തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതാ മോഷ്ടാക്കളുടെ സംഘം കോട്ടയം ജില്ലയില്‍ സജീവം ; മുന്നറിയിപ്പുമായി പൊലീസ്

തമിഴ്‌നാട്ടില്‍ നിന്നെത്തിയ വനിതാ മോഷ്ടാക്കളുടെ സംഘം കോട്ടയം ജില്ലയില്‍ സജീവമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ബസിനുള്ളില്‍ വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനി പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്യവെയാണ് പൊലീസിന് വനിതകളടങ്ങിയ മോഷണ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

നന്ദിനി പൊലീസിന് നൽകിയ വിലാസം തെറ്റെന്നറിഞ്ഞ സാഹചര്യത്തിൽ പാമ്പാടി പൊലീസ് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായം തേടിയിരുന്നു.മോഷണം നടത്താൻ തമിഴ്നാട്ടിൽ നിന്നു പുറപ്പെടുന്നതിനു മുൻപ് നന്ദിനിയും സംഘവും പൂജ നടത്തിയിരുന്നു. തിരുട്ടുഗ്രാമത്തിലെ ആചാരമനുസരിച്ചാണിത്. പൂജയുടെ ഭാഗമായി ലഭിക്കുന്ന ഭസ്മം കയ്യിലെ ബാഗിൽ സൂക്ഷിക്കും. പൂജിച്ച ഭസ്മം കയ്യിൽ സൂക്ഷിച്ചാൽ പിടിക്കപ്പെടില്ലെന്നാണ് വിശ്വാസം. ലഭിക്കുന്ന മോഷണമുതലിന്റെ ഒരു ഭാഗം ഗ്രാമമുഖ്യന് നൽകണമെന്നാണ് ചട്ടം. മോഷണത്തിന് പിടിക്കപ്പെട്ടാൽ നിയമ സഹായത്തിന് വലിയ സംഘം പുറത്തുണ്ട്.

തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇവര്‍ കോട്ടയത്തു എത്തിയത്. തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളിലായി ഇവര്‍ തമ്പടിച്ചു. തിരക്കുള്ള ബസുകളില്‍ കയറുകയും, സ്ത്രീകള്‍ തോളില്‍ തൂക്കിയിടുന്ന ബാഗുകള്‍ തുറന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നെടുക്കുക എന്നതാണ് വനിതകള്‍ അടങ്ങുന്ന ഈ സംഘത്തിന്റെ രീതി. തുടര്‍ന്ന് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയും അടുത്ത ബസില്‍ കയറുകയും ചെയ്യും.

കഴിഞ്ഞ ദിവസമായിരുന്നു നന്ദിനിയെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം എരുമേലി മുക്കന്‍പെട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിനുള്ളില്‍ വീട്ടമ്മയുടെ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന വൈറ്റ് ഗോള്‍ഡ് നെക്ലേസ് കവര്‍ച്ച ചെയ്യവെയാണ് ഇവര്‍ പിടിയിലാകുന്നത്. ആലുവ, മരട്, പാലാരിവട്ടം, കല്ലമ്പലം എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളില്‍ പ്രതിയാണ് നന്ദിനി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group