ഇസ്ലാമിസ്റ്റുകൾക്ക് വേണ്ടി രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ ഒരുമിച്ചപ്പോൾ ഒറ്റപ്പെട്ടത് ക്രൈസ്തവസമൂഹം.ഈ സാഹചര്യത്തിൽ ഫാ. വർഗീസ് വള്ളിക്കാട്ടിൻ്റെ കുറിപ്പ് പ്രസക്തമാകുന്നു

മാനന്തവാടിയിൽ ക്രിസ്ത്യൻ സന്യാസിനികൾ നടത്തുന്ന എയിഡഡ് യു. പി. സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം ഏർപ്പെടുത്തിയതിനു മാപ്പു പറയിക്കാനും യൂണിഫോം പിൻവലിപ്പിക്കാനും ശ്രമങ്ങൾ നടക്കുമ്പോൾ, കേരളത്തിലെ വിവിധ ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജുമെന്റുകൾ ഒരുകാര്യം ശ്രദ്ധിക്കണം. ക്രിസ്ത്യൻ മൈനോരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവയുടെ ക്രിസ്ത്യൻ ഐഡന്റിറ്റിയിൽ നിലനിൽക്കണം. അതിനുള്ള അവകാശം അടിവരയിടുന്ന ജസ്റ്റീസ്‌ മുഹമ്മദ് മുഷ്ത്താഖിന്റെ കേരള ഹൈക്കോടതിയിലെ വിധി ശ്രദ്ധേയമാണ്.

ക്രൈസ്തവ മാനേജുമെന്റുകൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾക്ക് സമൂഹം അംഗീകരിക്കുന്ന ഒരു ഐഡന്റിറ്റിയുണ്ട്. അങ്ങനെ ഒരു ഐഡന്റിറ്റിയിൽ പ്രവർത്തിക്കുന്നതിനുള്ള അവകാശം ഇന്ത്യൻ ഭരണഘടന അത്തരം സ്ഥാപനങ്ങൾക്ക് അനുവദിച്ചു നൽകിയിട്ടുമുണ്ട്. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ താല്പര്യമില്ലാത്തവർക്ക്‌ അതിനുള്ള അവകാശവും രാഷ്ട്രം അനുവദിച്ചു നൽകുന്നുണ്ട്.
വ്യക്തികൾക്കും സംഘടനകൾക്കും ന്യൂനപക്ഷ മത സമൂഹങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും നിയന്ത്രിക്കുകയല്ലാതെ നിരോധിക്കുകയോ നിർത്തലാക്കുകയോ ചെയ്തിട്ടില്ല. ക്രിസ്ത്യൻ സഭകൾ സ്വാതന്ത്ര്യ പ്രാപ്തിക്കു മുൻപും അതിനു ശേഷവും ഈ രംഗത്തു നൽകുന്ന സംഭാവനകൾ രാഷ്ട്രം അംഗീകരിക്കുന്നതും സമൂഹം ആദരവോടെ വീക്ഷിക്കുന്നതുമാണ്.

ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം എന്ന ഐഡന്റിറ്റിയിൽ പ്രവർത്തിക്കുന്നതിനെ ആരെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ, അതിനെതിരെ നിയമപരമായ പരിഹാരം തേടുകയാണ് വേണ്ടത്.
വിദ്യാഭ്യാസ മേഖലയിൽ അസ്വസ്ഥത പടർത്തുന്നത് ആരുടെ അജണ്ട?

വ്യക്തികളെയും സമൂഹത്തെയും രാഷ്ട്രത്തെയും ഇസ്ലാമികവൽക്കരിച്ച് ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കുക എന്നത് പൊളിറ്റിക്കൽ ഇസ്ലാമിന്റെ അജണ്ടയുടെ ഭാഗമായി ആഗോളത്തലത്തിൽ നടന്നുവരുന്ന രാഷ്ട്രീയ നീക്കമാണ്. ഇതിനായി മതത്തെ ഫലപ്രദമായി ദുരുപയോഗിക്കുന്നതിലാണ് അതിന്റെ വിജയം കുടികൊള്ളുന്നത്. ഇസ്ലാമിന്റെ ഏകീകരണവും ഇസ്ലാമിക് ഖാലിഫേറ്റിന്റെ പുന:സ്ഥാപനവും ലക്ഷ്യമാക്കി ആഗോള തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സജീവമാണ്‌ എന്നാണ് യു. എൻ. അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പൊളിറ്റിക്കൽ ഇസ്ലാമിന്റെ അജൻഡയിൽ രണ്ടാമത്തേതായ സമൂഹത്തെ ഇസ്ലാമികവൽക്കരിക്കുക എന്ന പരിപാടി ഇന്ത്യയിൽ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ രാജ്യത്തുടനീളം നടന്നു വരുന്നു എന്നു സൂചിപ്പിക്കുന്ന സംഭവങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുകയാണ്. കേരളത്തെയും ഇതിനുള്ള വേദിയാക്കാൻ ശ്രമം നടക്കുന്നു എന്നുവേണം മനസ്സിലാക്കാൻ. ഇതിനു നേരെ കണ്ണടയ്ക്കുന്ന രാഷ്ട്രീയ പാർട്ടികളും ഭരണകൂടങ്ങളും ഇസ്ലാമിസ്റ്റുകളുടെ അണിയറ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകിയേക്കാം. അവർ സമ്മർദ്ദ തന്ത്രങ്ങളുമായി വന്നേക്കാം. ഹിജാബിന്റെ പേരിൽ ഏഴാം ക്‌ളാസിലെ കുട്ടികൾക്ക് പോലും ബുർക്കയും നിക്കാബും അനുവദിക്കണം എന്ന് അവർ ആവശ്യങ്ങൾ ഉന്നയിച്ചേക്കാം.

ഏറ്റവും ദുർബലം എന്നുതോന്നുന്ന കണ്ണികൾ പൊട്ടിക്കാനുള്ള ശ്രമങ്ങളാണ് ഒറ്റപ്പെട്ട സംഭവങ്ങൾ എന്നു തോന്നിപ്പിക്കാവുന്ന വിധത്തിൽ ഇപ്പോൾ രാജ്യത്തു നടക്കുന്നത്. ഇതര ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഭരണകൂടം ജാഗ്രത പുലർത്തണം. ഉചിതമായ നിയമ സംരക്ഷണം ഉറപ്പു വരുത്തുകയും വേണം.

ന്യൂനപക്ഷ അവകാശങ്ങൾ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനു മാത്രമുള്ളതാണ് എന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇന്ത്യയിൽ കത്തോലിക്കാ സഭയും ഇതര ക്രൈസ്തവ സഭാ സമൂഹങ്ങളും നൂറ്റാണ്ടുകളായി പുലർത്തിപ്പോരുന്ന മൂല്യങ്ങളും, ഇന്ത്യൻ ഭരണഘടനയും നിയമ വ്യവസ്ഥയും ഉറപ്പുനൽകുന്ന അവകാശങ്ങളും സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്ക് കൈമാറ്റം ചെയ്യുന്നതിലും ഇന്നത്തെ ക്രൈസ്തവ സമൂഹത്തിനും സഭാ നേതൃത്വത്തിനും കടമയുണ്ട്. അവരെ അതിൽനിന്നു തടയാനുള്ള ശ്രമങ്ങൾ തിരിച്ചറിയപ്പെടാതെ പോകരുത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group