തിരുവനന്തപുരം: സിനിമ മേഖലയില്‍ പ്രവർത്തിക്കുന്ന സ്ത്രീകള്‍ കടുത്ത ലൈംഗിക പീഡനവും ചൂഷണവും മനുഷ്യാവകാശ ലംഘനവും നേരിടുന്നതായി ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ട്.
മലയാള സിനിമ പത്തോ പതിനഞ്ചോ പേർ വരുന്ന ഒരു സംഘമാണു നിയന്ത്രിക്കുന്നത്. ഇവർക്ക് അനിഷ്ടമുണ്ടായാല്‍ സിനിമയില്‍നിന്നു വിലക്കുന്ന നിയമവിരുദ്ധമായ പ്രവർത്തനവും സിനിമയില്‍ വ്യാപകമാണ്.
ഇന്നലെ സർക്കാർ പുറത്തു വിട്ട 235 പേജുള്ള റിപ്പോർട്ടില്‍ വിവിധ രംഗങ്ങളില്‍ പ്രവർത്തിക്കുന്ന സ്‌ത്രീകള്‍ നേരിടുന്ന ചൂഷണവും പീഡനവും അക്കമിട്ടു നിരത്തുന്നുണ്ട്. ഇതു തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികളും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ജോലിസ്ഥലത്തും താമസസ്ഥലത്തും യാത്രയ്ക്കിടയിലും സ്ത്രീകള്‍ സുരക്ഷിതരല്ല.
ഹോട്ടല്‍ മുറിയില്‍ രാത്രികാലങ്ങളില്‍ മദ്യപിച്ചെത്തുന്നവർ കതകില്‍ മുട്ടി വിളിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. സിനിമയില്‍ ജോലിക്ക് കരാർ ഇല്ല. പലപ്പോഴും പറഞ്ഞ പ്രതിഫലം കൊടുക്കില്ല. ജോലി സ്ഥലത്തും ഫോണിലൂടെയും ചീത്തവിളിയും കേള്‍ക്കണം.
സിനിമാരംഗത്തേക്കു കടന്നു വരുന്പോള്‍ മുതല്‍ സ്ത്രീകള്‍ ചൂഷണത്തിനു വിധേയയാകുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഒഡീഷൻ സമയത്തുതന്നെ ഇതിനുള്ള സൂചനകള്‍ നല്‍കും. പ്രൊഡക്‌ഷൻ കണ്‍ട്രോളർതന്നെ പുതുമുഖങ്ങള്‍ക്ക് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കും.
‘അഡ്ജസ്റ്റ്മെന്‍റ് ‘, ‘കോംപ്രമൈസ് ‘ എന്നീ വാക്കുകളാണത്രെ ഇതിനായി ഉപയോഗിക്കുന്നത്. സിനിമ മേഖലയില്‍ പ്രശസ്തരായി നില്‍ക്കുന്ന പലരും ഇങ്ങനെയാണു സിനിമയില്‍ ഉയരങ്ങളിലെത്തിയതെന്ന് ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തും. ഒരിക്കല്‍ ഈ കുരുക്കില്‍ വീണാല്‍ പിന്നീടു പുറത്തു കടക്കാൻ സാധിക്കില്ല.
മലയാള സിനിമയിലെ വളരെ അറിയപ്പെടുന്നവരില്‍നിന്നുപോലും ലൈംഗികാതിക്രമമുണ്ടായി എന്നു പലരും മൊഴി നല്‍കുകയും ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍, വാട്സ് ആപ്പ് സന്ദേശങ്ങള്‍ തുടങ്ങിയ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു.
പീഡനവിവരം വീട്ടുകാരോടോ അടുപ്പക്കാരോടോ പോലും പറയാൻ പലപ്പോഴും നടിമാർ ഉള്‍പ്പെടെയുള്ളവർക്കു ഭയമാണ്.
പരാതി പറഞ്ഞാല്‍ അവരെ സിനിമയില്‍നിന്ന് ഒറ്റപ്പെടുത്തുകയോ പുറത്താക്കുകയോ ചെയ്യും. മാത്രമല്ല, പരാതിക്കാർക്കും കുടുംബക്കാർക്കും വരെയും ജീവനു ഭീഷണി ഉണ്ടാകുകയും ചെയ്യും. പരാതിയുമായി പോലീസിനെ സമീപിക്കാത്തത് മനസിലാക്കാവുന്നതേയുള്ളു.
അവസരങ്ങള്‍ ലഭിക്കാൻ കിടക്ക പങ്കിടാൻ തയാറായി വരുന്നവരുണ്ടെന്നു പലരും മൊഴി നല്‍കി. എന്നാല്‍ ഭൂരിപക്ഷവും അങ്ങനെയല്ല. മറ്റൊരു തൊഴില്‍ മേഖലയിലും ജോലിസ്ഥലത്തേക്ക് രക്ഷിതാക്കളെയുമായി പോകേണ്ട അവസ്ഥയില്ല. മറ്റൊരിടത്തും ജോലി ലഭിക്കാൻ ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ട സ്ഥിതിയില്ലെന്നും കമ്മീഷനു മുന്നിലെത്തിയ പലരും ചൂണ്ടിക്കാട്ടി.
ഔട്ട് ഡോർ ഷൂട്ടിംഗ് നടക്കുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു ടോയ്‌ലെറ്റ് സൗകര്യമോ വസ്ത്രം മാറുന്നതിനുള്ള സംവിധാനമോ പോലും ഏർപ്പെടുത്താറില്ല. കാരവൻ സൗകര്യം ചെയ്തു കൊടുക്കുന്നത് നായകനും നായികയ്ക്കും മാത്രമാണ്.
ടോയ്‌ലെറ്റ് സൗകര്യമില്ലാത്തതിനാല്‍ ജോലിക്കെത്തുന്ന പല സ്ത്രീകളും വെള്ളം കുടിക്കാറു പോലുമില്ല. ഇതുമൂലം ഇവർക്കു പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. സ്ത്രീകള്‍ക്കു സുരക്ഷിതത്വം നല്‍കാൻ സർക്കാർ സംവിധാനം വേണം.
ഔട്ട് ഡോർ ജോലിസ്ഥലങ്ങളില്‍ ഇ ടോയ്‌ലെറ്റ് സംവിധാനം വേണം. വസ്ത്രം മാറുന്നതിനായി അഴിച്ചുമാറ്റാവുന്ന തരത്തിലുള്ള കർട്ടണ്‍ സംവിധാനം ഒരുക്കാവുന്നതേയുള്ളൂ. കാരവൻ സുരക്ഷിതമല്ലെന്ന് സ്ത്രീകള്‍ തന്നെ അഭിപ്രായപ്പെട്ടു. ഒളികാമറ പോലെയുള്ള അപകടങ്ങള്‍ ഉണ്ടാകാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m