പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് SFI ക്യാമ്പസിൽ സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു

തലശ്ശേരി: ബ്രണ്ണന്‍ കലോത്സവവുമായി ബന്ധപ്പെട്ട് വിശുദ്ധ കുരിശിനെയും, കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് SFI സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ക്യാപ്‌സില്‍ സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു.

എസ്എഫ്‌ഐയുടെ പ്രവര്‍ത്തിയെ അപലപിച്ചു കൊണ്ട് വിവിധ ക്രൈസ്തവ സംഘടനകളും രൂപതകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രസ്തുത പ്രവര്‍ത്തി ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും ഒരു സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതുമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി ആരോപിച്ചു. സര്‍ഗാത്മകമായ കഴിവുകളെ പ്രദര്‍ശിപ്പിക്കേണ്ട കലോത്സവ വേദികളെ മതവിശ്വാസത്തെ വ്രണപ്പെടുത്താനുള്ള വേദിയാക്കി മാറ്റുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇത്തരം വികലമായ പ്രവര്‍ത്തനങ്ങള്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്ന് ആവര്‍ത്തിക്കപ്പെടുന്നത് അങ്ങേയറ്റം ആശങ്കയോടെ നോക്കിക്കാണുന്നു എന്നും സമിതി വ്യക്തമാക്കി.

പ്രതികരണവുമായി തലശ്ശേരി രൂപതയും രംഗത്ത് എത്തിയിരുന്നു. ഒരു സമൂഹത്തിന്റെ വിശ്വാസത്തെ അവഹേളിച്ചിട്ട് മൗനം അവലംബിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് ആശങ്കാജനകമാണെന്ന് കോതമംഗലം രൂപത ഐക്യജാഗ്രത സമിതിയും പ്രതികരിച്ചു. സമൂഹത്തിന്റെ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ ഗൗരവകരമായ പ്രശ്‌നങ്ങളില്‍ ഇടപെടാതെ ക്രൈസ്തവ വിശ്വാസത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി നിലപാട് ബൗദ്ധിക നിലവാര തകര്‍ച്ചയുടെയും ആശയ ദാരിദ്ര്യത്തിന്റെയും പ്രതിഫലനമാണെന്ന് കോതമംഗലം രൂപത കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലും വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസത്തെ വികലമാക്കി ചിത്രീകരിക്കുകയാണ് ചെയ്തതെന്ന് കെസിവൈഎം വിജയപുരം രൂപതയും കോതമംഗലം രൂപത യുവദീപ്തി കെസിവൈഎം, തലശ്ശേരി, താമരശ്ശേരി കെസിവൈഎം സംഘടന സമിതികളും പ്രതികരിച്ചു.

ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും,വിശ്വാസത്തിനും എതിരെ ആസൂത്രിതമായി ഇടയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങള്‍ അപലപനീയവും, വേദനാജനകവുമാണ് എന്ന് പ്രതികരിച്ച എം.സി. വൈ.എം സഭാതല സമിതി കുറച്ച് നാളുകള്‍ക്കു മുമ്പ് വിശുദ്ധ ബൈബിള്‍ അഗ്‌നിക്കിരയാക്കിയ സംഭവവും ഓര്‍മ്മപ്പെടുത്തി. വീണ്ടും ആസൂത്രിതമായി വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും അതിനാല്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച എസ്എഫ്‌ഐ നിലപാട് തിരുത്തുവാന്‍, ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും എംസിവൈഎം സഭാതല സമിതി ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ക്യാമ്പസ്സില്‍ എസ്എഫ്‌ഐ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group