2023 -ലെ ശ്രദ്ധേയരായ അഞ്ച് കത്തോലിക്ക വ്യക്തിത്വങ്ങളെ പരിജയപ്പെടാം.

ഈ വർഷം അവസാനിക്കാൻ കുറച്ചുദിവസങ്ങൾ മാത്രം അവശേഷിക്കെ, തങ്ങളുടെ നിലപാടുകൊണ്ടും ജീവിതംകൊണ്ടും ശ്രദ്ധേയരായ അഞ്ച് കത്തോലിക്കരെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഇവരിൽ ചിലർ ഇന്ന് ജീവിച്ചിരിപ്പില്ല എങ്കിലും അവർക്ക് ഈ ഭൂമിയിൽ ശ്രദ്ധേയമായ ചില ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്…ആരൊക്കെയാണ് ആ അഞ്ചുപേർ എന്നു നോക്കാം…

1. നിക്കരാഗ്വയിലെ ബിഷപ്പ് റൊളാൻഡോ അൽവാരസ്

നിക്കരാഗ്വയിലെ മതാഗല്പ രൂപതയുടെ ബിഷപ്പ് റൊളാൻഡോ അൽവാരെസ് ഈ വർഷം ഫെബ്രുവരി മുതൽ അന്യായമായി തടവിലാക്കപ്പെട്ട വ്യക്തിയാണ്. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് നിരപരാധിയായ അദ്ദേഹത്തെ നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം 26 വർഷവും 4 മാസവും തടവിനു ശിക്ഷിച്ചത്. ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്ക്കെതിരായി നടത്തുന്ന പീഡനത്തിന്റെ ഇരയാണ് ബിഷപ്പ് അൽവാരസ്.

2. ഫാ. ഡേവിഡ് മൈക്കൽ മോസസ്

ഫാ. ഡേവിഡ് മൈക്കൽ മോസസ് എന്ന വൈദികന്റെ പേര് കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്, 2023 ഏപ്രിലിൽ തന്റെ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ച ഒരു പോസ്റ്റിലൂടെയാണ്. അത് ഇപ്രകാരമാണ്: “ഞാനും എന്റെ ഇളയസഹോദരനും വർഷങ്ങളോളം ബലിപീഠത്തിൽ ഒരുമിച്ചു ശുശ്രൂഷചെയ്തു. ശനിയാഴ്ച ഞങ്ങൾ വീണ്ടും അൾത്താരയിൽ ഒന്നിച്ചു. എന്നാൽ ഇത്തവണ ഞാൻ ഒരു പുരോഹിതനായും അവൻ വിവാഹിതനായും ആയിരുന്നു. ദൈവത്തിന്റെ പദ്ധതികൾ മനോഹരമാണ്.”

ഫാ. ഡേവിഡ് മൈക്കൽ മോസസ് ഇപ്പോൾ 29 വയസ്സുള്ള വൈദികനാണ്. അമേരിക്കയിലെ ടെക്സാസിലെ ഹൂസ്റ്റണിലാണ് വളർന്നത്. 18 -ാം വയസ്സിൽ ബിരുദം നേടി. നിരവധി നല്ല ജോലികൾ ലഭിക്കാമായിരുന്നിട്ടും അദ്ദേഹം പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി തിരഞ്ഞെടുത്ത് ഗാൽവെസ്റ്റൺ-ഹൂസ്റ്റൺ അതിരൂപതയുടെ സെമിനാരിയിൽ പ്രവേശിച്ചു. 2019 -ൽ 25 -ാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു.

വളരെ സജീവവും സോഷ്യൽ നെറ്റ്വർക്കുകളിൽ നിരവധി ഫോളോവേഴ്സും ഉള്ളതിനുപുറമെ ഫാ. മോസസ്, സംഗീതലോകത്ത് ശ്രദ്ധേയനായ വ്യക്തിയാണ്. ‘കൺസേർട്സ്‌ ഫോർ ലൈഫ്’ എന്ന പ്രോഗ്രാം ചെയ്യുന്നുമുണ്ട്. മുൻപ് പ്രോ- ലൈഫ് ഗ്രൂപ്പുകൾക്കായി നാലായിരത്തിലധികം ഡോളർ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. മാത്രമല്ല, നിരവധിപ്പേരുടെ കുമ്പസാരം ശ്രവിച്ചുകൊണ്ടും അറിയപ്പെടുന്ന വ്യകതിയാണ് അദ്ദേഹം. 2023 -ലെ വിശുദ്ധവാരത്തിൽ 1,167 ആളുകളാണ് ഈ വൈദികന്റെ പക്കൽ കുമ്പസാരിച്ചത്. ഏകദേശം 65 മണിക്കൂറാണ് അദ്ദേഹം കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചത്.

3. എഡ്വേർഡോ വെരാസ്റ്റെഗി

മനുഷ്യക്കടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ‘സൗണ്ട് ഓഫ് ഫ്രീഡം’ എന്ന സിനിമയിൽ അഭിനയിച്ച മെക്സിക്കൻ നടനും ചലച്ചിത്രനിർമ്മാതാവും പ്രോ-ലൈഫ് ആക്ടിവിസ്റ്റുമാണ് എഡ്വാർഡോ വെരാസ്റ്റെഗി. ഒരു കുട്ടിയെ മനുഷ്യക്കടത്തുകാരുടെ പിടിയിൽനിന്ന് രക്ഷിച്ചശേഷം ആ കുട്ടിയുടെ സഹോദരി ഇപ്പോഴും തടവിലാണെന്ന സത്യം മനസ്സിലാക്കുന്നു. തുടർന്ന് അയാൾ ജോലിപോലും ഉപേക്ഷിച്ച് ആ കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്നു. കൊളംബിയൻ കാട്ടിലൂടെയുള്ള അപകടകരമായ യാത്രയിൽ സ്വന്തം ജീവൻപോലും പണയപ്പെടുത്തിയാണ് അവളെ രക്ഷിക്കുന്നത്. അമേരിക്കയിൽ (ജൂലൈ 4, 2023) റിലീസ് ചെയ്ത ദിവസം, ബോക്സോഫീസിൽ തന്നെ ഈ ചിത്രം ഒന്നാംസ്ഥാനത്തെത്തി.

4. ഉൽമ കുടുംബം

പോളണ്ട് വംശജരായ ഉൽമാ കുടുംബത്തെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. സെപ്റ്റംബർ പത്തിന് മാർക്കോവ നഗരത്തിൽ കർദിനാൾ മാർസെല്ലോ ഉൽമാ കുടുംബത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കുടുംബത്തെ മുഴുവൻ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്.ചടങ്ങിൽ ഏകദേശം 30,000 പേർ
പങ്കെടുത്തു.

1944 മാർച്ച് 24 -ന് പോളിഷ് ഗ്രാമമായ മാർക്കോവയിൽ ജോസെഫും വിറ്റോറിയയും അവരുടെ ഏഴുമക്കളുമടങ്ങുന്ന ഉൽമ കുടുംബത്തെ നാസികൾ ക്രൂരമായി കൊലപ്പെടുത്തി. ജൂതന്മാരെ പീഡിപ്പിക്കുന്ന നാളുകളിൽ എട്ട് ജൂതന്മാരെ തങ്ങളുടെ വീട്ടിൽ ഒളിപ്പിച്ചതിനാണ് ഇവരെ കൊലപ്പെടുത്തിയത്. ഏഴാമത്തെ കുഞ്ഞിനെ ഗർഭിണിയായ വിറ്റോറിയ ആക്രമത്തിനിടയിൽ പ്രസവിച്ചു. ആ കുഞ്ഞിനെയും സഭയുടെ പട്ടികയിലേക്കുചേർത്തു.

5. ഇൻഡി ഗ്രിഗറി

ഒമ്പതുമാസം പ്രായമുള്ള ഇൻഡി ഗ്രിഗറി എന്ന പെൺകുട്ടിക്ക് അപൂർവമായ മൈറ്റോകോൺഡ്രിയൽ ഡീജനറേറ്റീവ് രോഗം ബാധിച്ച് 2023 നവംബർ 13 -ന് ജീവൻ നിലനിർത്തുന്ന ലൈഫ് സപ്പോർട്ട് മാറ്റിയതിനെതുടർന്ന് മരിച്ചു. അവളുടെ മാതാപിതാക്കളുടെ ഇഷ്ടത്തിനു വിരുദ്ധമായി പുറപ്പെടുവിച്ച ബ്രിട്ടീഷ് നീതിന്യായവ്യവസ്ഥയുടെ വിധിയെതുടർന്നാണ് മരണം. വത്തിക്കാൻ റോമിലെ ബാംബിനോ ജെസു പീഡിയാട്രിക് ഹോസ്പിറ്റൽ അവളെ സൗജന്യമായി ചികിത്സിക്കാമെന്ന് വാഗ്ദാനംചെയ്തിരുന്നു.

ഇറ്റാലിയൻ ഗവൺമെന്റ് ഇൻഡിക്ക് ഇറ്റാലിയൻ പൗരത്വം അനുവദിച്ചു. അവളുടെ മരണത്തിന് ദിവസങ്ങൾക്കുമുമ്പ്, വിശ്വാസികളല്ലാതിരുന്നിട്ടും ഇൻഡിയുടെ മാതാപിതാക്കൾ അവൾക്ക് മാമ്മോദീസ നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group