രാജ്യത്തിന്‍റെ എഐ ഹബ്ബാകാനൊരുങ്ങി കേരളം; അന്താരാഷ്ട്ര എഐ ഉച്ചകോടി കൊച്ചിയില്‍

നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയില്‍ രാജ്യത്തെ പ്രധാനകേന്ദ്രമായി(ഹബ്ബ്) കൊച്ചിയെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കം ആരംഭിച്ചു.

ഇതിന്‍റെ ആദ്യ പടിയെന്നോണം ഐബിഎം സോഫ്റ്റ്വെയറുമായി വ്യവസായമന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തി. ഐബിഎമ്മിന്‍റെ എഐ സാങ്കേതികവിദ്യയുടെ ഹബ്ബ് കൊച്ചിയില്‍ തുടങ്ങാന്‍ സീനിയര്‍ വൈസ്പ്രസിഡന്‍റ് ദിനേശ് നിര്‍മ്മലുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണായായി.

ഈ വര്‍ഷം മധ്യത്തോടെ കൊച്ചിയില്‍ അന്താരാഷ്ട്ര എഐ ഉച്ചകോടി നടത്തുമെന്ന് പി രാജീവ് പറഞ്ഞു. ഐബിഎമ്മിന്‍റെ എഐ ഹബ്ബായി കൊച്ചി മാറുന്നതോടെ ആഗോളതലത്തിലെ മികച്ച എഐ പ്രൊഫഷണലുകള്‍ കൊച്ചിയിലേക്കെത്തും. മികച്ച പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങിയെത്തും. പുതിയ ഐടി തലമുറയ്ക്കും ഇത് ഏറെ ഗുണകരമാകും. ഐബിഎമ്മിന്‍റെ ജീവനക്കാരുടെ എണ്ണം നിലവിലുള്ളതിന്‍റെ ഇരട്ടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐബിഎമ്മിന്‍റെ എഐ കേന്ദ്രം കൊച്ചിയിലേക്ക് മാറുന്നതോടെ മറ്റ് ആഗോള ഐടി കമ്ബനികളും സമാനമായ രീതിയില്‍ ചിന്തിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്‍ഫോപാര്‍ക്കിന്‍റെ രണ്ടാം ഘട്ടവും സ്മാര്‍ട്ട് സിറ്റിയുമെല്ലാം ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ജനറിക് എഐ എന്നതിനപ്പുറം ജനറേറ്റീവ് എഐ എന്ന ആശയമാണ് കൊച്ചി ഹബ്ബ് മുന്നോട്ടു വയ്ക്കുന്നതെന്ന് രാജീവ് പറഞ്ഞു. ബോയിംഗ് വിമാനക്കമ്ബനി പോലുള്ള ആഗോള ഭീമന്മാര്‍ ഐബിഎമ്മിന്‍റെ എഐ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ബോയിംഗിന്‍റെയടക്കം പ്രാതിനിധ്യം എഐ ഉച്ചകോടിയില്‍ എത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ-ഐടി വകുപ്പുകളും സര്‍വകലാശാലകളുടെയും സഹകരണ ത്തോടെയാണ് എഐ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് സുമന്‍ ബില്ല പറഞ്ഞു. സംസ്ഥാനത്തെ ഐടി പാര്‍ക്കുകള്‍, കെഎസ്യുഎം, ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല തുടങ്ങിയ എല്ലാ പങ്കാളികളുടെയും സഹകരണം ഇതിനുണ്ടാകും. രാജ്യത്തെ എഐ ഹബ്ബാകാനുള്ള കൊച്ചിയുടെ തയ്യാറെടുപ്പുകളും, സാധ്യതകളും ഈ ഉച്ചകോടിയില്‍ അവതരിപ്പിക്കും. ഉച്ചകോടിയുടെ നടത്തിപ്പ് ചുമതല കെഎസ്‌ഐഡിസിക്ക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെല്‍ട്രോണ്‍ സിഎംഡി എന്‍ നാരായണ മൂര്‍ത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു. സെമികണ്ടക്ടര്‍, ചിപ്പ് ഡിസൈന്‍ എന്നിവയ്ക്കുള്ള കേന്ദ്രം തുടങ്ങുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് സാംസങുമായി ചര്‍ച്ചകള്‍ നടത്താനും ധാരണയായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group