ആകാശപ്പറവകളുടെ സ്ഥാപകൻ ഫാദര്‍ ജോര്‍ജ്ജ് കുറ്റിക്കലിന്റെ സ്മരണകളിൽ കേരളസഭ

    അഗതികളുടെ പിതാവ്,ദിവ്യകാരുണ്യ പ്രേഷിതന്‍ എന്നെല്ലാം അറിയപ്പെട്ട ആകാശപ്പറവകളുടെ സ്ഥാപകന്‍ ബഹു. ജോര്‍ജ്ജ് കുറ്റിക്കലച്ചന്റെ സ്മരണകളിൽ കേരളസഭ.

    തെരുവിലെ അഗതികള്‍ക്കും അനാഥര്‍ക്കുമായി ജീവിതം ഉഴിഞ്ഞുവെച്ചവനും, ഭാരതം കണ്ട തീക്ഷ്ണമതിയായ ദിവ്യകാരുണ്യ പ്രേഷിതനുമായ ആകാശപ്പറവകളുടെ സ്ഥാപകന്‍ ബഹു.ജോര്‍ജ്ജ് കുറ്റിക്കലച്ചന്‍ വിടവാങ്ങിയിട്ട് 5 വര്‍ഷം തികയുകയാണ്. മനസിന്റെ താളം തെറ്റിയവരെയും വഴിയോരത്ത് അലയുന്നവരെയും സ്വന്തമായി സ്വീകരിച്ച് അവരെ ഒപ്പം പാര്‍പ്പിച്ച കുറ്റിക്കലച്ചന്റെ സുകൃതങ്ങള്‍ അസാധാരണമായ ദൈവാനുഭവമുള്ളവര്‍ക്കു മാത്രം ചെയ്യാന്‍ പറ്റുന്ന ശുശ്രൂഷയായാണെന്നത് നിസ്തര്‍ക്കം.

    ആലപ്പുഴ പുറക്കാട് കുറ്റിക്കല്‍ പി.സി. ജോസഫിന്റെയും ത്രേസ്യാമ്മയുടേയും ഏഴു മക്കളില്‍ രണ്ടാമനായി 1950 ജനുവരി 11നായിരുന്നു അനേകം മനുഷ്യഹൃദയങ്ങളില്‍ ദൈവസ്‌നേഹത്തിന്റെ തിരി തെളിയിച്ച ഈ അതുല്യ വ്യക്തിത്വത്തിന്റെ ജനനം.1967 ജൂണ്‍ 3- ന് അദ്ദേഹം ദിവ്യകാരുണ്യ മിഷിണറി സഭയില്‍ പ്രവേശിച്ചു. 1970 ജൂണ്‍ 11 ന് ആദ്യവ്രത വാഗ്ദാനം നടത്തി. 1977 മെയ് 15-ന് എറണാകുളം അതിരൂപതാ സഹായമെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്നും തിരുപട്ടം സ്വീകരിച്ചു.

    പാലക്കാട് കത്തീഡ്രല്‍ സഹവികാരിയായും, മുപ്പത്തടം ഇടവക വികാരിയായും നിയമിതനായ ജോര്‍ജച്ചന്‍ എംസിബിഎസ് സഭയുടെ വൊക്കേഷന്‍ പ്രൊമോട്ടറായും സഭയുടെ ദിവ്യകാരുണ്യ പ്രഘോഷക സംഘത്തോടൊപ്പവും ശുശ്രൂഷ നിര്‍വ്വഹിച്ചു. പ്രമുഖ പക്ഷി വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിക്കാന്‍ ഇടയായതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ ദിശ തിരിച്ചുവിടാന്‍ നിമിത്തമായത്. ദേശാടനം നടത്തി വരുന്ന സൈബീരിയന്‍ കൊക്കുകള്‍ക്ക് പോലും പേരിടുകയും സംരക്ഷണത്തിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ എത്രയോ മനുഷ്യര്‍ മേല്‍വിലാസമോ സുരക്ഷിതത്വമോ പാര്‍പ്പിടമോ ഇല്ലാതെ ആരാലും അറിയാതെ മണ്മറയുന്നു എന്ന ചിന്ത അദ്ദേഹത്തെ ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന കൂട്ടായ്മക്ക് അടിസ്ഥാനമിടാന്‍ പ്രേരിപ്പിച്ചു.അങ്ങനെ തൃശൂരിലെ പീച്ചിയ്ക്കടുത്ത് പുത്തൂര്‍ പഞ്ചായത്തിലെ ചെന്നായപ്പാറയില്‍ അഗതികള്‍ക്കും തെരുവുമക്കള്‍ക്കും താമസമൊരുക്കാന്‍ ആകാശപ്പറവകളുടെ ആദ്യ സ്ഥാപനമൊരുങ്ങി. ‘അഗതികളുടെ അമ്മ’ എന്ന് കീര്‍ത്തികേട്ട വിശുദ്ധ മദര്‍ തെരേസ തന്നെയാണ് 1994 ജനുവരി 18 ന് പ്രസ്തുത സ്ഥാപനം ഉദ്ഘാടനം ചെയ്തത് എന്നതും ശ്രദ്ധേയമായി .1997 ഡിസംബര്‍ 25 നു കുറ്റിക്കലച്ചന്‍ ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം സ്ഥാപിച്ചു. ദൈവത്തെപ്രതി പ്രേഷിത തീക്ഷ്ണതയില്‍ ജ്വലിച്ചു പ്രവര്‍ത്തിച്ച അപൂര്‍വ വ്യക്തിത്വമായിരുന്ന ഫാ. ജോര്‍ജ് കുറ്റിക്കല്‍ ആരാരുമില്ലാത്തവര്‍ക്ക് കൂടപ്പിറപ്പായി മാറുക വഴി വീണ്ടെടുത്തത് അസംഖ്യം ജീവിതങ്ങളില്‍ എന്നേക്കുമായി അണഞ്ഞെന്ന് കരുതിയ പ്രതീക്ഷയുടെ വെളിച്ചമായിരുന്നു.2017 ഡിസംബര്‍ 20 ന് ലോകത്തോട് എന്നേക്കുമായി വിടപറയുമ്പോഴേക്കും താന്‍ തുടങ്ങിവച്ച ദൗത്യം തുടരാനുള്ള ഒരു സമൂഹത്തിന് അദ്ദേഹം അടിത്തറ പാകിക്കഴിഞ്ഞിരുന്നു.ഇഹലോകവാസം വെടിഞ്ഞ് 5 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ക്രൈസ്തവ വിശ്വാസത്തിന്റെ ഈടുറ്റ സാക്ഷ്യമായും ദൈവസ്‌നേഹത്തിന്റെ അസാധാരണ പ്രതിഫലനമായും ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ഇന്നും കുറ്റിക്കലച്ചന്‍ ജീവിക്കുകയാണ്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

    Follow this link to join our WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group