എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന; എക്‌സിലൂടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ബിജെപിയുടെ മുതിർന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘എല്‍.കെ അദ്വാനിജിക്ക് ഭാരതരത്ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു’, മോദി എക്സില്‍ കുറിച്ചു.

നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് അദ്വാനിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ബൃഹത്തായതാണ്. താഴേത്തട്ടില്‍ പ്രവർത്തിച്ചു തുടങ്ങി, ഉപപ്രധാനമന്ത്രി എന്ന നിലയില്‍ രാഷ്ട്രത്തെ സേവിക്കുന്നതുവരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകള്‍ എല്ലായ്പ്പോഴും മാതൃകാപരവും സമ്പന്നമായ ഉള്‍ക്കാഴ്ച നിറഞ്ഞതുമായിരുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം സുതാര്യമായിരുന്നു. രാഷ്ട്രീയ ധാർമികതയില്‍ മാതൃകാപരമായ നിലപാടായിരുന്നു അദ്ദേഹത്തിൻറേത്. ദേശീയ ഐക്യത്തിനും സാംസ്കാരിക പുനരുജ്ജീവനത്തിനും വേണ്ടി അദ്ദേഹം സമാനതകളില്ലാത്ത ശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന് ഭാരതരത്ന നല്‍കിയത് തന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണ്. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനും എണ്ണമറ്റ അവസരങ്ങള്‍ ലഭിച്ചുവെന്നത് താൻ എപ്പോഴും അംഗീകാരമായി കണക്കാക്കുമെന്നും പ്രധാനമന്ത്രി എക്സിലൂടെ വ്യക്തമാക്കി.

അടല്‍ ബിഹാർ വാജ്പേയി സർക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്വാനി. 2002 മുതല്‍ 2004 വരെയായിരുന്നു അദ്ദേഹം ഇന്ത്യയുടെ ഏഴാമത്തെ ഉപപ്രധാനമന്ത്രിയായി രാഷ്ട്രത്തെ സേവിച്ചത്. ആഭ്യന്തര വകുപ്പടക്കം നിരവധി മന്ത്രാലയങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1970 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യസഭയിലും ലോക്സഭയിലുമായി പാർലമെന്റ് അംഗമായിരുന്നു അദ്വാനി.

ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തര മന്ത്രിയും ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തിയും കൂടിയാണ് അദ്വാനി. 2009-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group