അനേകായിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ ജീവിതം പരിചയപ്പെടുത്തുന്ന ചിത്രകഥാ പുസ്തകം ശ്രദ്ധേയമാകുന്നു

അനേകായിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ ജീവിതം പരിചയപ്പെടുത്തുന്ന ചിത്രകഥാ പുസ്തകം ശ്രദ്ധേയമാകുന്നു. ഈശോയ്ക്കു വേണ്ടി ആധുനിക സാങ്കേതിക വിദ്യകൾ സമർത്ഥമായി വിനിയോഗിച്ച കാർലോയുടെ ജീവിതം ‘ഡിജിറ്റൽ ഡിസൈപ്പിൾ: കാർലോ അക്യുറ്റിസ് ആൻഡ് ദ യൂക്കരിസ്റ്റ്’ എന്ന പേരിലാണ് ചിത്രകഥയാക്കിയിരിക്കുന്നത്.

‘സൂപ്പർ ഹീറോകളെയും വീഡിയോ ഗെയിമുകളെയും ഇഷ്ടപ്പെട്ടിരുന്ന എല്ലാറ്റിനുമുപരി ദിവ്യകാരുണ്യനാഥനെ അഗാധമായി സ്‌നേഹിച്ച കംപ്യൂട്ടർ വിദഗ്ദ്ധൻ 15 വയസുകാരൻ കാർലോയെ പരിചയപ്പെടൂ,’ എന്ന വിവരണത്തോടെയാണ് പുസ്തകം വായനക്കാർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. അസാധാരണ ദൈവഭക്തിയുള്ള ഒരു സാധാരണ കൗമാരക്കാരന്റെ കഥ പങ്കുവെക്കുന്ന പുസ്തകത്തിലെ ചിത്രങ്ങൾ മാത്രമല്ല അവതരണ രീതിയും ശ്രദ്ധേയമാണെന്നാണ് നിരൂപണങ്ങൾ.

അമേരിക്കയിലെ വോയേജ് കോമിക്‌സും അഗസ്റ്റിൻ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് പ്രസിദ്ധീകരിച്ച ചിത്രകഥാ പുസ്തകത്തിന് 6.99 യു.എസ് ഡോളറാണ് വില. പ്രസിദ്ധീകരണങ്ങളിലൂടെ കത്തോലിക്കാ മൂല്യങ്ങൾ പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘വോയേജ് കോമിക്സി’ന്റെ സ്ഥാപകൻ കൂടിയായ ഫിലിപ്പ് കോസ്ലോസ്‌കിയാണ് പുസ്തകത്തിന്റെ രചയിതാവ്. കാർലോയുടെ ജീവിതം അടുത്തറിഞ്ഞതാണ് തന്റെ പുസ്തക രചനയ്ക്ക് പ്രചോദനമായതെന്ന് വിസ്‌കോൺസിൻ സ്വദേശിയായ യുവസാഹിത്യകാരൻ സാക്ഷ്യപ്പെടുത്തുന്നു.

‘സൈബർ അപ്പോസ്തൽ ഓഫ് യൂക്കരിസ്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് 1991ൽ ലണ്ടനിലാണ് ജനിച്ചത്. ലുക്കീമിയ ബാധിതനായി 2006 ഒക്ടോബർ 12ന് ഇഹലോകവാസം വെടിഞ്ഞു. കേവലം 15 വയസുവരെ മാത്രം ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലംകൊണ്ടുതന്നെ അനേകരെ വിശ്വാസ വഴിയിലേക്ക് നയിച്ചതിലൂടെയാണ് അക്യുറ്റിസ് ശ്രദ്ധേയനായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group