മെയ്‌ 15: കൃഷിക്കാരനായിരുന്ന വിശുദ്ധ ഇസിദോര്‍

സ്പെയിനിലെ മാഡ്രിഡിലെ ദരിദ്രരായ കൃഷിക്കാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇസിദോര്‍ ജനിച്ചത്‌. സെവില്ലെയിലെ പ്രസിദ്ധനായ മെത്രാപ്പോലീത്തയുടെ ബഹുമാനാര്‍ത്ഥമാണ് വിശുദ്ധന്, ഇസിദോര്‍ എന്ന പേര് ലഭിക്കുവാന്‍ കാരണം. മാഡ്രിഡിനു പുറത്തുള്ള ടോറെഗാലഗൂനായിലുള്ള ധനികനായ ജോണ്‍ ഡി വെര്‍ഗാസിന്റെ കൃഷിതോട്ടത്തിലെ ദിവസ ജോലിക്കാരനായിരുന്നു ഇസിദോര്‍. ദരിദ്രയായ മരിയ ഡി ലാ കബെസാ എന്ന പെണ്‍കുട്ടിയേയായിരുന്നു വിശുദ്ധന്‍ വിവാഹം ചെയ്തിരുന്നത്‌. അവര്‍ക്ക്‌ ഒരു മകന്‍ പിറന്നെങ്കിലും ചെറുപ്പത്തില്‍ തന്നെ ആ കുട്ടി മരണപ്പെട്ടു. അതിനു ശേഷം ആ ദമ്പതികള്‍ ദൈവസേവനത്തില്‍ മുഴുകി ജീവിക്കുവാന്‍ തീരുമാനിച്ചു. ഇസിദോറിന്റെ ജീവിതം വളരെ ലളിതമായിരുന്നു. കാരുണ്യത്തിന്റേയും, വിശ്വാസത്തിന്റേയും ഒരു മാതൃകയായിരുന്നു വിശുദ്ധന്റെ ജീവിതം. ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴും പ്രാര്‍ത്ഥിക്കുക, ഒഴിവു സമയങ്ങളില്‍ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുക, തന്റെ ഭക്ഷണം പാവപ്പെട്ടവരുമായി പങ്ക് വെക്കുക തുടങ്ങിയവ വിശുദ്ധന്റെ പതിവായിരുന്നു.

ഇസിദോര്‍ വളരെയേറെ പരിശ്രമശാലിയായിരുന്നു, പക്ഷേ ഒരിക്കല്‍ വിശുദ്ധനെക്കുറിച്ചൊരു പരാതി അദ്ദേഹത്തിന്റെ തൊഴില്‍ദാതാവിന്റെ പക്കല്‍ എത്തി. അതിരാവിലെ വിശുദ്ധ കുര്‍ബ്ബാനക്ക് പള്ളിയില്‍ പോകുന്നതിനാല്‍ വിശുദ്ധന്‍ എല്ലാ ദിവസവും രാവിലെ വൈകിയാണ് ജോലിക്കെത്തുന്നത് എന്നായിരുന്നു പരാതി. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിശുദ്ധന്‍ അത് നിഷേധിക്കാതെ ഇപ്രകാരം മറുപടി കൊടുത്തു : “സര്‍, ഞാന്‍ എന്റെ ജോലിസ്ഥലത്ത്‌ മറ്റുള്ള ജോലിക്കാരില്‍ നിന്നും കുറച്ച് വൈകിയാണ് വരുന്നതെന്ന കാര്യം സത്യമാണ്. പ്രാര്‍ത്ഥനക്ക് വേണ്ടി ഞാന്‍ ചിലവാക്കുന്ന ആ കുറച്ച് മിനിട്ടുകള്‍ക്ക് പകരം എന്നാല്‍ കഴിയും വിധം ഞാന്‍ കൂടുതലായി ജോലി ചെയ്യാറുണ്ട്. എന്റെ ജോലിയും മറ്റുള്ളവരുടെ ജോലിയും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുവാന്‍ ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. ചെറുതായി പോലും ഞാന്‍ അങ്ങയെ വഞ്ചിച്ചിട്ടുള്ളതായി അങ്ങ് കണ്ട്പിടിക്കുകയാണെങ്കില്‍, എന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നും അതിനു വേണ്ട നഷ്ടപരിഹാരം ഞാന്‍ ചെയ്തുകൊള്ളാം.”

തൊഴിലുടമ അദ്ദേഹത്തോട് യാതൊന്നും തന്നെ പറഞ്ഞില്ല. എന്നിരുന്നാലും അദ്ദേഹം ഇക്കാര്യത്തില്‍ സംശയാലുവായിരുന്നു. ഇതിന്റെ സത്യം കണ്ട്പിടിക്കുവാനായി അദ്ദേഹം ഒരുദിവസം അതിരാവിലെ എഴുന്നേറ്റ് ദേവാലയത്തിന്റെ പുറത്ത് ഒളിച്ചു നിന്നു. ഈ സമയത്ത് വിശുദ്ധ ഇസിദോര്‍ അവിടെ വരികയും ദേവാലയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. കുര്‍ബ്ബാന കഴിഞ്ഞ ഉടന്‍തന്നെ അദ്ദേഹം തന്റെ ജോലിസ്ഥലത്തേക്ക് പോയി. അദ്ദേഹത്തെ പിന്തുടര്‍ന്ന മുതലാളി വിശുദ്ധന്‍ നുകമെടുത്തുകൊണ്ട് പാടത്തേക്ക് പോകുന്നത് കണ്ടു.

അദ്ദേഹം വിശുദ്ധനെ അഭിമുഖീകരിക്കുവാനായി തുനിഞ്ഞപ്പോള്‍, മഞ്ഞ് മൂടിയ ആ പ്രഭാതകിരണത്തിലൂടെ ഒരു വെളുത്തകാളയില്‍ പൂട്ടിയിരിക്കുന്ന നുകം വയലിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നതായി താന്‍ കണ്ടുവെന്ന് അദ്ദേഹത്തിന് തോന്നി. അമ്പരന്നുപോയ അദ്ദേഹം വയലിനു നെരെ ഓടിയെങ്കിലും വിശുദ്ധ ഇസിദോറിനേയും അദ്ദേഹത്തിന്റെ നുകത്തേയും മാത്രമാണ് കാണുവാന്‍ സാധിച്ചത്.

ഇതിനെക്കുറിച്ച് അദ്ദേഹം വിശുദ്ധനോട് ആരാഞ്ഞപ്പോള്‍ വിശുദ്ധന്‍ പറഞ്ഞു : “സര്‍, ഞാന്‍ ഒറ്റക്കാണ് ജോലിചെയ്യുന്നത്, എന്റെ ശക്തിക്കായി ഞാന്‍ ആശ്രയിക്കുന്ന ദൈവമല്ലാതെ മറ്റാരേയും ഞാന്‍ അറിയുകയുമില്ല” ഈ കഥ പരക്കെ വ്യാപിച്ചു. മാലാഖമാര്‍ പോലും വിശുദ്ധന്റെ ജോലിയില്‍ സഹായിക്കത്തക്കവിധം മഹത്തായിരുന്നു വിശുദ്ധന്റെ ദിവ്യത്വം. വിശുദ്ധന്‍ ദരിദ്രനായിരുന്നുവെങ്കിലും തനിക്ക് സാധിക്കുന്ന പോലെ ദാനധര്‍മ്മം ചെയ്യുമായിരുന്നു, പാവപ്പെട്ട ഉഴവുകാരനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സംസാരം നേരുള്ളതും, വ്യക്തവുമായിരുന്നു.

ശക്തമായ മഞ്ഞുള്ള ഒരു ദിവസം വിശുദ്ധന്‍ തന്റെ ഭാര്യ ശേഖരിച്ച ധാന്യം കുത്തിക്കുവാനായി മില്ലിലേക്ക് പോവുകയായിരുന്നു. അപ്പോള്‍ തണുത്തുറഞ്ഞ നിലത്ത് ഭക്ഷണത്തിനായി വൃഥാശ്രമിക്കുന്ന ഒരു കൂട്ടം പ്രാവുകളെ വിശുദ്ധന്‍ കണ്ടു. ആ പക്ഷികളോട് ദയ തോന്നിയ വിശുദ്ധന്‍ കണ്ടു നിന്നവരുടെ പരിഹാസത്തെ വകവെക്കാതെ തന്റെ ചാക്കിലെ പകുതിയോളം ധാന്യം നിലത്ത് വിതറി. പക്ഷേ അദ്ദേഹം മില്ലിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ചാക്ക് നിറഞ്ഞിരുന്നു, നിലത്ത് വീണ ധാന്യങ്ങള്‍ പ്രതീക്ഷിച്ചതിലും ഇരട്ടി ഫലം പുറപ്പെടുവിക്കുകയും ചെയ്തു.

ഇത്തരം ചെറിയ പ്രവര്‍ത്തികളെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നമുക്ക് കാണുവാന്‍ കഴിയുകയുള്ളൂ. വിശുദ്ധന്‍ ഏതെങ്കിലും രൂപത ഭരിച്ചിരുന്ന മെത്രാനോ, അല്ലെങ്കില്‍ തന്റെ വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച രക്തസാക്ഷിയോ അല്ലായിരുന്നു, വയലുകളിലും, തോട്ടങ്ങളിലും ദൈവത്തെ ശരിയായ വിധത്തില്‍ സേവിച്ച ഒരു ദൈവഭക്തനായിരുന്നു വിശുദ്ധ ഇസിദോര്‍. 1130-ലാണ് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group