വലിയ മെത്രാപ്പൊലീത്താ, ദൈവീകതയും മാനുഷികതയും നിറഞ്ഞ സഭാശ്രേഷ്ഠൻ : മാർ ജോർജ് ആലഞ്ചേരി…

ഫീലിപ്പോസ് മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്താ ദൈവികതയും മാനുഷികതയും നിറഞ്ഞുനിന്ന സഭാശ്രേഷ്ഠനായിരുന്നുവെന്ന് സിറോ മലബാർ സഭ തലവനും കെ. സി ബി. സി അധ്യക്ഷനുമായ അഭിവന്ദ്യ മാർ ജോർജ് ആലഞ്ചേരി പിതാവ് പറഞ്ഞു.കരുത്താർന്ന സുവിശേഷപ്രസംഗങ്ങളിലൂടെ അദ്ദേഹം അനേകായിരങ്ങളെ ദൈവത്തിലേക്കും മനുഷ്യസേവനത്തിലേക്കും ആനയിച്ചു. സാഹോദര്യവും കാരുണ്യവും നിറഞ്ഞ സാമൂഹികപ്രവർത്തനങ്ങൾ വഴി അനേകർക്കു സംരക്ഷണവും ആശ്വാസവും നൽകി.
103-മത്തെ വയസിൽ നമ്മിൽനിന്നു വേർപിരിഞ്ഞുപോയ അദ്ദേഹം ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ഉന്നതരും സാധാരണക്കാരുമായ എല്ലാ മനുഷ്യർക്കും സ്വീകാര്യനായിരുന്നുവെന്നും പിതാവ് അനുസ്മരിച്ചു. നർമ്മംകലർന്ന സംഭാഷണങ്ങൾ അദ്ദേഹത്തിന്റെ സദസുകളെ സന്തോഷഭരിതമാക്കി. ഏല്ലാ വിഭാഗം ജനങ്ങളെയും ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വലിയ മെത്രാപ്പോലീത്ത സഭൈക്യരംഗത്തും സജീവമായിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറയുന്നു….കത്തോലിക്കാസഭയിൽ നവീകരണത്തിന്റെ വഴി തുറന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഫീലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി എക്യുമെനിക്കൽ പ്രതിനിധിയായി പങ്കെടുത്തിരുന്നതും അഭിവന്ദ്യ പിതാവ് ചൂണ്ടിക്കാട്ടി. മാർതോമ്മാ സഭയ്ക്ക് അദ്ദേഹം നൽകിയ ദിശാബോധം ഇതര സഭകൾക്കും മതസമൂഹങ്ങൾക്കും എന്നും പ്രചോദനം നൽകുന്നതായിരുന്നുവെന്നും കണ്ടറിഞ്ഞനാൾ മുതൽ അദ്ദേഹം
തന്നെ സ്നേഹിച്ചു; താൻ അദ്ദേഹത്തെയും. അദ്ദേഹത്തിൽ നിന്നും ലഭിച്ച പ്രചോദനങ്ങൾ തന്റെ ജീവിതത്തിനും സഭാശുശ്രൂഷകൾക്കും പ്രചോദനം നൽകിയിട്ടുണ്ടെന്നും പിതാവ് അനുസ്മരിച്ചു.
സ്നേഹം നിറഞ്ഞ ആദരാജ്ഞലികൾ അർപ്പിക്കുന്നതായി പിതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group