ഗോരഖ്പൂര്‍ രൂപതയുടെ ഇടയനായി മാര്‍ മാത്യു നെല്ലിക്കുന്നേല്‍ ചുമതലയേറ്റു

ഗോരഖ്പൂര്‍ രൂപതയുടെ ഇടയനായി മാര്‍ മാത്യു നെല്ലിക്കുന്നേല്‍ ചുമതലയേറ്റു .

ഖോരബാര്‍ സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ചുബിഷപ്പ് റാഫി മഞ്ഞളി, ബിഷപ്പ് തോമസ് തുരുത്തിമറ്റം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയില്‍ നെല്ലിക്കുന്നേല്‍ വര്‍ക്കി-മേരി ദമ്പതികളുടെ മൂത്തമകനായി 1970 നവംബര്‍ 13-നു ജനിച്ച ഫാ. മാത്യു, ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം സി.എസ്.റ്റി. സന്യാസ സമൂഹത്തിന്റെ പഞ്ചാബ് – രാജസ്ഥാന്‍ പ്രോവിന്‍സില്‍ ചേര്‍ന്ന് ഗോരഖ്പൂരിലുള്ള മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു. 1990ല്‍ ആദ്യവ്രതം ചെയ്ത അദ്ദേഹം 1996-ല്‍ നിത്യവ്രത വാഗ്ദാനം നടത്തി. വൈദികപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ അദ്ദേഹം 1998 ഡിസംബര്‍ മുപ്പതാം തീയതി കോതമംഗലം രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യസ്വീകരണത്തിനുശേഷം അസി. നോവിസ് മാസ്റ്റര്‍, മൈനര്‍ സെമിനാരി റെക്ടര്‍, ഇടവക വികാരി, സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഫാ. മാത്യു, 2005-ല്‍ ഉപരിപഠനത്തിനായി റോമിലേക്കു പോയി. റോമിലെ അഞ്ചേലിക്കം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ആലുവ ലിറ്റില്‍ ഫ്‌ളവര്‍ മേജര്‍ സെമിനാരിയില്‍ അധ്യാപകനായി നിയമിതനായി. തുടര്‍ന്ന് ജര്‍മ്മനിയിലെ റേഗന്‍സ്ബര്‍ഗ് രൂപതയില്‍ അജപാലനശുശ്രൂഷ ചെയ്തു. 2015 മുതല്‍ 2018 വരെ പഞ്ചാബ് – രാജസ്ഥാന്‍ ക്രിസ്തുജയന്തി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി സേവനമനുഷ്ഠിച്ചു. 2018-ല്‍ ആലുവ ലിറ്റില്‍ ഫ്‌ളവര്‍ മേജര്‍ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ നിര്‍വഹിച്ചുവരവെയാണ് ഗോരഖ്പൂര്‍ രൂപതയുടെ വൈദിക മേലധ്യക്ഷനാകാനുള്ള നിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group