തലശ്ശേരി: രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോൺഗ്രസ് യുവ നേതാവായ ചാണ്ടി ഉമ്മൻ ഹാഗിയ സോഫിയ വിഷയത്തിൽ നടത്തിയ പ്രസംഗം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കെസിവൈഎം തലശ്ശേരി അതിരൂപത അറിയിച്ചു. ഈ പ്രസംഗത്തെ അവജ്ഞയോടെ തള്ളിക്കളയാനെ സാധിക്കുകയുള്ളൂവെന്നും കെസിവൈഎം സമിതി ആരോപിച്ചു. തുർക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രൽ മോസ്ക് ആക്കിമാറ്റിയ എർദോഗന്റെ പ്രവൃത്തിയെ പ്രകീർത്തിച്ച് ചന്ദ്രികയിൽ മുഖലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. മുഖലേഖനം എഴുതിയ വ്യക്തിയെ പിന്തുണച്ചും ന്യായീകരിച്ചുമാണ് ചാണ്ടി ഉമ്മൻ സംസാരിച്ചത്. ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രസംഗങ്ങൾ അപലപനീയമാണെന്നും സമിതി കുറ്റപ്പെടുത്തി. വ്യാജ പ്രസ്താവനകളോട് പരസ്യമായി പ്രതികരിക്കേണ്ടി വരുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും കെസിവൈഎം വിളിച്ചുചേർത്ത യോഗത്തിൽ അറിയിച്ചു. തുർക്കിയിലെ ഹാഗിയ സോഫിയ കത്തീഡ്രൽ മതപീഡനത്തിന്റെ ഇരകൾക്കുവേണ്ടി നിലകൊള്ളുന്ന ചരിത്ര പാരമ്പര്യത്തിന്റെ സ്മാരകമാണെന്നും ഇതിനെ മോസ്ക് ആക്കിമാറ്റിയത് വഴി തുർക്കി ഭരണാധികാരി തിരുത്താനാവാത്ത വിധം വലിയ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും ഈ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് സമിതി അംഗങ്ങൾ അറിയിച്ചു. ചരിത്രത്തെ കുറിച്ചുള്ള അജ്ഞതയും ആളുകളുടെ കയ്യടി നേടാനുള്ള വ്യഗ്രതയും വൻതിരിച്ചടികൾക്ക് വഴിയൊരുക്കുമെന്നും കെസിവൈഎം യോഗത്തിൽ ഓർമ്മിപ്പിച്ചു. കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡന്റ് വിപിൻ മാറാട്ടുകുന്നേൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാദർ ജിൻസ് വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അമൽ ജോയി കൊന്നക്കൽ, ഡെപ്യൂട്ടി പ്രസിഡന്റ് ടോണി ജോസഫ്, സെക്രട്ടറി സനീഷ് പാറയിൽ, ട്രഷറർ ജിൻസ് മാമ്പുഴക്കൽ, ജോയിൻ സെക്രട്ടറി ഐശ്വര്യ കുറുമുട്ടം , ആനിമേറ്റർ സിസ്റ്റർ പ്രീതി മരിയ, കെസിവൈഎം സംസ്ഥാന ട്രഷറർ എബിൻ കൂമ്പുക്കൽ, സിൻഡിക്കേറ്റ് മെമ്പർ ചിഞ്ചു വട്ടപ്പാറ എന്നിവരും പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group