വിദ്യാർത്ഥികളെ പിടിച്ചു നിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: വിദ്യാർഥികളെ കേരളത്തില്‍ പിടിച്ചുനിർത്താനും പുറമെനിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാനും ലക്ഷ്യമിട്ട് സർക്കാർ ‘സ്റ്റഡി ഇൻ കേരള’ പദ്ധതി നടപ്പാക്കുന്നു.

ഇതുസംബന്ധിച്ച്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് സമർപ്പിച്ച പദ്ധതി നിർദേശം അംഗീകരിച്ച്‌ ഉത്തരവിറക്കി. സംസ്ഥാനത്തെ ഒട്ടേറെ സ്ഥാപനങ്ങള്‍ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിലും നാക് ഗ്രേഡിങ്ങിലും മുന്നോട്ടുവന്ന സാഹചര്യത്തില്‍ കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്തെ സർവകലാശാലകളില്‍ ഡിമാന്‍റ് ഏറെയുള്ള കോഴ്സുകള്‍ക്ക് പ്രചാരണം നല്‍കുകയും വിദേശ സർവകലാശാലകള്‍ ഉള്‍പ്പെടെയുള്ളവയുമായി അക്കാദമിക ബന്ധം സ്ഥാപിക്കലും പദ്ധതിയുടെ ഭാഗമാണ്. വിവിധ വിഷയമേഖലകളില്‍ ഹൃസ്വകാല കോഴ്സുകള്‍ക്കായി സർവകലാശാലകളില്‍ അന്വേഷണം വരുന്നുണ്ട്. സംസ്ഥാനത്തെ സർവകലാശാലകളില്‍ ഹൃസ്വകാല കോഴ്സുകള്‍ വളരെ കുറവാണ്. സാധ്യതയുള്ള മേഖലകളില്‍ ആറ് മാസം വരെ ദൈർഘ്യമുള്ള ഹൃസ്വകാല കോഴ്സുകള്‍ തുടങ്ങാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ ഉപരി പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച കണക്ക് നേരത്തെ തന്നെ ഉന്നത വിദ്യാഭ്യാസ സർവേയുടെ ഭാഗമായി യു.ജി.സി പുറത്തുവിട്ടിരുന്നു. പ്രധാനമായും മൂന്നാംലോക രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് വിദ്യാർഥികളെത്തുന്നതെന്നും ഇതില്‍ കേരളത്തിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്‍റർനാഷനലൈസേഷൻ ഓഫ് ഹയർ എജുക്കേഷൻ പദ്ധതിയുടെ ഭാഗമായി സർവകലാശാലകളില്‍ പ്രത്യേകം പ്രോഗ്രാം ഓഫിസർമാരെ നിയമിക്കണമെന്ന് യു.ജി.സി നിർദേശിച്ചിരുന്നു. പ്രോഗ്രാം ഓഫിസറായിരിക്കും സ്റ്റഡി ഇൻ കേരള പദ്ധതിയുടെ ഏകോപനം നിർവഹിക്കുക. കോഴ്സുകള്‍, സർവകലാശാലകള്‍, കോളജുകള്‍ എന്നിവ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കായി ഒറ്റ കേന്ദ്രവും (സിംഗിള്‍ പോയന്‍റ്) പദ്ധതിയുടെ ഭാഗമായി ഒരുക്കും. കേരളത്തിലെ സർവകലാശാലകളില്‍ കോഴ്സ് കാലാവധി നീളുന്നത് വിദേശ വിദ്യാർഥികള്‍ക്ക് വിസ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ളവ പരിഹരിക്കാനുള്ള നടപടിയും ഇതിന്‍റെ ഭാഗമായി സ്വീകരിക്കും. ഇന്ത്യൻ കൗണ്‍സില്‍ ഫോർ കള്‍ചറല്‍ റിലേഷൻസിന്‍റെ (ഐ.സി.സി.ആർ) സഹകരണത്തോട് കൂടിയായിരിക്കും സ്റ്റഡി ഇൻ കേരള പദ്ധതി നടപ്പാക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m