കുട്ടനാട് ജീവിച്ചിരുന്നേ പറ്റൂ, കൊല്ലരുത്! :ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

കുട്ടനാടിനുവേണ്ടി പലരും ഇന്ന് ശബ്ദമുയർത്തുന്നു. മത്സരബുദ്ധിയോടെതന്നെ എന്നു പറയാം. 2018ലെ അസാധാരണമായ പ്രളയത്തോടുകൂടി ശക്തിപ്രാപിച്ച ഈ മുറവിളി ഇക്കാലത്ത് കൂടുതൽ തീവ്രമായിരിക്കുന്നു. പഠനശിബിരങ്ങളും അനുബന്ധചർച്ചകളും ഒരുവശത്ത്; മറുവശത്ത് ഈ നാടും ജനിച്ച വീടും ഉപേക്ഷിച്ച് സുരക്ഷിത പ്രദേശങ്ങളിൽ ചേക്കേറാൻ തത്രപ്പെടുന്ന ആളുകളും! കുട്ടനാടിന്റെ നിലനിൽപ്പിന് താത്കാലികാശ്വാസ പരിപാടികൾ പോരാ. പ്രശ്‌നങ്ങൾ ഗൗരവമായി കാണാനും വിദഗ്ധമായ ആസൂത്രണത്തിലൂടെ സമയബന്ധിതപദ്ധതികൾ നടപ്പാക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സന്നദ്ധമാകണം. ഇല്ലെങ്കിൽ കുട്ടനാട് ജനവാസമില്ലാത്ത ഒരു പ്രദേശമാകുകയും ഇവിടത്തെ കൃഷിഭൂമി ഉപേക്ഷിക്കപ്പെടുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കുട്ടനാട് മരിക്കും. മാനവരാശിക്കതൊരു തീരാനഷ്ടമാകും.
എന്തുകൊണ്ട് കുട്ടനാട് ജീവിച്ചിരിക്കണം?
കുട്ടനാടൻ ജനതയും ഈ പ്രദേശത്തിന്റെ പുനരുദ്ധാരണത്തിന് ചുമതലപ്പെട്ടവരും അതറിയണം. കുട്ടനാട് വെറുമൊരു ജലാശയമല്ല, മാലിന്യങ്ങളും പാഴ്വസ്തുക്കളും നിക്ഷേപിക്കാനുള്ള ചവറ്റുകൊട്ടയുമല്ല. കോരിത്തരിപ്പിക്കുന്നതും വിസ്മയം ജനിപ്പിക്കുന്നതുമായ ഒരു ചരിത്രം കുട്ടനാടിന് പറയുവാനുണ്ട്.
കുട്ടനാടിനെ കണ്ടെത്തൽ
‘മുറ്റത്തെ മുല്ലയ്ക്കു മണമില്ല’എന്ന ചൊല്ല് സൂചിപ്പിക്കുന്നതുപോലെ കുട്ടനാട് എന്ന മുല്ലയുടെ സുഗന്ധം തിരിച്ചറിയാൻ വിദേശരാജ്യങ്ങളിൽനിന്നു വിനോദസഞ്ചാരികൾ ഇവിടെ എത്തേണ്ടിവന്നു. അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇതെന്ന് ദിവസംതോറും ഹൗസ് ബോട്ടുകളിൽ കുട്ടനാട്ടിലെ ജലാശയങ്ങൾ സന്ദർശിച്ച് കടന്നുപോകുന്ന സഞ്ചാരികളുടെ എണ്ണം വ്യക്തമാക്കുന്നു.
ലോകത്തിൽ സമുദ്രനിരപ്പിനു താഴെ നിലകൊള്ളുന്ന ഭൂപ്രദേശങ്ങൾ അത്യപൂർവമാണ്. ഇക്കാര്യത്തിൽ യൂറോപ്പിലെ ഹോളണ്ടുപോലെ ശ്രദ്ധേയമാണ് കേരളത്തിലെ കുട്ടനാടെന്ന തിരിച്ചറിവാണ് വിദേശ വിനോദസഞ്ചാരികളെ ഇങ്ങോട്ടാകർഷിക്കുന്നതിന്റെ പ്രധാനകാരണം. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് 2.2 മുതൽ മൂന്നു വരെ മീറ്റർ സമുദ്രനിരപ്പിൽ താഴെയാണ്.
മനംകവരുന്ന ഭൂമിക
രമണീയമായ ഭൂപ്രകൃതിയാണ് കുട്ടനാടിന്റെത്. കുട്ടനാടൻ ഗ്രാമങ്ങളുടെ ശാലീനതയും സൗന്ദര്യവും മനുഷ്യമനസുകളിൽ സന്തോഷത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുന്നു. പച്ചപ്പട്ടു വിരിച്ച അതിവിശാലമായ നെൽപ്പാടങ്ങൾ, ദൃശ്യവിരുന്നൊരുക്കുന്ന കായലുകളും തടാകങ്ങളും പുഴകളും, പുഴയോരങ്ങളിൽ ആകാശം തൊടാനെന്നവിധം ഉയർന്നുനിൽക്കുന്ന തെങ്ങിൻതലപ്പുകൾ, കൊയ്ത്തുപാട്ടും ഞാറ്റുപാട്ടും ചക്രപ്പാട്ടും മകംപാട്ടുമൊക്കെ ഒരുക്കുന്ന സംഗീതപ്രപഞ്ചം, വയലേലകളിലെ കാറ്റിന്റെ അതിവശ്യമായ മൂളിപ്പാട്ട്. ഇവയൊക്കെ കുട്ടനാടെന്ന ഭൂമികയെ ഹൃദയഹാരിയാക്കുന്നു. പ്രകൃതിസ്‌നേഹികളുടെയും പക്ഷിനിരീക്ഷകരുടെയും ഫോട്ടോഗ്രഫേഴ്‌സിന്റെയും മനസിനെ ത്രസിപ്പിക്കുന്ന പ്രകൃതിരമണീയത- ഇവയെല്ലാമാണ് കുട്ടനാട്.
ലോകശ്രദ്ധയാർജിച്ച കൃഷിയിടം
കുട്ടനാട്ടിലെ ഭൂമിയുടെ 70 ശതമാനവും നെൽപ്പാടങ്ങളാണ്. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ നെല്ലുത്പാദനകേന്ദ്രമാണിത്. ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമാണ് നാടിന് അന്നം വിളന്പുന്നതിനു പിന്നിൽ കൈയും മെയ്യും മറന്ന് അധ്വാനിക്കുന്നത്. വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിക്ഷോഭങ്ങളോട് പടവെട്ടി വയലേലകളിൽ കനകം വിളയിക്കുന്ന കുട്ടനാടൻ കർഷകരുടെ മനോധൈര്യം പ്രശംസനീയമാണ്. ഉറച്ച ദൈവവിശ്വാസത്തിൽനിന്നും ഉരുത്തിരിയുന്ന ദൈവാശ്രയബോധമാണ് വെല്ലുവിളികൾക്ക് മുമ്പിൽ നഷ്ടധൈര്യരാകാതിരിക്കാൻ ശക്തിപകരുന്നത്. മറ്റു പ്രദേശങ്ങളിൽ കർഷകരുടെ ആത്മഹത്യകളെപ്പറ്റി കേൾക്കാറുണ്ടെങ്കിലും കുട്ടനാട്ടിൽ പൊതുവേ അങ്ങനെയൊന്നും സംഭവിക്കാത്തത് കർഷകരുടെ മതാത്മകതയുടെ കരുത്താണ് സൂചിപ്പിക്കുന്നത്.
കുട്ടനാടൻ കൃഷിയെപ്പറ്റി പറയുന്‌പോൾ കൃഷിരാജൻ ജോസഫ് മുരിക്കനെപ്പറ്റി പറയാതിരിക്കാനാവില്ല. കാർഷികരംഗത്ത് അതിസാഹസികതയുടെ വീരഗാഥ രചിച്ച വ്യക്തിയാണദ്ദേഹം. വേന്പനാട്ടുകായലിലെ ആഴങ്ങളെ കീഴടക്കി ബണ്ട് കുത്തിപ്പൊക്കി നെൽപ്പാടങ്ങൾ സൃഷ്ടിച്ചു കൃഷിയിറക്കിയ അദ്ഭുതമനുഷ്യനായിരുന്നു കാവാലംകാരനായിരുന്ന മുരിക്കൻ. കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കൃഷിരീതികളും മനസിലാക്കി ഐക്യരാഷ്ട്ര സംഘടന കുട്ടനാടിനെ അന്തർദേശീയ പ്രാധാന്യമുള്ള പൈതൃക കൃഷിഭൂമിയായി അംഗീകരിച്ചിരിക്കുകയാണ്.
ജലോത്സവങ്ങളുടെ നാട്
വെള്ളവും വള്ളവും കുട്ടനാടൻ ജനതയെ ആവേശഭരിതരാക്കുന്നു. വള്ളം ചുണ്ടൻവള്ളമാകുന്‌പോൾ ജനമനസുകളിൽ വഞ്ചിപ്പാട്ട് തിരതല്ലുകയായി. കേരളസംസ്‌കാരത്തിന്റെ ഒരു പ്രതീകമായി ചുണ്ടൻവള്ളത്തെ സ്വീകരിച്ചിരിക്കുന്നു. കുട്ടനാട്ടിലെ വള്ളംകളി വിനോദസഞ്ചാരികളുടെ മറ്റൊരു ആകർഷണമാണ്. ചരിത്രപ്രസിദ്ധമായ ചന്പക്കുളം മൂലം വള്ളംകളി, ജലപ്പരപ്പിലെ ഒളിന്പിക്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുന്നമടക്കായലിലെ നെഹ്‌റുട്രോഫി വള്ളംകളി, നീരേറ്റുപുറം വള്ളംകളി, പുളിങ്കുന്ന് വള്ളംകളി എന്നിവയാണ് കുട്ടനാട്ടിലെ മുഖ്യമത്സരങ്ങൾ.
വിശാലമായ ലോകത്തേക്ക്
യാത്രാസൗകര്യങ്ങൾ പരിമിതമായ കാലത്ത് കുട്ടനാട്ടിൽ ഉയർന്നുവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇളംതലമുറയുടെ അടിസ്ഥാനവിദ്യാഭ്യാസം ഉറപ്പാക്കി. പിന്നീട് ഉയർന്ന പഠനങ്ങൾക്കും അന്തർദേശീയ ബന്ധങ്ങൾക്കും അതു വഴിതെളിച്ചു. അതിന്റെയൊക്കെ പിന്നിലെ അധ്വാനവും ദീർഘവീക്ഷണവും എത്ര പ്രശംസിച്ചാലും മതിയാവില്ല. കുട്ടനാടിനു മാത്രമല്ല, രാജ്യത്തിനുതന്നെ അത് മുതൽക്കൂട്ടായി.
മതാത്മകവും ആത്മീയവുമായ അടിത്തറ
സഹകരണത്തിലും സൗഹാർദത്തിലും പടുത്തുയർത്തപ്പെട്ടതാണ് കുട്ടനാടൻ ജനതയുടെ ജീവിതം. കാർഷികമേഖലയുടെ പ്രത്യേകതകളും വെല്ലുവിളികളും സഹകരണം അനിവാര്യമാക്കി. കുട്ടനാടൻ പരിസ്ഥിതിയിൽ ഒറ്റപ്പെട്ടു ജീവിച്ചു വിജയിക്കുക എന്നത് അസാധ്യമാണ്. മതാത്മകവും ആത്മീയവുമായ അടിത്തറയിൽ വേരൂന്നിയ ജീവിതമാണ് കുട്ടനാടൻ സംസ്‌കാരത്തിന്റെ അന്തർധാര എന്നു പറയാം. പ്രകൃതി സമ്മാനിക്കുന്ന അപ്രതീക്ഷിതവും അസാധാരണവുമായ വെല്ലുവിളികളെയും തിരിച്ചടികളെയും അതിജീവിക്കാൻ ഈ മതാത്മകത ശക്തിപകർന്നു. കുട്ടനാട്ടിൽ ഉയർന്നുനിൽക്കുന്ന നിരവധി ആരാധനാലയങ്ങൾ- പള്ളികളും അന്പലങ്ങളും- അതിന്റെ നേർസാക്ഷ്യങ്ങളാണ്. അവിടെയൊക്കെ പുലരുന്ന മതസൗഹാർദം കുട്ടനാടൻ ജനതയുടെ പുണ്യമാണ്. എത്രയെത്ര പുണ്യപുരുഷന്മാർക്കാണ് കുട്ടനാട് ജന്മം കൊടുത്തിരിക്കുന്നത്!
മരിക്കുന്ന കുട്ടനാട്
ശരീരത്തിൽ രക്തപ്രവാഹം പോലെയാണ് കുട്ടനാട്ടിൽ നീരൊഴുക്ക്. അത് ബ്ലോക്ക് ചെയ്യപ്പെട്ടാൽ ജീവിതം അവസാനിക്കും. ഇന്ന് കുട്ടനാട്ടിലെ നീരൊഴുക്കിന് ബ്ലോക്കുകൾ ഉണ്ടായിരിക്കുന്നു. പ്രളയത്തിന് അതു കാരണമാകുന്നു. അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ കുട്ടനാട്ടിൽ ജനജീവിതം ദുഷ്‌കരമാകും. വിഷവസ്തുക്കളും മാലിന്യങ്ങളും കുട്ടനാട്ടിലെ വിപുലമായ ജലസന്പത്തിനെ വിഷദ്രാവകം ആക്കുന്നു. അതുവഴി രോഗങ്ങൾ വർധിക്കുന്നു; ആരോഗ്യം ക്ഷയിക്കുന്നു. ഇപ്രകാരമെല്ലാം നാടിന്റെ നെല്ലറ മരണഭീതി ഉയർത്തുന്‌പോൾ അത് ഉപേക്ഷിച്ചു പലായനം ചെയ്യാൻ ആളുകൾ നിർബന്ധിതരാകും.
ശരീരത്തെയും മനസിനെയും ആത്മാവിനെയും സന്പുഷ്ടമാക്കിയ കുട്ടനാട് മരിക്കരുത്, അതിനെ കൊല്ലരുത്. നമ്മുടെ പ്രിയപ്പെട്ട കുട്ടനാട് ജീവിച്ചേ തീരൂ! ഈ നാടിന്റെ വികസനത്തിന് സർക്കാരുകൾ മുൻകൈയെടുക്കണം. സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിക്കണം. അവയൊന്നും വാഗ്ദാനങ്ങളിൽ മാത്രം അവസാനിക്കരുത്. എല്ലാ നല്ല സംരംഭങ്ങൾക്കും ചങ്ങനാശേരി അതിരൂപതയുടെ പൂർണസഹകരണം ഉണ്ടായിരിക്കും.
ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം
കുട്ടനാടിനുവേണ്ടി പലരും ഇന്ന് ശബ്ദമുയർത്തുന്നു. മത്സരബുദ്ധിയോടെതന്നെ എന്നു പറയാം. 2018ലെ അസാധാരണമായ പ്രളയത്തോടുകൂടി ശക്തിപ്രാപിച്ച ഈ മുറവിളി ഇക്കാലത്ത് കൂടുതൽ തീവ്രമായിരിക്കുന്നു. പഠനശിബിരങ്ങളും അനുബന്ധചർച്ചകളും ഒരുവശത്ത്; മറുവശത്ത് ഈ നാടും ജനിച്ച വീടും ഉപേക്ഷിച്ച് സുരക്ഷിത പ്രദേശങ്ങളിൽ ചേക്കേറാൻ തത്രപ്പെടുന്ന ആളുകളും! കുട്ടനാടിന്റെ നിലനിൽപ്പിന് താത്കാലികാശ്വാസ പരിപാടികൾ പോരാ. പ്രശ്‌നങ്ങൾ ഗൗരവമായി കാണാനും വിദഗ്ധമായ ആസൂത്രണത്തിലൂടെ സമയബന്ധിതപദ്ധതികൾ നടപ്പാക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സന്നദ്ധമാകണം. ഇല്ലെങ്കിൽ കുട്ടനാട് ജനവാസമില്ലാത്ത ഒരു പ്രദേശമാകുകയും ഇവിടത്തെ കൃഷിഭൂമി ഉപേക്ഷിക്കപ്പെടുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കുട്ടനാട് മരിക്കും. മാനവരാശിക്കതൊരു തീരാനഷ്ടമാകും.
എന്തുകൊണ്ട് കുട്ടനാട് ജീവിച്ചിരിക്കണം?
കുട്ടനാടൻ ജനതയും ഈ പ്രദേശത്തിന്റെ പുനരുദ്ധാരണത്തിന് ചുമതലപ്പെട്ടവരും അതറിയണം. കുട്ടനാട് വെറുമൊരു ജലാശയമല്ല, മാലിന്യങ്ങളും പാഴ്വസ്തുക്കളും നിക്ഷേപിക്കാനുള്ള ചവറ്റുകൊട്ടയുമല്ല. കോരിത്തരിപ്പിക്കുന്നതും വിസ്മയം ജനിപ്പിക്കുന്നതുമായ ഒരു ചരിത്രം കുട്ടനാടിന് പറയുവാനുണ്ട്.
കുട്ടനാടിനെ കണ്ടെത്തൽ
‘മുറ്റത്തെ മുല്ലയ്ക്കു മണമില്ല’എന്ന ചൊല്ല് സൂചിപ്പിക്കുന്നതുപോലെ കുട്ടനാട് എന്ന മുല്ലയുടെ സുഗന്ധം തിരിച്ചറിയാൻ വിദേശരാജ്യങ്ങളിൽനിന്നു വിനോദസഞ്ചാരികൾ ഇവിടെ എത്തേണ്ടിവന്നു. അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇതെന്ന് ദിവസംതോറും ഹൗസ് ബോട്ടുകളിൽ കുട്ടനാട്ടിലെ ജലാശയങ്ങൾ സന്ദർശിച്ച് കടന്നുപോകുന്ന സഞ്ചാരികളുടെ എണ്ണം വ്യക്തമാക്കുന്നു.
ലോകത്തിൽ സമുദ്രനിരപ്പിനു താഴെ നിലകൊള്ളുന്ന ഭൂപ്രദേശങ്ങൾ അത്യപൂർവമാണ്. ഇക്കാര്യത്തിൽ യൂറോപ്പിലെ ഹോളണ്ടുപോലെ ശ്രദ്ധേയമാണ് കേരളത്തിലെ കുട്ടനാടെന്ന തിരിച്ചറിവാണ് വിദേശ വിനോദസഞ്ചാരികളെ ഇങ്ങോട്ടാകർഷിക്കുന്നതിന്റെ പ്രധാനകാരണം. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് 2.2 മുതൽ മൂന്നു വരെ മീറ്റർ സമുദ്രനിരപ്പിൽ താഴെയാണ്.
മനംകവരുന്ന ഭൂമിക
രമണീയമായ ഭൂപ്രകൃതിയാണ് കുട്ടനാടിന്റെ ത്. കുട്ടനാടൻ ഗ്രാമങ്ങളുടെ ശാലീനതയും സൗന്ദര്യവും മനുഷ്യമനസുകളിൽ സന്തോഷത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുന്നു. പച്ചപ്പട്ടു വിരിച്ച അതിവിശാലമായ നെൽപ്പാടങ്ങൾ, ദൃശ്യവിരുന്നൊരുക്കുന്ന കായലുകളും തടാകങ്ങളും പുഴകളും, പുഴയോരങ്ങളിൽ ആകാശം തൊടാനെന്നവിധം ഉയർന്നുനിൽക്കുന്ന തെങ്ങിൻതലപ്പുകൾ, കൊയ്ത്തുപാട്ടും ഞാറ്റുപാട്ടും ചക്രപ്പാട്ടും മകംപാട്ടുമൊക്കെ ഒരുക്കുന്ന സംഗീതപ്രപഞ്ചം, വയലേലകളിലെ കാറ്റിന്റെ അതിവശ്യമായ മൂളിപ്പാട്ട്. ഇവയൊക്കെ കുട്ടനാടെന്ന ഭൂമികയെ ഹൃദയഹാരിയാക്കുന്നു. പ്രകൃതിസ്‌നേഹികളുടെയും പക്ഷിനിരീക്ഷകരുടെയും ഫോട്ടോഗ്രഫേഴ്‌സിന്റെയും മനസിനെ ത്രസിപ്പിക്കുന്ന പ്രകൃതിരമണീയത- ഇവയെല്ലാമാണ് കുട്ടനാട്.
ലോകശ്രദ്ധയാർജിച്ച കൃഷിയിടം
കുട്ടനാട്ടിലെ ഭൂമിയുടെ 70 ശതമാനവും നെൽപ്പാടങ്ങളാണ്. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രമുഖ നെല്ലുത്പാദനകേന്ദ്രമാണിത്. ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമാണ് നാടിന് അന്നം വിളന്പുന്നതിനു പിന്നിൽ കൈയും മെയ്യും മറന്ന് അധ്വാനിക്കുന്നത്. വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിക്ഷോഭങ്ങളോട് പടവെട്ടി വയലേലകളിൽ കനകം വിളയിക്കുന്ന കുട്ടനാടൻ കർഷകരുടെ മനോധൈര്യം പ്രശംസനീയമാണ്. ഉറച്ച ദൈവവിശ്വാസത്തിൽനിന്നും ഉരുത്തിരിയുന്ന ദൈവാശ്രയബോധമാണ് വെല്ലുവിളികൾക്ക് മുമ്പിൽ നഷ്ടധൈര്യരാകാതിരിക്കാൻ ശക്തിപകരുന്നത്. മറ്റു പ്രദേശങ്ങളിൽ കർഷകരുടെ ആത്മഹത്യകളെപ്പറ്റി കേൾക്കാറുണ്ടെങ്കിലും കുട്ടനാട്ടിൽ പൊതുവേ അങ്ങനെയൊന്നും സംഭവിക്കാത്തത് കർഷകരുടെ മതാത്മകതയുടെ കരുത്താണ് സൂചിപ്പിക്കുന്നത്.
കുട്ടനാടൻ കൃഷിയെപ്പറ്റി പറയുന്‌പോൾ കൃഷിരാജൻ ജോസഫ് മുരിക്കനെപ്പറ്റി പറയാതിരിക്കാനാവില്ല. കാർഷികരംഗത്ത് അതിസാഹസികതയുടെ വീരഗാഥ രചിച്ച വ്യക്തിയാണദ്ദേഹം. വേന്പനാട്ടുകായലിലെ ആഴങ്ങളെ കീഴടക്കി ബണ്ട് കുത്തിപ്പൊക്കി നെൽപ്പാടങ്ങൾ സൃഷ്ടിച്ചു കൃഷിയിറക്കിയ അദ്ഭുതമനുഷ്യനായിരുന്നു കാവാലംകാരനായിരുന്ന മുരിക്കൻ. കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കൃഷിരീതികളും മനസിലാക്കി ഐക്യരാഷ്ട്ര സംഘടന കുട്ടനാടിനെ അന്തർദേശീയ പ്രാധാന്യമുള്ള പൈതൃക കൃഷിഭൂമിയായി അംഗീകരിച്ചിരിക്കുകയാണ്.
ജലോത്സവങ്ങളുടെ നാട്
വെള്ളവും വള്ളവും കുട്ടനാടൻ ജനതയെ ആവേശഭരിതരാക്കുന്നു. വള്ളം ചുണ്ടൻവള്ളമാകുന്‌പോൾ ജനമനസുകളിൽ വഞ്ചിപ്പാട്ട് തിരതല്ലുകയായി. കേരളസംസ്‌കാരത്തിന്റെ ഒരു പ്രതീകമായി ചുണ്ടൻവള്ളത്തെ സ്വീകരിച്ചിരിക്കുന്നു. കുട്ടനാട്ടിലെ വള്ളംകളി വിനോദസഞ്ചാരികളുടെ മറ്റൊരു ആകർഷണമാണ്. ചരിത്രപ്രസിദ്ധമായ ചന്പക്കുളം മൂലം വള്ളംകളി, ജലപ്പരപ്പിലെ ഒളിന്പിക്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുന്നമടക്കായലിലെ നെഹ്‌റുട്രോഫി വള്ളംകളി, നീരേറ്റുപുറം വള്ളംകളി, പുളിങ്കുന്ന് വള്ളംകളി എന്നിവയാണ് കുട്ടനാട്ടിലെ മുഖ്യമത്സരങ്ങൾ.
വിശാലമായ ലോകത്തേക്ക്
യാത്രാസൗകര്യങ്ങൾ പരിമിതമായ കാലത്ത് കുട്ടനാട്ടിൽ ഉയർന്നുവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇളംതലമുറയുടെ അടിസ്ഥാനവിദ്യാഭ്യാസം ഉറപ്പാക്കി. പിന്നീട് ഉയർന്ന പഠനങ്ങൾക്കും അന്തർദേശീയ ബന്ധങ്ങൾക്കും അതു വഴിതെളിച്ചു. അതിന്റെയൊക്കെ പിന്നിലെ അധ്വാനവും ദീർഘവീക്ഷണവും എത്ര പ്രശംസിച്ചാലും മതിയാവില്ല. കുട്ടനാടിനു മാത്രമല്ല, രാജ്യത്തിനുതന്നെ അത് മുതൽക്കൂട്ടായി.
മതാത്മകവും ആത്മീയവുമായ അടിത്തറ
സഹകരണത്തിലും സൗഹാർദത്തിലും പടുത്തുയർത്തപ്പെട്ടതാണ് കുട്ടനാടൻ ജനതയുടെ ജീവിതം. കാർഷികമേഖലയുടെ പ്രത്യേകതകളും വെല്ലുവിളികളും സഹകരണം അനിവാര്യമാക്കി. കുട്ടനാടൻ പരിസ്ഥിതിയിൽ ഒറ്റപ്പെട്ടു ജീവിച്ചു വിജയിക്കുക എന്നത് അസാധ്യമാണ്. മതാത്മകവും ആത്മീയവുമായ അടിത്തറയിൽ വേരൂന്നിയ ജീവിതമാണ് കുട്ടനാടൻ സംസ്‌കാരത്തിന്റെ അന്തർധാര എന്നു പറയാം. പ്രകൃതി സമ്മാനിക്കുന്ന അപ്രതീക്ഷിതവും അസാധാരണവുമായ വെല്ലുവിളികളെയും തിരിച്ചടികളെയും അതിജീവിക്കാൻ ഈ മതാത്മകത ശക്തിപകർന്നു. കുട്ടനാട്ടിൽ ഉയർന്നുനിൽക്കുന്ന നിരവധി ആരാധനാലയങ്ങൾ- പള്ളികളും അന്പലങ്ങളും- അതിന്റെ നേർസാക്ഷ്യങ്ങളാണ്. അവിടെയൊക്കെ പുലരുന്ന മതസൗഹാർദം കുട്ടനാടൻ ജനതയുടെ പുണ്യമാണ്. എത്രയെത്ര പുണ്യപുരുഷന്മാർക്കാണ് കുട്ടനാട് ജന്മം കൊടുത്തിരിക്കുന്നത്!
മരിക്കുന്ന കുട്ടനാട്
ശരീരത്തിൽ രക്തപ്രവാഹം പോലെയാണ് കുട്ടനാട്ടിൽ നീരൊഴുക്ക്. അത് ബ്ലോക്ക് ചെയ്യപ്പെട്ടാൽ ജീവിതം അവസാനിക്കും. ഇന്ന് കുട്ടനാട്ടിലെ നീരൊഴുക്കിന് ബ്ലോക്കുകൾ ഉണ്ടായിരിക്കുന്നു. പ്രളയത്തിന് അതു കാരണമാകുന്നു. അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ കുട്ടനാട്ടിൽ ജനജീവിതം ദുഷ്‌കരമാകും. വിഷവസ്തുക്കളും മാലിന്യങ്ങളും കുട്ടനാട്ടിലെ വിപുലമായ ജലസന്പത്തിനെ വിഷദ്രാവകം ആക്കുന്നു. അതുവഴി രോഗങ്ങൾ വർധിക്കുന്നു; ആരോഗ്യം ക്ഷയിക്കുന്നു. ഇപ്രകാരമെല്ലാം നാടിന്റെ നെല്ലറ മരണഭീതി ഉയർത്തുന്‌പോൾ അത് ഉപേക്ഷിച്ചു പലായനം ചെയ്യാൻ ആളുകൾ നിർബന്ധിതരാകും.
ശരീരത്തെയും മനസിനെയും ആത്മാവിനെയും സന്പുഷ്ടമാക്കിയ കുട്ടനാട് മരിക്കരുത്, അതിനെ കൊല്ലരുത്. നമ്മുടെ പ്രിയപ്പെട്ട കുട്ടനാട് ജീവിച്ചേ തീരൂ! ഈ നാടിന്റെ വികസനത്തിന് സർക്കാരുകൾ മുൻകൈയെടുക്കണം. സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിക്കണം. അവയൊന്നും വാഗ്ദാനങ്ങളിൽ മാത്രം അവസാനിക്കരുത്. എല്ലാ നല്ല സംരംഭങ്ങൾക്കും ചങ്ങനാശേരി അതിരൂപതയുടെ പൂർണസഹകരണം ഉണ്ടായിരിക്കും.

ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group