ദൈവദാസി മദർ ഏലീശ്വ ധന്യപദവിയില്‍

കേരളത്തിലെ സ്ത്രീ നവോത്ഥാനത്തിന് തുടക്കം കുറിച്ച ദൈവദാസി മദർ ഏലീശ്വ ധന്യപദവിയില്‍.

കേരളത്തിലെ ആദ്യ സന്യാസിനിയും കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് (സിടിസി ) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമാണ് ദൈവദാസി മദർ ഏലീശ്വ.

വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ഡോ. മാർസെലോ സെമറാരോ ഫ്രാൻസിസ് പാപ്പയുമായി നടത്തിയ കൂടികാഴ്ചയ്ക്കു പിന്നാലെയാണ് ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പ അംഗീകരിച്ചത്.

1831 ഒക്ടോബർ 15ന് കേരളത്തിൽ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് കുരിശിങ്കൽ ക്രൂസ് മിലാ ഗ്രസ് ഇടവകയിലെ സമ്പന്നമായ കപ്പിത്താൻ കുടുംബത്തിൽ തൊമ്മൻ – താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യ പുത്രിയായാണ് ഏലീശ്വയുടെ ജനനം. ബാല്യം മുതൽ പ്രാർത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പ പ്രകടിപ്പിച്ചിരുന്നു.

ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത ധ്യാനവും അവളെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇറ്റാലിയൻ വൈദീകനും കർമ്മലീത്ത മിഷ്ണറിയുമായിരുന്ന ഫാ. ലെയോപോൾഡ് ഒ.സി.ഡിയായിരിന്നു അവളുടെ ആത്മീയ ഗുരു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച ആത്മീയ പരിശീലനം ഏലീശ്വയിൽ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹത്തെ ജ്വലിപ്പിക്കുകയായിരുന്നു. ഇത് അവളെ ആദ്യത്തെ തദ്ദേശീയ സന്യാസിനീ സമൂഹമായ നിഷ്പാദുക കർമ്മലീത്ത മൂന്നാം സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചു. 1866 ഫെബ്രുവരി 13-നാണ് കേരളത്തിലെ തദ്ദേശിയ പ്രഥമ സന്യാസിനി സമൂഹത്തിന് മദർ ഏലീശ്വ രൂപം നൽകിയത്. മദർ ഏലിശ്വായോടൊപ്പം സഹോദരി ത്രേസ്യയും മകൾ അന്നയും സമർപ്പിത വഴി സ്വീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group