലാണ് തിരുക്കർമങ്ങൾ നടക്കുക.വിശുദ്ധ തോമാശ്ലീഹ, വിശുദ്ധ ഫ്രാൻസിസ് സേവ്യർ, കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ എന്നിവരുടെ കബറിടങ്ങളിലും മുംബൈയിലെ ഔവർ ലേഡി ഓഫ് മൗണ്ട് ബസിലിക്ക, മീററ്റിലെ ഔവർ ലേഡി ഓഫ് ഗ്രേസസ് ബസിലിക്ക, ഹൈദരാബാദിലെ ഔവർ ലേഡി ഓഫ് അസംപ്ഷൻ ബസിലിക്ക, ബംഗളൂരുവിലെ സെന്റ് മേരീസ് ബസിലിക്ക, വേളാങ്കണ്ണിയിലെ ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് ബസിലിക്ക, ഡൽഹി സേക്രട്ട്ഹാർട്ട് കത്തീഡ്രൽ എന്നീ ദൈവാലയങ്ങളിലാണ് തിരുക്കർമങ്ങൾ നടക്കുക.മുംബൈ സഹായമെത്രാൻ ഡോ. ജോൺ റോഡ്രിഗ്‌സ് മുംബൈയിലെ ബസിലിക്കയിൽനിന്നുള്ള ഗായകസംഘത്തോടൊപ്പം പ്രാർത്ഥനാ ഗാനം ആലപിക്കും. തുടർന്ന്, ചെന്നൈ സാന്തോം കത്തീഡ്രലിൽ മദ്രാസ്- മൈലാപ്പൂർ ആർച്ച്ബിഷപ്പ് ഡോ. ജോർജ് അന്തോണി സ്വാമി പ്രാർത്ഥനയ്ക്ക് തുടക്കം കുറിക്കും. മുംബൈ ആർച്ച്ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസാണ് സന്ദേശം നൽകുക. ലോകം കൊറോണാ മുക്തമാകാനുള്ള മധ്യസ്ഥ പ്രാർത്ഥന ഹൈദരാബാദ് ബസിലിക്കയിൽ ആർച്ച്ബിഷപ്പ് ഡോ. ആന്റണി പൂള ചൊല്ലും.കൊൽക്കത്ത ആർച്ച്ബിഷപ്പ് ഡോ. തോമസ് ഡിസൂസ, മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമ പിയറിക് വിശുദ്ധ മദർ തെരേസയുടെ കബറിടത്തിൽനിന്ന് ലുത്തീനിയ പ്രാർത്ഥന നയിക്കും. സി.സി.ബി.ഐ സെക്രട്ടറി ആർച്ച്ബിഷപ്പ് ഡോ. അനിൽ കൂട്ടോ ഡൽഹി സേക്രട്ട്ഹാർട്ട് കത്തീഡ്രലിൽ ഇന്ത്യയിലെ ജനങ്ങളെ ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമലഹൃദയത്തിനുമായി സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥന നയിക്കും. സി.സി.ബി.ഐ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറാവോ ഗോവയിലെ ബോം ജീസസ് ബസിലിക്കയിൽവച്ച് ദിവ്യകാരുണ്യ ആശീർവാദം നൽകും. വേളാങ്കണ്ണി ബസലിക്കയിൽ തഞ്ചാവൂർ ബിഷപ്പ് ദേവദാസ് അംബ്രോസ്, ബസിലിക്ക റെക്ടർ ഫാ. എം. പ്രഭാകർ എന്നിവർ ചേർന്ന് സമാപന പ്രാർത്ഥനൾ നടത്തുന്നതോടെ തിരുക്കർമ്മങ്ങൾക്ക് സമാപനമാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group