വ്യാജ വാർത്തകളെയും വളച്ചൊടിക്കലുകളെയും തള്ളി കെസിബിസി : സ്വവർഗ്ഗ ലൈംഗികതയെപ്പറ്റിയുള്ള സഭാ പ്രബോധനത്തിൽ മാറ്റമില്ല

 കൊച്ചി: കുടുംബ ജീവിതത്തെക്കുറിച്ചും സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാസഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന് കെസിബിസി വ്യക്തമാക്കി. എവ്ജനി  അഫിനിവ്‌സ്‌കി എന്ന റഷ്യൻ സംവിധായകൻ ‘ഫ്രാൻചെസ്‌കോ’ എന്ന പേരിൽ പുറത്തിറക്കുന്ന ഡോക്യു മെന്ററിയിൽ സ്വവർഗ്ഗവിവാഹത്തിന്റെ സാധുതയെ ഫ്രാൻസിസ് മാർപാപ്പ ന്യായീകരിച്ചു എന്ന വാർത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്.വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള വിശ്വാസപരമായ പ്രബോധനങ്ങൾ ഡോക്യുമെന്ററികളിലൂടെയല്ല സഭ നടത്താറുള്ളത്. ‘എൽജിബിടി’ അവസ്ഥകളിലുള്ളവർ  ദൈവമക്കളാണെന്നും മാനുഷികമായ എല്ലാ കരുതലും പരിഗണനയും സ്‌നേഹവും അവർ അർഹിക്കുന്നുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ അർജന്റീനയിൽ ബ്യുയൂനസ്‌ ഐറിസ് ആർച്ചു ബിഷപ്പായിരിക്കെ പഠിപ്പിച്ചിട്ടുള്ളതാണ്.

സ്വവർഗ്ഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്കു കുടുംബത്തിനു തുല്യമായ നിയമപരിരക്ഷ നൽകണമെന്നു മാർപാപ്പ പറഞ്ഞതായി മാധ്യമങ്ങളിൽ വരുന്ന വാർത്ത തെറ്റാണ്. സ്വവർഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്കാസഭ കരുതുന്നില്ല, എന്നാൽ ഇതിനെ സിവിൽ ബന്ധമായി വിവിധ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇപ്രകാരം സിവിൽ ബന്ധങ്ങളിൽ ജീവിക്കുന്നവരുടെ അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണ്. കുടുംബത്തെക്കുറിച്ചുള്ള സിനഡിനു ശേഷം പുറപ്പെടുവിച്ച ‘സ്‌നേഹത്തിന്റെ സന്തോഷം’എന്ന (Amoris laetitia)  പ്രബോധനരേഖയിൽ  പ്രതിപാദിക്കുന്ന അജപാലന ആഭിമുഖ്യമാണ് ഈ വിഷയത്തിൽ മാർപാപ്പായുടെ ഔദ്യോഗിക നിലപാട്. ഈ നിലപാടിൽ മാർപാപ്പ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു കെ. സി. ബി. സി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി.  

പരിസ്ഥിതി,ദാരിദ്ര്യം,കുടിയേറ്റം, എന്നീ വിഷയങ്ങൾക്കൊപ്പം സ്വവർഗാരോഗികളോടും പുരോഹിതരുടെ  ലൈംഗീക അതിക്രമത്തിന്  ഇടയായവരോടുമുള്ള മാർപാപ്പയുടെ നിലപാടും അനുകമ്പയും പ്രമേയക്കിയുള്ള ഡോക്യൂമെന്ററിക്കായി നൽകിയ അഭിമുഖത്തിലാണ് മാർപ്പാപ്പയുടെ ഈ പരാമർശം.
വത്തിക്കാനിലെ സുപ്രധാനമായ ദൃശ്യങ്ങളും ഔദ്യോഗിക ശേഖരത്തിലുള്ള രേഖകളും  ഉൾപ്പെടുത്തിയാണ്  എവ്‌ജെനി അഫ്‌നിവസ്കി തന്റെ ഡോക്യൂമെന്ററി  തയ്യാറാക്കുന്നതെന്നതും ശ്രദ്ധേയമാണ്.ചിലയിൽ പുരോഹിതരുടെ ലൈംഗീകാതിക്രമത്തിനു ഇരയായ സ്വവർഗ അനുരാഗിയായ യുവാവും ഡോക്യൂമെന്ററിയിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്.

ലൈംഗിക ധാർമ്മികതയെക്കുറിച്ച് നാളിതുവരെ സഭ നൽകിയിട്ടുള്ള പ്രബോധനത്തെ നിരാകരിക്കുന്ന യാതൊരു നിലപാടും ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചിട്ടില്ലെന്നും വ്യാജവാർത്തകളിൽ  വിശ്വാസികളും പൊതുസമൂഹവും തെറ്റിദ്ധരിക്കപ്പെടരുതെന്നും പ്രസ്താവനയിൽ പറയുന്നു.ചുരുക്കത്തിൽ സ്വവർഗ്ഗലൈംഗികതയുടെ ആഭിമുഖ്യങ്ങളെയും പ്രവണതകളെയും പാപമായിട്ടല്ല, മറിച്ച് ഒരു ക്രമരാഹിത്യമായിട്ടാണ് സഭ കാണുന്നതെന്ന് ഇതിൽനിന്നും വ്യക്തമാണ്. ഈ ആഭിമുഖ്യങ്ങളും പ്രവണതകളും സ്വവർഗ്ഗലൈംഗികതയുടെ പ്രവർത്തികളായി മാറുമ്പോഴാണ് പാപകരമായിത്തീരുന്നതെന്ന കാഴ്ചപ്പാടാണ് ഈ വിഷയത്തിൽ സഭ സ്വീകരിച്ചിട്ടുള്ളത്.   സ്വവർഗ്ഗനുരാഗികൾക്കും  കുടുംബത്തിൽ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും, അവരും ദൈവമക്കളാണെന്നും  പറയുന്നതോടൊപ്പം, പാപ്പ, ആരെയും കുടുംബത്തിൽ നിന്ന് പുറത്താക്കാൻ ഉള്ള അധികാരം നമുക്ക് ഇല്ല എന്നും, സിവിൽ പരമായി അവർക്ക് സംരക്ഷണം വേണമെന്നും കൂട്ടിച്ചേർത്തു