ദൈവം കാണുന്നുണ്ട് എന്ന ഭയത്തോടെ ഒരോ പ്രവർത്തിയും ചെയ്യുവിൻ

ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജീവിതത്തിലെ നിർണ്ണായകഘട്ടങ്ങളിൽ മാത്രമല്ല നമ്മൾ തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാകുന്നത്, നമ്മുടെ ജീവിതത്തിലെ ഓരോരോ ചെറിയ കാൽവയ്പ്പുകളിലും ഒരു ശരിയും തെറ്റും ഒളിച്ചിരിപ്പുണ്ട്. ശരിയായത് മാത്രം ചെയ്യണമെന്നു നമ്മെ ഓർമ്മിപ്പിക്കുന്ന നമ്മുടെ മനസ്സാക്ഷിയും, കുറെയൊക്കെ തെറ്റുചെയ്താലും കുഴപ്പമില്ല എന്ന പാപത്തിന്റെ പ്രേരണയും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു.

ജനങ്ങളെ എത്രവേണമെങ്കിലും കബളിപ്പിക്കാനും, നല്ലവനെന്ന് ചമഞ്ഞ് അവരുടെ പ്രശംസ നേടിയെടുക്കാനും മനുഷ്യരായ നമുക്കാവും. എന്നാൽ, നമ്മുടെ പ്രവൃത്തികളെ വിധിക്കുന്ന ദൈവം നമ്മുടെ ഹൃദയവിചാരങ്ങളും അറിയുന്നു എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം. യേശുവിന്റെ ജീവിതകാലത്ത് ഫരിസേയരുടെ കാപട്യം നന്നായി അറിഞ്ഞിരുന്ന ഈശോ തന്റെ ശിഷ്യർക്ക് നിരന്തരം കള്ളത്തരത്തിന്റെയും വഞ്ചനയുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. ധാരാളം ജനങ്ങൾ തങ്ങളുടെ ചുറ്റും വന്നു നിറയുമ്പോൾ അവരുടെ മുൻപിൽ ആളാകാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കാതെ, ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞ് അതനുസരിച്ച് പ്രവർത്തിക്കുവാനാണ് ഈശോ ശിഷ്യരെ പഠിപ്പിച്ചത് .

ജീവിതത്തിൽ ദൈവത്തെ മറന്ന് തെറ്റുകളിലൂടെ സഞ്ചരിച്ച കാലങ്ങളിലോക്കെ നാം ചെയ്യുന്ന കാര്യങ്ങൾ ഒക്കെ നമ്മൾക്ക് പ്രശംസക്ക് പാത്രമായിട്ടുണ്ടാകാം. എന്നാൽ ദൈവത്തിന്റെ പാതയിലൂടെ സഞ്ചരിക്കുവാൻ തീരുമാനമെടുക്കുക വഴി വിമർശനങ്ങൾക്കും നിന്ദനങ്ങൾക്കും വിധേയനായാൽ അതുമൂലം നിരാശപ്പെടരുത്‌. പാപത്തിന്റെതായ യാതൊരു കളങ്കവുമില്ലാതെ, നല്ലതുമാത്രം പറയുകയും പ്രവൃത്തിക്കുകയും ചെയ്ത ദൈവപുത്രനെ കുരിശുമരണത്തിന് വിധിച്ച ലോകമാണ് നമ്മുടേത്‌. നാം ഒരോ കാര്യങ്ങളും ചെയ്യുമ്പോളും മനുഷ്യർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ, നമ്മുടെ ഒരോ പ്രവർത്തിയും ദൈവം കാണുന്നുണ്ട് എന്ന ഭയത്തോടെ ഒരോ പ്രവർത്തിയും ചെയ്യുവിൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group