സ്വർഗാരോഹണ തിരുനാൾ ദിവസം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാന മദ്ധ്യേ നൽകിയ സന്ദേശം

ഇന്നു സ്വർഗാരോഹണത്തിരുനാൾ. നമ്മുടെ കർത്താവായ ഈശോമിശിഹാ ഉത്ഥാനത്തിനുശേഷം നാല്പത് നാൾ ഭൂമിയിൽ തങ്ങി പന്ത്രണ്ടു പേർക്കും തന്നെ അടുത്ത് അനുഗമിച്ചിരുന്ന മറ്റു ശിഷ്യന്മാർക്കും പല പ്രാവശ്യം പ്രത്യക്ഷപ്പെട്ട് ഉത്ഥാനത്തിന്റെ യാഥാർത്ഥ്യം അവരെ ബോദ്ധ്യപ്പെടുത്തിയശേഷം അവർ നോക്കിനിൽക്കെ അവിടന്ന് സ്വർഗത്തിലേക്ക് ആരോഹണം ചെയ്തതിന്റെ അനുസ്മരണമാണ് ഈ തിരുനാൾ.സ്വർഗാരോഹണം ചെയ്ത ഈശോ പിതാവിനോടും പരിശുദ്ധാത്മാവിനോടും ഒപ്പമുള്ള തന്റെ സ്വർഗീയസാന്നിധ്യത്തിലാണ് ഇപ്പോൾ നമുക്കു രക്ഷയുടെ അനുഭവം നൽകുന്നത്. മാമോദീസാ മുതൽ മരണംവരെ തന്നിൽ വിശ്വസിക്കുവർക്ക് അവിടന്ന് ഈ രക്ഷയുടെ അനുഭവം നൽകുന്നു. ഉത്ഥാനം മുതൽ കർത്താവ് ആത്മാവാണ്. ‘The Lord is the Spirit’ (2 Cor. 3:17). ഏലിയായുടെ മേലങ്കി സ്വീകരിച്ച് ഏലീശ്വാ ഇരട്ടിശക്തി പ്രാപിച്ചതുപോലെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചതു മുതൽ നാം കർത്താവിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഏലിയായുടെ മേലങ്കിക്കു സമാനം മാമോദീസായിൽ ആത്മാവിലൂടെയുള്ള ജനനത്തിലൂടെ നമുക്കു കൃപാവരമാകുന്ന വെള്ളവസ്ത്രം ലഭിക്കുന്നു. കർത്താവിലുള്ള നമ്മുടെ ഉയിർപ്പിന്റെ അടയാളമാണിത്. മാമോദീസായിൽ പുനർജനനം പ്രാപിക്കുന്നവൻ കർത്താവിന്റെ കൃപാവരമാകുന്ന വസ്ത്രം ധരിക്കുന്നു. പിന്നീടു വിവാഹിതർക്കു ലഭിക്കുന്ന മന്ത്രകോടിയും വൈദികർ ധരിക്കുന്ന തിരുവസ്ത്രങ്ങളും സമർപ്പിതർ സ്വീകരിക്കുന്ന സന്യാസവസ്ത്രവുമെല്ലാം ആത്മാവിന്റെ ഫലങ്ങളും ദാനങ്ങളും സ്വീകരിച്ചു വിശുദ്ധിയിലുള്ള വളർച്ചയെ സൂചിപ്പിക്കുന്ന അടയാളങ്ങളാണ്. വിശുദ്ധിയുടെ വസ്ത്രം സ്വർഗത്തിൽ നാം അണിയാനിരിക്കുന്ന ധവള വസ്ത്രത്തിന്റെയും അടയാളമാണ്. സ്വർഗത്തിലെ സിംഹാസനത്തിനു ചുറ്റുമിരിക്കുന്ന ധവളവസ്ത്രധാരികളായ ശ്രേഷ്ഠന്മാരെയും പളുങ്കുകടൽപോലെയുള്ള വിശുദ്ധരുടെ സമൂഹത്തെയും കുറിച്ചു വെളിപാടുഗ്രന്ഥത്തിൽ നാം വായിക്കുന്നുണ്ടല്ലോ.സ്വർഗാരോഹണം ഒരിക്കൽ മിശിഹായിൽ സംഭവിച്ചു. അതിന്റെ തുടരനുഭവം ഈ ലോകത്തിൽ സംജാതമാകുവാൻ നമുക്കു കഴിയണം. രോഗങ്ങൾ, പീഡനങ്ങൾ, തിരസ്കരണങ്ങൾ, ജീവിതത്തകർച്ചകൾ ഇവയിൽനിന്നെല്ലാം അവയ്ക്കു വിധേയരാകുന്നവർ ഉത്ഥിതരും ആരോഹിതരുമാകേണ്ടിയിരിക്കുന്നു. അതുതന്നെയാണ് ഈശോയുടെ ഉത്ഥാനവും സ്വർഗാരോഹണവും നമുക്കു നൽകുന്ന സന്ദേശം. ഉത്ഥാനത്തിന്റെയും ആരോഹണത്തിന്റെയും അനുഭവം പാപികൾക്കും മർദിതർക്കും പീഡിതർക്കും ലഭിക്കണമെങ്കിൽ അങ്ങനെയുള്ളവരെ കൈപിടിച്ചുയർത്തി മരണംവരെയും മരണത്തിൽ നിന്ന് ഉത്ഥാനമഹത്വത്തിലേക്കും നയിക്കേണ്ടിയിരിക്കുന്നു. ഇതുതന്നെയാണു സഭയുടെ പൊതുവായ ദൗത്യം. സഭയിലെ വിവിധ ശുശ്രൂഷകരാണ് ഈ ദൗത്യം നിർവഹിക്കേണ്ടത്. കൊറോണ വൈറസ്ബാധയുടെ ദുരവസ്ഥയിലും അതിനു വിധേയരാകുന്നവർക്ക് ഉത്ഥാനത്തിന്റെയും സ്വർഗാരോഹണത്തിന്റെയും അനുഭവം കൊടുക്കാൻ നമുക്ക് എല്ലാവർക്കും കർമ്മനിരതരാകാം. ദൈവാരാധനയിലും പ്രാർത്ഥനയിലും ശക്തി സംഭരിക്കുകയും ആ ശക്തിയിൽ നമ്മുടെ ദൗത്യം നിർവഹിക്കുകയും ചെയ്യാം. ദൈവത്തിനു സ്തുതി!


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group