മൂന്ന് പതിറ്റാണ്ട് കൊണ്ട് 1500ലധികം വീടുകൾ നിർമ്മിച്ചു നൽകിയ ഒരു മലയാളി വൈദീകന്റെ ത്രസിപ്പിക്കുന്ന ജീവിതാനുഭവങ്ങൾ

ഒരു പുരുഷായുസ്സ് കൊണ്ട് ഒരു ഭവനം പണിയാൻ പാടുപെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ തന്റെ 31 വർഷത്തെ പൗരോഹിത്യം ജീവിതത്തിൽ 1500ലധികo വീടുകൾ നിർമ്മിച്ചു നൽകി നിരവധി ജീവിതങ്ങളുടെ കണ്ണീരൊപ്പിയ വൈദികനാണ് ജോര്‍ജ് കണ്ണന്താനം എന്ന ക്ലരീഷ്യന്‍ വൈദികന്‍.

സ്വന്തമായി ഭവനം ഇല്ലാത്തതിന്റെ നൊമ്പരങ്ങളില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ നല്‍കുന്നതില്‍ ഒതുങ്ങിനില്ക്കുന്നതല്ല ഈ വൈദികന്റെ പ്രവര്‍ത്തന മേഖല. ലോകത്തിന്റെ ഏതു കോണില്‍ മനുഷ്യര്‍ വേദനിച്ചാലും അവരുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ ഫാ. കണ്ണന്താനം ഉണ്ടാകും. 2004 ഡിസംബര്‍ 26-ന് ലോകത്തെ ഞെട്ടിച്ച സുനാമിയില്‍ നിന്നു തുടങ്ങി ടര്‍ക്കിയില്‍ സമീപ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ അവിടേക്കുവരെ സഹായം എത്തിക്കുന്നതിന് ഈ വൈദികന്‍ മുമ്പിലുണ്ടായിരുന്നു. ശ്രീലങ്കയില്‍ ക്ഷാമം ഉണ്ടായപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. മണിപ്പൂരിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് ആഹാരവും വസ്ത്രവും മരുന്നുമടക്കമുള്ള സാധനങ്ങള്‍ എത്തിച്ചിരുന്നു.

2015-ലെ ഭൂമികുലുക്കത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിലേക്ക് ആദ്യം എത്തിയ സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ ഫാ. ജോര്‍ജ് കണ്ണന്താനമായിരുന്നു. വിമാനടിക്കറ്റിന് പണം ഇല്ലാതിരുന്നതിനാല്‍ സുഹൃത്തിനോട് കടംവാങ്ങിയ പണംകൊണ്ട് ടിക്കറ്റെടുത്തുപോയ ആള്‍ മൂന്നു വര്‍ഷം കൊണ്ട് 10 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് അവിടെ നടത്തിയത്. 600 താല്ക്കാലിക വീടുകളും 60 പെര്‍മനന്റ് വീടുകളും ഉയര്‍ന്നു. 2018-ല്‍ കേരളത്തില്‍ ഉണ്ടായ പ്രളയത്തെപ്പറ്റിയും പ്രകൃതിദുരന്തത്തെക്കുറിച്ചും അറിഞ്ഞ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കുമ്പോള്‍ അക്കൗണ്ടിലെ ബാലന്‍സ് 2800 രൂപയായിരുന്നു. എന്നാല്‍, അഞ്ച് കോടി രൂപയാണ് ദുരന്തത്തില്‍ നിന്നും കരകയറ്റുന്നതിനായി വയനാട്ടില്‍ ചെലവഴിച്ചത്. വയനാട്ടില്‍ 25 വീടുകള്‍ ഉയര്‍ന്നു. അതില്‍നിന്നെല്ലാം വ്യത്യസ്തമായി വിപ്ലവകരമായ ഒരു ആശയത്തിനാണ് ‘പ്രൊജക്ട് ഷെല്‍ട്ടര്‍’ എന്നു പേരു നല്‍കിയിരിക്കുന്ന ഭവനനിര്‍മാണ പദ്ധതിയിലൂടെ ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.കൂടാതെ മദ്യപാനികള്‍ക്കായി 1999-ല്‍ 15 കിടക്കകളുമായി ബല്‍ഗാമില്‍ ഹോപ് റിക്കവറി സെന്റര്‍ ആരംഭിച്ചു. ഇപ്പോള്‍ നോര്‍ത്ത് കര്‍ണാടകയിലെ ഏറ്റവും വലിയ ഡി അഡിക്ഷന്‍ സെന്ററായി അതു വളര്‍ന്നു കഴിഞ്ഞു. രണ്ടാമത്തെ ഡി അഡിക്ഷന്‍ സെന്റര്‍ ഗോവയില്‍ ഉടന്‍ തുറക്കും. 1994-മുതല്‍ 98 വരെ കര്‍ണാടകയിലെ പ്രിസണ്‍ മിനിസ്ട്രിയുടെ കോ-ഓര്‍ഡിനേറ്ററായിരുന്നു. തുടര്‍ന്ന് 2001-മുതല്‍ 2013 വരെ ബംഗളൂരിലെ സുമനഹള്ളി പ്രൊജക്ട് ഡയറക്ടറായിരുന്നു.

തുടര്‍ന്നാണ് ഫാ. കണ്ണന്താനം ‘പ്രൊജക്ട് വിഷന്’ രൂപം നല്‍കുന്നത്. നേത്രദാനരംഗത്ത് വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണ് അച്ചന്‍ കാഴ്ചവച്ചത്. 10 വര്‍ഷങ്ങള്‍ കൊണ്ട് 5 ലക്ഷം നേത്രദാന സമ്മതപത്രങ്ങള്‍ ലഭിച്ചു. നേത്രങ്ങള്‍ ലഭിച്ചതു വഴി 600 പേരെ കാഴ്ചയുടെ ലോകത്തേക്ക് എത്തിക്കാന്‍ സാധിച്ചു. 10,000-ത്തിലധികം തിമിര ശസ്ത്രക്രിയയകള്‍ നടത്താന്‍ സാഹചര്യമൊരുക്കി. നേത്രദാന സന്ദേശം എത്തിക്കുന്നതിനായി ലോക കാഴ്ച ദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ബ്ലൈന്‍ഡ് വോക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലരീഷ്യന്‍ സഭയുടെ നേതൃത്വത്തില്‍ പ്രൊജക്ട് വിഷന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയില്‍ മുന്നോട്ടു പോകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group